ഹോമിയോ ആശുപത്രിയില്‍ ഒരു മാസത്തോളമായി ഡോക്ടറില്ല; മഹാമാരിയുടെ ദുരിതകാലത്ത് പ്രതിസന്ധിയിലായി രോഗികള്‍
കാസര്‍കോട്: (www.kasargodvartha.com 28.05.2021) തളങ്കരയില്‍ സ്ഥിതി ചെയ്യുന്ന ഹോമിയോ ആശുപത്രിയില്‍ ഒരു മാസത്തോളമായി ഡോക്ടറില്ലെന്ന് പരാതി. വൃദ്ധരും സ്ത്രീകളും ഉള്‍പെടെ നിരവധി പേരാണ് ദിനേന ആശുപത്രിയിലെത്തി മടങ്ങേണ്ടി വരുന്നത്. കുട്ടികളുമായി വരുന്നവരും ഏറെയാണ്. കാര്യം തിരക്കുമ്പോള്‍ ഡോക്ടര്‍ മീററിംഗിലാണ് എന്നാണ് ജീവനക്കാരുടെ മറുപടിയെന്ന് രോഗികള്‍ പറയുന്നു.
ഡോക്ടറടക്കം നാല് ജീവനക്കാരാണ് ഇവിടെയുള്ളത്. നൂറ് കണക്കിന് പേര്‍ ഹോമിയോ ചികിത്സയെ ആശ്രയിച്ച് ഇവിടെയെത്തുന്നുണ്ട്. മരുന്ന് തീര്‍ന്നവരും തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ഡോക്ടര്‍ ഇല്ലാത്ത അവസരത്തില്‍ പകരം സംവിധാനത്തിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
ആശുപത്രിയില്‍ സ്ഥിരമായി ഒരു ഡോക്ടറെ നിയമിക്കണമെന്ന് ദീനാര്‍ ഐക്യ വേദി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ദിനേന നിരവധി പേര്‍ മടങ്ങിപോവുന്നത് സ്ഥിരം കാഴ്ചയാണെന്നും ഇവര്‍ പറഞ്ഞു.