വാട്സ് ആപിൽ വിഡീയോ കോളിൽ നഗ്നരായി സുന്ദരിമാർ; തട്ടിപ്പിൽ കുടുങ്ങിയവരിൽ കാസർകോട്ടുകാരും
Jun 25, 2021, 18:25 IST
കാസർകോട്: (www.kasargodvartha.com 25.06.2021) വാട്സ് ആപിൽ അപരിചിതരുടെ വീഡിയോ കോളുകൾ എടുത്ത് കുരുക്കിലായിരിക്കുന്നത് അനവധി പേർ. അപരിചിതമായ നമ്പറിൽ നിന്ന് വരുന്ന വീഡിയോ കോൾ എടുക്കുമ്പോൾ മറുതലക്കൽ നഗ്നരായി സുന്ദരിയായ സ്ത്രീയുണ്ടാവും. വീഡിയോ കോളിൽ ഒരു ഭാഗത്ത് ഫോൺ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുന്നതിനാൽ ഇത് കോൾ ചെയ്തവർ റെകോർഡ് ചെയ്യുകയോ സ്ക്രീൻ ഷോർട് എടുക്കുകയോ ചെയ്യുന്നു. കോൾ എടുത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയും മുമ്പേ റെകോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും.
നഗ്നയായ യുവതിക്കൊപ്പം വീഡിയോ കോൾ ചെയ്തു എന്ന തരത്തിൽ റെകോർഡ് ചെയ്ത വീഡിയോ അല്ലെങ്കിൽ ഫോടോ ഇരയ്ക്ക് അയച്ചു കൊടുക്കുന്നു. അതുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്നു. അവർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഇവ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്നാണ് ഭീഷണി. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി ഉയർത്തുന്നു.
ഫേസ്ബുക് വഴി സൗഹൃദം സ്ഥാപിച്ചും ഇങ്ങനെ കെണിയിൽ വീഴ്ത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചാറ്റ് ചെയ്ത് പ്രദേശത്തെ ഏതെങ്കിലും സംശയം ചോദിക്കാനെന്ന പേരിലോ മറ്റോ തന്ത്രത്തിലൂടെ ഇരയുടെ മൊബൈൽ നമ്പർ കൈക്കലാക്കുന്നു. ശേഷം വാട്സ് ആപിലൂടെ വിഡീയോ കോൾ ചെയ്ത് കുടുക്കുകയാണ് ചെയ്യുന്നത്. ഫേസ്ബുക് ഫ്രെൻഡ് ലിസ്റ്റിൽ ഉള്ളവർക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.
നാണക്കേട് മൂലം പലരും അവർ ആവശ്യപ്പെടുന്ന തുക നൽകി ഒഴിവാക്കുകയാണ് ചെയ്യുന്നത്. 2000 മുതൽ രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തിൽ ഇവർ കൈക്കലാക്കുന്നതായാണ് റിപോർടുകൾ. ഒരു തവണ പണം കൊടുത്താൽ കൂടുതൽ പണം വേണമെന്ന ആവശ്യവും ഉയർത്തുന്നു. മാനം ഭയന്ന് പലരും പൊലീസിൽ പരാതി നൽകാൻ ഭയക്കുന്നത് തട്ടിപ്പുകാർക്ക് വിലസാൻ അവസമരമാകുന്നു. പണം നൽകാത്തതിനാൽ ഇരയുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് ദൃശ്യങ്ങൾ അയച്ചു കൊടുത്ത കേസുകളും ഉണ്ടായിട്ടുണ്ട്.
കാസർകോട്ട് നിന്നും പലരും ഇങ്ങനെ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാസർകോട്ട് നിന്ന് പല പരാതികളും ലഭിച്ചതായി സൈബർ സെൽ ഉദ്യോഗസ്ഥൻ കാസർകോട് വാർത്തയോട് പറഞ്ഞു.
അറിയാതെ സംഭവിക്കുന്ന കാര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ കുഴയുമ്പോൾ ഭീഷണികൾക്ക് വഴങ്ങുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ഇവർ പറയുന്നത്. കുടുംബവും സുഹൃത്തുക്കളും ഇത് അറിഞ്ഞാലുള്ള ഭയമോർത്താണ് തട്ടിപ്പുകാരുടെ ഭീഷണിക്ക് വഴങ്ങുന്നത്. സ്ത്രീകളെ ഉന്നമിടുന്നതായും പരാതിയുണ്ട്. സ്ത്രീയാണ് ഫോൺ എടുക്കുന്നതെങ്കിൽ പുരുഷന്റെ ദൃശ്യമാണു മറുതലക്കൽ കാണിക്കുക.
കോൾ ചെയ്തവർ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാറുണ്ടെന്ന് ഇരയായവർ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കോളുകൾ വരുന്നത്. കോവിഡ് കാലത്താണ് ഇത്തരം കോളുകൾ വ്യാപകമായത്. പൊലീസും പലതവണ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപരിചിത നമ്പറുകളിൽ നിന്നുള്ള വീഡിയോ കോൾ എടുക്കരുതെന്നാണ് പൊലീസ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ അവരവരുടെ സ്വകാര്യ വിശദാംശങ്ങളും ഫോടോയും സുരക്ഷിതമാക്കാൻ കർശനമായ സ്വകാര്യതാ ഓപ്ഷനുകൾ പ്രയോഗിക്കാൻ പോലീസ് അഭ്യർഥിക്കുന്നുണ്ട്. കുടുങ്ങിയവർ മാനസികമായി തളരാതെ പൊലീസിന്റെ സഹായമാണ് തേടേണ്ടത്.
Keywords : Kerala, Kasaragod, News, Social-Media, Whatsapp, Video, Unknown-call, Phone-call, Fraud, Women, Top-Headlines, Fraudulent on WhatsApp video call; Kasargod residents were among those victims in the scam.
< !- START disable copy paste -->