രോഗികളെയും അവരുമായി ബന്ധപ്പെട്ടവരെയും കർണാടക അതിർത്തിയിൽ തടയരുതെന്ന് ഹൈകോടതി ഇടക്കാല ഉത്തരവ്; ഇടപെടൽ കെ ആര്‍ ജയാനന്ദയുടെ ഹർജിയിൽ
കാസർകോട്: (www.kasargodvartha.com 17.08.2021) രോഗികളെയും അവരുമായി ബന്ധപ്പെട്ടവരെയും കർണാടക അതിർത്തിയിൽ തടയരുതെന്ന് കേരള ഹൈകോടതി ഇടക്കാല ഉത്തരവിട്ടതായി സിപിഎം നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആംബുലൻസുകളിൽ മാത്രമല്ല സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന രോഗികളെയും കടത്തി വിടണമെന്ന് കോടതി നിർദേശം നൽകി. ഇതിനായി മെഡികൽ രേഖകൾ ഹാജരാക്കണം . സിപിഎം ജില്ലാ സെക്രടറിയേറ്റംഗം കെ ആര്‍ ജയാനന്ദയാണ് ഹർജി സമർപിച്ചത്.
ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കർണാടകയിലേക്ക് പ്രവേശിക്കാൻ ആര്‍ടിപിസിആര്‍ സെർടിഫികെറ്റ് നിർബന്ധമാക്കിയ തീരുമാനത്തിന് എതിരെയാണ് ഹർജി നൽകിയത്. തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും കോവിഡ് വാക്സിൻ എടുത്തവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
വിശദമായ വാദത്തിന് ഹർജി 25ന് വീണ്ടും പരിഗണിക്കുമെന്ന് നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കെ ആര്‍ ജയാനന്ദ, ഉമേഷ് സാലിയാൻ, അഡ്വ. ചന്ദ്രമോഹൻ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, Kasaragod, News, Video, High-Court, Press meet, Press Club, Karnataka, Patient's, Interim order of the High Court that not to bar patients and their associates at Karnataka border.