city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല; കരാറുകാര്‍ സമരത്തിലേക്ക്

കാസര്‍കോട്: (www.kasaragodvartha.com 29.01.2020) കരാറുകാരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണാത്ത സാഹചര്യത്തില്‍ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങുകയാണെന്ന് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നാലായിരം കോടി രൂപയാണ് ലഭിക്കാനുള്ളത്. കുടിശ്ശിക ചോദിക്കുന്ന കരാറുകാരോട് ജന്മിമാരെപ്പോലെ സംസാരിക്കുകയും വൈരാഗ്യബുദ്ധിയോടെ പുതിയ ഉത്തരവുകള്‍ ഇറക്കി ബുദ്ധിമുട്ടിക്കുന്ന പ്രവണതയാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും കണ്ടുവരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ എട്ടുമാസമായി 1300 കോടി രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2,200 കോടി രൂപയും മറ്റു വകുപ്പുകളിലായി 500 കോടി രൂപയുമാണ് കരാറുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇങ്ങനെയിരിക്കെയാണ് പുതിയ ഉത്തരവുകള്‍ ഇറക്കി കരാറുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഒരു കോടി രൂപയില്‍ താഴെയുള്ള പ്രവൃത്തികള്‍ക്ക് ടാര്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് വാങ്ങി നല്‍കിയിരുന്നത് നിര്‍ത്തലാക്കിയതെന്നും മാത്രമല്ല, എ ക്ലാസ് കരാറുകാര്‍ക്ക് ഒരു കോടി രൂപ, ബി ക്ലാസ് കരാറുകാര്‍ക്ക് 50 ലക്ഷം രൂപ, സി ക്ലാസ് കരാറുകാര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെ കാപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ നിന്ന് വാങ്ങി നല്‍കിയാലേ കരാറുകാരന്റെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂവെന്നും ഭാരവാഹികള്‍ പറഞ്ഞു.

കോടിക്കണക്കിന് രൂപ കരാറുകാര്‍ക്ക് ലഭിക്കാനുള്ളപ്പോഴാണ് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇത് ലഭിക്കാന്‍ 20,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ്ജായി പലരില്‍ നിന്നും ഈടാക്കുന്നത്. കരാറുകാര്‍ എഗ്രിമെന്റ് വെക്കുമ്പോള്‍ 200 രൂപയുടെ മുദ്രപത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. അത് കരാര്‍ തുകയുടെ 0.1 ശതമാനമോ, പരമാവധി ഒരു ലക്ഷം രൂപയോ ആയി ഉയര്‍ത്തി. കരാറുകാരന്‍ ചെയ്യുന്ന പ്രവൃത്തിയുടെ സെക്യൂരിറ്റി തുക അഞ്ച് ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ ആയിരുന്നു. ഇത് മൊത്തം കരാര്‍ തുകയുടെ അഞ്ചു ശതമാനമായി വര്‍ദ്ധിപ്പിച്ചു. കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് രണ്ടു വര്‍ഷമായിരുന്ന സെക്യൂരിറ്റി കാലാവധി ഏകപക്ഷീയമായി അഞ്ചു വര്‍ഷമായി ഉയര്‍ത്തി. കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ ഒരു വര്‍ഷവും, ഇന്ത്യന്‍ റെയില്‍വേയില്‍ സിവില്‍ വര്‍ക്കുകള്‍ക്ക് മൂന്നു മാസവും സെക്യൂരിറ്റി കാലാവധി ഉള്ളപ്പോഴാണ് ഇത്തരത്തില്‍ സമയപരിധി വര്‍ദ്ധിപ്പിച്ചത്. പി.എം.ജി.എസ്.വൈ പ്രവൃത്തികള്‍ ചെയ്യുന്ന കരാറുകാര്‍ക്ക് മൊത്തം കരാര്‍ തുകയുടെ 20 ശതമാനം അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സിനായി മാറ്റിവെക്കുന്നു. കേരളത്തില്‍ കരാറുകാരന്റെ ബാധ്യതയായി മെയിന്റനന്‍സ് മാറിയിരിക്കുന്നു. കൃത്യമായി പണികള്‍ പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ഒരു ശതമാനം ബോണസ് നല്‍കിയിരുന്നതും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു. കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി കൃത്യസമയത്ത് പണികള്‍ തീര്‍ക്കാന്‍ കഴിയാതെ വന്ന സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഇതൊന്നും പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് ബാധകമല്ലാത്ത രീതിയില്‍ വലിയ പിഴ കരാറുകാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുകൂടാതെ 2017-2018, 2018-2019 കാലഘട്ടത്തിലെ ചരക്കുസേവന നികുതി (ജി.എസ്.ടി) കരാറുകാര്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.



