city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാട് പിടിച്ച് ചന്ദ്രഗിരിക്കോട്ട; പെരുമ്പാമ്പുകള്‍ ഇടത്താവളമാക്കിയതായി സന്ദര്‍ശകര്‍; നവീകരണം ഉടനെന്ന് അധികൃതര്‍

മേല്‍പറമ്പ്: (www.kasargodvartha.com 10.10.2021) ബേക്കല്‍ കോട്ട കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും പ്രാധാന്യമുള്ളതും പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്നതുമായ ചന്ദ്രഗിരിക്കോട്ട ഇപ്പോള്‍ കാട് പിടിച്ച് സന്ദര്‍ശകര്‍ക്ക് കടന്ന് ചെല്ലാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. പെരുമ്പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ കോട്ടയ്ക്കകം ഇടത്താവളമാക്കിയതായി സന്ദര്‍ശകര്‍ പറയുന്നു.

ഒന്നര വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് ചെടികള്‍ വെച്ച് മനോഹരമാക്കിയിരുന്നുവെങ്കിലും പിന്നാലെ വന്ന കോവിഡിനെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ കോട്ടകളും അടച്ചിട്ടപ്പോള്‍, ചന്ദ്രഗിരിക്കോട്ടയും അടഞ്ഞതോടെ കോട്ടയ്ക്കകം കാടു കയറുകയായിരുന്നു.
 
കാട് പിടിച്ച് ചന്ദ്രഗിരിക്കോട്ട; പെരുമ്പാമ്പുകള്‍ ഇടത്താവളമാക്കിയതായി സന്ദര്‍ശകര്‍; നവീകരണം ഉടനെന്ന് അധികൃതര്‍

കോട്ടയുടെ കൊത്തളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അവര്‍ണനീയമാണ്. താഴെ പൊന്‍പട്ടുചുറ്റിയ പോലെ ചന്ദ്രഗിരിപ്പുഴ ഒഴുകുമ്പോള്‍ അൽപം ദൂരെ കണ്ണെത്തും ദൂരത്ത് അറബിക്കടലിന്‍റെ നീലിമയും നയനാനന്ദകരമാണ്. തൊട്ടടുത്ത് തന്നെ ഇഴഞ്ഞു നീങ്ങുന്ന ട്രെയിനും തളങ്കര പാലവും മാലിക് ദീനാര്‍ പള്ളിയുടെ താഴികക്കുടവും ദൃശ്യഭംഗിക്ക് മാറ്റ് കൂട്ടുന്നു. സായാഹ്നങ്ങളില്‍ കോട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് അസ്തമയ സൂര്യനെ കോട്ടയ്ക്കകത്തിരുന്ന് ദര്‍ശിക്കാനുള്ള അസുലഭ അവസരവും ലഭിക്കുന്നു.

17-ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന ഈ കോട്ട ചരിത്ര, പുരാവസ്തു വിദ്യാർഥികൾക്ക് പഠന പുസ്തകമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിലാണ് കോട്ട ചതുരാകൃതിയില്‍ സ്ഥിതിചെയ്യുന്നത്. മുൻപ് കോലത്തുനാടിന്‍റെയും തുളുനാടിന്‍റെയും അതിർത്തിയായി കണക്കാക്കിയിരുന്നത് ചന്ദ്രഗിരി പുഴയെയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് ചരിത്രം. 16-ാം നൂറ്റാണ്ടോടെ വിജയനഗര സാമ്രാജ്യത്തിന്‍റെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) ശക്തി ക്ഷയിക്കുകയും പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിക്കുകയുമായിരുന്നു.

ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് സുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിപ്പടുത്തുയര്‍ത്തിയത് എന്നാണ് പയയുന്നത്. നൂറ്റാണ്ടുകളിലൂടെ പലരിലൂടെ കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിടീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ കൈകളിലും എത്തിച്ചേരുകയുമായിരുന്നു.

