കൊലയാളി സംഘത്തില്‍ 3 പേരെന്ന് പ്രാഥമിക നിഗമനം; വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി കണ്ടെത്തി
Feb 18, 2019, 12:28 IST
- ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം, ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ആദ്യയോഗം ചേര്‍ന്നു
പെരിയ: (www.kasargodvartha.com 18/02/2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ടീമിന്റെ ആദ്യ യോഗം ചേര്‍ന്നു. മൂന്ന് പേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല നടന്ന സ്ഥലത്തുനിന്നും യുവാക്കളെ വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി കണ്ടെത്തിയിട്ടുണ്ട്. ക്രമസമാധാനനില പരിശോധിക്കാനായി കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യയ കാസര്‍കോട്ടെത്തിയിട്ടുണ്ട്.
കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്നാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പുറത്തു നിന്നുള്ളവരാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൃപേഷിന്റെ സഹോദരന്റെ ബൈക്കിലാണ് മരിച്ച യുവാക്കള്‍ സഞ്ചരിച്ചത്. കൊല നടന്ന ദിവസം പകല്‍ കെ എല്‍ 13, കെ എല്‍ 10 രജിസ്‌ട്രേഷനിലുള്ള രണ്ട് ജീപ്പുകള്‍ പെരിയ കല്യോട്ട് ഭാഗങ്ങള്‍ കറങ്ങുന്നുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
ഞായറാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (24), ശരത്ത്‌ലാല്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. പെരിയ കല്യോട്ടെ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമായിരുന്നു കൊലയില്‍ കലാശിച്ചത്. കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഘര്‍ഷം നടന്നത്.
Watch Video
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ വിലാപ യാത്രയായി പെരിയയിലേക്ക് കൊണ്ടുവരും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി എ സജീവന്റെ നേതൃത്വത്തില്‍ പോലീസ് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആസൂത്രിതമായ കൊലപാതകമാണ് കാസര്‍കോട്ടുണ്ടായതെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ പര്യടനം എറണാകുളത്ത് താത്കാലികമായി നിര്‍ത്തിവെച്ചാണ് തിങ്കളാഴ്ച അദ്ദേഹം കാസര്‍കോട്ടെത്തിയത്. മുല്ലപ്പള്ളിയും ചെന്നിത്തലയും മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Periya, Kasaragod, Kerala, Top-Headlines, Murder, Police, Crime, Investigation, Deadbody,Periya Twin Murder: investigation continues