2012-2013 മുതല്‍ ഇങ്ങോട്ടുള്ള വാറ്റ് അടക്കണമെന്നു കാണിച്ചുകൊണ്ട് പല കരാറുകാര്‍ക്കും നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ബാധ്യത കൂടി കരാറുകാര്‍ ഏറ്റെടുക്കേണ്ട സ്ഥിതി വന്നിരിക്കുകയാണ്. എല്‍.എസ്.ജി.ഡി കരാര്‍ പ്രവൃത്തികള്‍ ചെയ്തവര്‍ക്ക് അഞ്ചു ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തികള്‍ക്ക് മുന്‍കൂറായി പണം (ബി.ഡി.എസ്) അനുവദിക്കുന്നതിന് വേണ്ടി പലിശ സര്‍ക്കാര്‍ വഹിക്കേണ്ടതാണ്. ഇതും കരാറുകാരന്റെ മേല്‍ കെട്ടിവെക്കുന്നു. കരാറുകാരന്‍ പണം കൊടുത്തുവാങ്ങുന്ന ടാറിന്റെ ഉപയോഗിച്ച ബാരലിന്റെ വിലവരെ കരാറുകാരന്റെ ബില്ലില്‍ നിന്നും പിടിച്ച് ഖജനാവിലേക്ക് മുതല്‍കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചെയ്ത പണിയുടെ പണം നല്‍കാതെയും പുതിയ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും കരാറുകാരനെ തളര്‍ത്തുന്ന ഈ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ മുഖ്യമന്ത്രിക്കും മുഴുവന്‍ മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ ഫെബ്രുവരി അഞ്ചു ബുധനാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുവാനും, കാസര്‍കോട് ജില്ലയിലെ മുഴുവന്‍ കരാറുകാരുടെ സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സംയുക്തസമരസമിതി രൂപീകരിച്ചുകൊണ്ട് സംസ്ഥാനതലത്തില്‍ ആരംഭിച്ച ടെന്‍ഡര്‍ ബഹിഷ്‌കരണം കാസര്‍കോട് ജില്ലയില്‍ കൂടി നടപ്പാക്കുവാനുമുള്ള പ്രതിഷേധ നടപടികളിലേക്ക് നീങ്ങുവാന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. മൊയ്തീന്‍കുട്ടി ഹാജി, ജില്ലാ പ്രസിഡന്റ് എം. ശ്രീകണ്ഠന്‍ നായര്‍, ജില്ലാ സെക്രട്ടറി എം.എ. നാസര്‍, ജില്ലാ ട്രഷറര്‍ ജോയ് ജോസഫ്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ എം.എം. നൗഷാദ്, റസാഖ് ബെദിര, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹനീഫ് ഹാജി പൈവളിഗെ, അഷ്‌റഫ് പെര്‍ള, മജീദ് ബെണ്ടിച്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല; കരാറുകാര്‍ സമരത്തിലേക്ക്


Keywords: Kasaragod, Kerala, news, Protest, Strike, Press meet, Video,   Govt. Contractors going to Strike < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia