പരപ്പ മുണ്ടത്തടം ക്വാറികള്‍ക്കെതിരായ സമരത്തിനു പിന്നില്‍ അന്യസംസ്ഥാന ലോബി; ക്രഷര്‍ ഉടമകള്‍, വ്യവസായികളെ മാഫിയകളാക്കിയ ഉണ്ണിത്താന്‍ എം പിയുടെ നടപടി ദൗര്‍ഭാഗ്യകരം
Jun 17, 2019, 21:01 IST
കാസര്‍കോട്: (www.kasargodvartha.com 17.06.2019) പരപ്പ മുണ്ടത്തടം അടക്കമുള്ള സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ക്വാറികള്‍ക്കെതിരായി നടക്കുന്ന സമരത്തിനു പിന്നില്‍ അന്യസംസ്ഥാന ലോബികളുടെ വാണിജ്യ താല്‍പര്യമാണെന്ന് കാസര്‍കോട് ജില്ലാ ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മണലിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ മെറ്റലും സംസ്ഥാനത്ത് കിട്ടാക്കനിയാക്കി മാറ്റി ചാക്കില്‍ എത്തിച്ചു വില കൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കാസര്‍കോട് ജില്ലാ ക്രഷര്‍ ഓണേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പത്തോളം വകുപ്പുകളില്‍ നിന്നും നിയമ പ്രകാരമുള്ള മുഴുവന്‍ അനുമതി വാങ്ങിയും എല്ലാ വ്യവസ്ഥകളും പാലിച്ചുമാണ് മുണ്ടത്തടം ക്വാറി പ്രവര്‍ത്തിക്കുന്നത്. എട്ട് വര്‍ഷത്തോളമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ഇതുവരെയില്ലാത്ത ആക്ഷേപവുമായി രംഗത്തുവന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്. ആളുകള്‍ക്ക് നടന്നുപോകുന്നതിനുള്ള റോഡും വഴിയുമൊന്നുമല്ല സമരക്കാരുടെ പ്രശ്‌നം. നടന്നുപോകാനുള്ള വഴിക്ക് പകരം 800 മീറ്റര്‍ ദൂരം റോഡ് തന്നെ പണിതുകൊടുക്കാമെന്ന് ഉടമ പറഞ്ഞിട്ടും സമരം തുടങ്ങിയതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ക്വോറികള്‍ പൂട്ടിയാല്‍ ഗുരുതരമായ ഭവിഷ്യത്താണ് നാട്ടില്‍ ഉണ്ടാവുക. മെറ്റലുകള്‍ കിട്ടാതാവുക മാത്രമല്ല പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലും നഷ്ടപ്പെടും. വീടുപണിക്കും റോഡുകളുടേയും പാലങ്ങളുടേയും നിര്‍മാണത്തിനും കെട്ടിടനിര്‍മാണത്തിനുമെല്ലാം മെറ്റല്‍ കൂടിയേ തീരൂ. മണലിന് ക്ഷാമമുണ്ടായപ്പോള്‍ പകരം ഉപയോഗിക്കുന്നതും ക്രഷറുകളില്‍ നിന്ന് കിട്ടുന്ന എം സാന്‍ഡ് ആണ്. സമരം മൂലം സംസ്ഥാനത്തെ ക്വാറികളോരോന്നായി പൂട്ടാന്‍ തുടങ്ങിയാല്‍ ഇപ്പോള്‍ മണല്‍ വാങ്ങുന്നതുപോലെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഭീമമായ വിലയ്ക്ക് മെറ്റലും വാങ്ങുന്ന അവസ്ഥ വരും. ഇതിന്റെ ഭാരവും ആത്യന്തികമായി എത്തുക സാധാരണ ജനങ്ങളിലേക്കായിരിക്കും. അതിന് വേണ്ടി അന്യസംസ്ഥാന ലോബി തന്നെ ഇത്തരം സമരങ്ങള്‍ക്ക് പിന്നില്‍ കറുത്തകൈയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു.
