വാടക കെട്ടിടത്തിലെ ദുരിതങ്ങള്‍ക്ക് വിട; ബദിയഡുക്ക എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം ഒരുങ്ങി
ബദിയഡുക്ക: (www.kasargodvartha.com 12.10.2020) മയക്കുമരുന്നുകള്‍ക്കും വ്യാജമദ്യത്തിനുമെതിരേ ശക്തമായ പ്രവര്‍ത്തനം നടത്തുന്ന എക്സൈസ് ബദിയഡുക്ക റെയിഞ്ച് ഓഫീസിന് വാടക കെട്ടിടത്തിലെ ദുരിതങ്ങള്‍ക്ക് വിട. ബദിയഡുക്ക നഗരത്തില്‍ വകുപ്പിന്റെ സ്വന്തം സ്ഥലത്താണ് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഒരുങ്ങിയത്. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
നിലവില്‍ മുള്ളേരിയയില്‍ വാടക കെട്ടിടത്തിലാണ് എക്സൈസിന്റെ റെയിഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വകുപ്പിന്റെ കീഴിലുള്ള ബദിയഡുക്ക നഗരത്തിന് സമീപത്തെ 25 സെന്‍ഡ് ഭൂമിയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 4542 ചതുരശ്ര അടിയിലുള്ള ഇരുനില കെട്ടിടത്തിന് ഒരു കോടി രൂപയോളം ചെലവായതായി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് സതീഷ് പറഞ്ഞു.
2018 ജൂണില്‍ വകുപ്പ് മന്ത്രിയാണ് ഓഫീസിന് തറക്കല്ലിട്ടത്. ഓഫീസ് റൂം, ഇന്‍സ്പെക്ടര്‍ റൂം, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ റൂം, സെല്‍, വനിതാ വിഭാഗത്തിനുള്ള മുറി, സ്റ്റാഫ് റെസ്റ്റ് റൂം, തെളിവുകള്‍ സൂക്ഷിക്കുന്ന മുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
എല്ലാ എക്സൈസ് ഓഫീസുകള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ബദിയഡുക്ക, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ഇടുക്കിയിലെ തങ്കമണി റെയിഞ്ച് ഓഫീസുകള്‍ക്കും ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസിനും വേണ്ടി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, ഇ പി ജയരാജന്‍, എം എം മണി മുഖ്യാതിഥികളാവും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണ ഭട്ട്, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Badiyadukka, news, Kerala, Kasaragod, inauguration, Excise, Building, Video, Conference, Pinarayi-Vijayan, the new building for the Badiaduka Excise Office