Protest | ചെങ്കൽ ക്വാറി ഉടമകളുടെ കലക്ട്രേറ്റ് മാർച് ജനുവരി 9ന്
Jan 6, 2023, 22:32 IST
കാസർകോട്: (www.kasargodvartha.com) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്കൽ ക്വാറി ഉടമകൾ ജനുവരി ഒൻപതിന് കലക്ട്രേറ്റ് മാർച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നു വർഷത്തോളമായി ചെങ്കൽ ക്വാറികൾക്ക് ലൈസൻസ് അനുവദിക്കുന്നില്ല. ക്വാറി ഉടമകൾ വിലേജിൽ ചെന്ന് അപേക്ഷ സമർപ്പിക്കുമ്പോൾ പതിച്ചു നൽകിയ ഭൂമിയിൽ ലൈസൻസ് അനുവദിക്കാൻ പറ്റില്ലെന്നാണ് പറയുന്നത് . ക്വാറികൾ തൊണ്ണൂറ് ശതമാനത്തിൽ കൂടുതലും പതിച്ചു നൽകിയ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവ് വരുന്ന ലൈസൻസിന്റെ പേരിൽ ഉദ്ദ്യോഗസ്ഥരും, ജിയോളജിസ്റ്റും പത്തും പതിനഞ്ചും ലക്ഷങ്ങളാണ് പിഴ ചുമത്തുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
നിർമാണ മേഖലയ്ക്ക് അത്യാന്താപേക്ഷിതമായ ചെങ്കല്ല് കയറ്റി കൊണ്ട് പോകുന്ന ലോറികൾ തൽക്ഷണം പിഴ ചുമത്താതെ താലൂക് ഓഫീസുകളിലും, വിലേജോഫീസുകളിലും മാസങ്ങളോളം കയറ്റി വെച്ച് അതിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ഉൾപെടെ പട്ടിണിയിലേക്ക് നയിക്കുന്നു. വർഷങ്ങളായി ക്വാറി ഉടമകൾ നേരിടുന്ന ഈ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ ചെങ്കല്ല് മേഖല പൂർണമായും നിർത്തിവെക്കേണ്ട സ്ഥിതി വിശേഷത്തിലേക്ക് മാറും. തന്മൂലം ചെങ്കൽ ക്വാറി ഉടമസ്ഥരും ഇതിനോടനുബന്ധിച്ച് ജോലിചെയ്യുന്ന ക്വാറി തൊഴിലാളികളും, വണ്ടിയുടെ ഡ്രൈവർമാരും, കയറ്റു തൊഴിലകളുമുൾപെടെ പതിനായിരക്കണക്കിന് തൊഴിലാളികളും പട്ടിണിയിലാകും.
നിലവിലെ പ്രശ്നവുമായി ബന്ധപ്പെട്ട് അധികൃതരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടും നാളിതുവരെയായിട്ടും പ്രശ്നത്തിന് ഒരു പരിഹാരവുമായില്ലെന്നും ഇതിനാലാണ് ഒൻപതിന് സംസ്ഥാനത്തിലുടനീളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജില്ലാ തലത്തിൽ സൂചനാ സമരം നടത്താൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ രാഘവൻ വെളുത്തോളി, നാരായണൻ കൊളത്തൂർ, ഹുസൈൻ ബേർക്ക, എം വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.
Keywords: kasaragod, Kerala, news, Top-Headlines, Latest-News, Collectorate, Press meet, Video, Collectorate March of quarry owners on January 9.