ഏഴ് കോടി രൂപ ബാങ്ക് ലോണെടുത്താണ് സ്ഥാപനം തുടങ്ങിയത്. പ്രദേശവാസികള്‍ക്ക് റോഡിനായി 800 മീറ്റര്‍ സ്ഥലം സ്വമേധയാ വിട്ടുകൊടുത്തിട്ടുണ്ട്. സ്ഥാപനം പ്രവര്‍ത്തിക്കാന്‍ സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും ഉണ്ടായിരുന്നു. പ്രദേശം പരിസ്ഥിതിലോല മേഖലയില്‍ പെട്ടതാണെന്നും അതുവഴി അരുവി ഒഴുകിയിരുന്നുവെന്നുമുള്ള പ്രചാരണം തെറ്റാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുണ്ടായിട്ടുണെങ്കില്‍ അത് പരിഹരിച്ചുകൊടുക്കാന്‍ തയ്യാറാണ്. കലക്ടറുടെ തീരുമാനപ്രകാരം സെസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ തന്നെ വ്യവസായ സംരഭകര്‍ക്കും അവരുടെ നിയമാനുസൃതം നടക്കുന്ന സ്ഥാപനങ്ങള്‍ക്കും അനാവശ്യമായ ബാഹ്യശക്തികളുടെ ഇടപെടലില്‍ നിന്നും സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ പരിരക്ഷ ഉറപ്പാക്കാതിരുന്നാല്‍ ഇവിടുത്തെ നിലവിലുള്ള വ്യവസായങ്ങളുടെയും വ്യാവസായിക സൗഹൃദാന്തരീക്ഷത്തിന്റെയും തകര്‍ച്ചയ്ക്കാണ് അത് കാരണമാവുക. കേന്ദ്ര-സംസ്ഥാന ഗവന്മെന്റുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ വകുപ്പിന്റെയും കമ്മറ്റികളുടെയും സൂക്ഷ്മമായ പഠനാന്തരം ലഭിച്ച ലൈസന്‍സുകളൂം അനുമതിപത്രങ്ങളും നേടിയ ശേഷം മാത്രമാണ് പരപ്പ മുണ്ടത്തടം ക്വാറി ക്രഷര്‍ സ്ഥാപനങ്ങള്‍ ജില്ലയിലും സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ള ആരോപണങ്ങള്‍ സമരക്കാരുടെ അജ്ഞത കൊണ്ടുണ്ടായതാണ്. ക്രഷര്‍ താല്‍ക്കാലികമായി അടച്ചത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എത്രയും വേഗത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ക്വാറി തുറക്കുന്നതിന് ജില്ലാ കലക്ടര്‍ നടപടി എടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി എം സാദിഖ്, സെക്രട്ടറി ഫാറൂഖ് കാസിമി, വൈസ് പ്രസിഡന്റ് കുമാരന്‍ മഠത്തില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ജില്ലാ രക്ഷാധികാരി എം നാഗരാജന്‍ എന്നിവര്‍ പങ്കെടുത്തു.
വ്യവസായികളെ മാഫിയകളാക്കിയ ഉണ്ണിത്താന്‍ എം പിയുടെ നടപടി ദൗര്‍ഭാഗ്യകരം
ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കേണ്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഒരു വ്യവസായ സ്ഥാപനം പൂട്ടിക്കണമെന്ന നിലപാട് കൈക്കൊള്ളുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ക്വാറി ഉടമകള്‍ പറഞ്ഞു. പരപ്പ മുണ്ടത്തടം സമരവുമായി ബന്ധപ്പെട്ട് എംപിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. നിയമനിര്‍മ്മാണ സഭയില്‍ അംഗമായ അദ്ദേഹം കാര്യങ്ങള്‍ പഠിക്കാതെയാണ് ഹൈക്കോടതിയുടെ നിയമപരിരക്ഷയുള്ള ഒരു സ്ഥാപനത്തിനെതിരെ സമരപന്തലില്‍ എത്തി പ്രസ്താവന നടത്തിയത്.
നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് കേരളത്തില്‍ വ്യവസായം ചെയ്യാന്‍ ഒരുങ്ങിയവര്‍ക്ക് സാമാന്യ നീതി നിഷേധിക്കുവാന്‍ ആഹ്വാനം ചെയ്തതില്‍ ദൂരൂഹത നിഴലിക്കുന്നു, വ്യവസായികളെ മുഴുവന്‍ മാഫിയകളായി ചിത്രീകരിക്കുന്ന നിലപാട് അദ്ദേഹം തിരുത്തണമെന്നും ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: Kasaragod, Kerala, News, Parappa, Strike, Rajmohan Unnithan, Top-Headlines, Foreign State Lobby Behind Struggle Against Parappa Mundadam Quarries.