പൊലീസ് ആളുമാറി കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മർദിച്ചതായി പരാതി; ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
Jul 9, 2021, 18:23 IST
കാസർകോട്: (www.kasargodvartha.com 09.07.2021) പൊലീസ് ആളുമാറി കസ്റ്റഡിയിൽ എടുത്ത് മർദിച്ചെന്ന് യുവാവിന്റെ പരാതി. യുവാവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാദുശ (24) ആണ് ആരോപണം ഉന്നയിക്കുന്നത്. ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
വിദ്യാനഗർ പൊലീസ് ബുധനാഴ്ചയാണ് ബിർമിനടുക്കയിലെ വാടക വീട്ടിൽ നിന്ന് ബാദുശയെ കസ്റ്റഡിയിലെടുത്തത്. ഉളിയത്തടുക്കയിലെ ഒരു കവർച കേസുമായി ബന്ധപ്പെട്ട് സാബിത് എന്ന പ്രതിയെ പിടികൂടാനാണ് പൊലീസ് മഫ്‌തിയിൽ വന്നത്. കേസിലെ കൂട്ടുപ്രതിയാണെന്ന് തെറ്റിദ്ധരിച്ചാണ് ബാദുശയെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് പറയുന്നത്. ബാദുശയെ ബലപ്രയോഗം നടത്തിയാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
കവർചാ കേസിലെ പരാതിക്കാരൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതി ഇയാളല്ലെന്ന് അറിയിച്ചതോടെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി ബാദുശയെ ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് യുവാവ് ചികിത്സ തേടുകയും ചെയ്‌തു. പൊലീസ് ക്രൂരമായി മർദിച്ചെന്ന് യുവാവ് പറയുന്നു.
എന്നാൽ പൊലീസിനെ കണ്ടപ്പോൾ സാബിതും ബാദുശയും ഓടുകയും തുടർന്ന് ബാദുശയെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്പലത്തറ സ്റ്റേഷനിലെ ഒരു കേസിൽ ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ യുവാവിന്റെ മൊഴിപ്രകാരം മെഡികോ ലീഗൽ കേസ് റെജിസ്റ്റർ ചെയ്‌ത് കാസർകോട് പൊലീസിന് കൈമാറി.
Keywords: Kerala, News, Kasaragod, Top-Headlines, Police, Complaint, Video, Case, Accuse, Assault, Vidya Nagar, Custody, Youth, Complaint that young man taken into police custody and assaulted.
< !- START disable copy paste -->