ചന്ദ്രഗിരിക്കോട്ടയെ ബേക്കലിനെ പോലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിന് വിളിപ്പാടകലെ ചെമ്പരിക്ക ബീചും വളര്‍ന്നു വരുന്നുണ്ട്. കോട്ടയ്ക്കകത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല. കോട്ടയ്ക്കകത്ത് കുട്ടികള്‍ക്കായി ഒരു സ്റ്റേജ് നിര്‍മിച്ചിട്ടുണ്ടെങ്കിലും അതും കാട് മൂടിക്കിടക്കുകയാണ്. കോട്ടയ്ക്കകത്ത് തന്നെ പുരാവസ്തു വകുപ്പിന്‍റെ ഓഫീസുണ്ടെങ്കിലും അടച്ചിട്ടിരിക്കുകയാണ്. ശുചിമുറി സംവിധാനം മാത്രം സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയിട്ടുണ്ട്. കോട്ടയ്ക്ക് താഴെ പാര്‍കിംഗ് ഗ്രാന്‍ഡിലും ശുചിമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.

കോട്ടയുടെ കാവലിനായി വാചറെ നിയമിച്ചത് മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്ത കാര്യം. ഒരു മാസം മുമ്പാണ് കോവിഡിന് ശേഷം കോട്ട തുറന്നതെന്ന് വാചറായ മധുസൂദനന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ കോട്ടയിലെത്തി നവീകരണ പ്രര്‍ത്തനത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പോയിട്ടുണ്ട്. ഉടന്‍ തന്നെ പൂര്‍ണരീതിയില്‍ കോട്ട സജ്ജമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

കോട്ടയ്ക്കകത്ത് രഹസ്യ ഗുഹയുണ്ടെങ്കിലും ഒന്നരമീറ്റര്‍ ദുരം മാത്രമേ ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയൂ. ബാക്കി ഭാഗം മണ്ണ് മൂടി അടഞ്ഞ നിലയിലാണ്. കുടിവെള്ളം ഉള്‍പെടെയുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. പാര്‍കിംഗ് സ്ഥലത്തേക്കുള്ള റോഡിന്‍റെ ശോചനീയാവസ്ഥയും പരിഹരിക്കണമെന്നാണ് സഞ്ചാരികള്‍ ആവശ്യപ്പെടുന്നത്.

ബേക്കല്‍ കോട്ട സന്ദര്‍ശിക്കുന്ന പല ആളുകളും ചന്ദ്രഗിരിക്കോട്ട കൂടി കണ്ടാണ് മടങ്ങുന്നതെന്ന് കോട്ടയുടെ ചുമതല വഹിക്കുന്ന മധുസൂദനന്‍ പറഞ്ഞു. പ്രാദേശിക സന്ദര്‍ശകര്‍ക്ക് പുറമെ വിദേശികളും കോട്ട സന്ദര്‍ശിക്കാന്‍ കൂടുതലായി എത്തിയിരുന്നുവെങ്കിലും കോവിഡിനെ തുടര്‍ന്നുള്ള അടച്ച് പൂട്ടല്‍ എല്ലാം തകിടം മറിക്കുകയായിരുന്നു.


കോട്ടയുടെ താഴ്ഭാഗത്തായി ബോടിംഗിനുള്ള സൗകര്യമുണ്ടെങ്കിലും അതൊന്നും ഉപയോഗപ്പെടുത്തുന്നില്ല. ഏഴേകറിലധികം പരന്നു കിടക്കുന്ന കോട്ടയുടെയും പരിസരത്തെയും കാടുകള്‍ വെട്ടിത്തെളിച്ചാല്‍ തന്നെ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. പതുക്കെയാണെങ്കിലും ചന്ദ്രഗിരിക്കോട്ടയിലും സഞ്ചാരികള്‍ വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അതിനായി അധികൃതരുടെ ഇടപെടലും തേടുകയാണ് ഇവർ.


Keywords: Kasaragod, Melparamba, Kerala, News, Top-Headlines, Chandrigiri, Snake, Visits, Tourism, Forest, Cash, Lockdown, Student, Karnataka, Bekal, Vehicle,b Boat Journey, Boat-Service, Chandragiri fort in damaged situation; filled with bushes.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia