city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടുക്കത്ത്ബയല്‍ ഗ്യാസ് ടാങ്കര്‍ അപകടം: ഫയര്‍മാന്‍ സിനിമയെ ഓര്‍മിപ്പിച്ച് ആശങ്കാജനകമായ 18 മണിക്കൂറുകള്‍, ഗതാഗതം പുനസ്ഥാപിച്ചു, സംഭവിച്ചത് ഇതാണ്

കാസര്‍കോട്: (www.kasargodvartha.com 16.10.2019) ടാങ്കര്‍ അപകടവാര്‍ത്ത കേട്ടാണ് അടുക്കത്ത്ബയല്‍ പ്രദേശത്തുകാര്‍ ബുധനാഴ്ച ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റത്. പുലര്‍ച്ചെ 1.30 മണിയോടെ വാതിലില്‍ വന്നുമുട്ടുന്നത് കേട്ട് എഴുന്നേറ്റവര്‍ അറിഞ്ഞത് സമീപത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതകം വലിയതോതില്‍ ചോരുന്നുവെന്ന വാര്‍ത്തയാണ്. കര്‍ണാടക കാന സൂറത്ത്കല്ലില്‍ നിന്നും വാതകം നിറച്ച് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടി എന്‍ 88 ബി 7697 നമ്പര്‍ പാചകവാതക ടാങ്കര്‍ ലോറിയാണ് അടുക്കത്ത്ബയലിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിഞ്ഞത്. ഭാരത് പെട്രോളിയത്തിന്റെ ടാങ്കര്‍ ആണ് അപകടത്തില്‍ പെട്ടത്.

അടുക്കത്ത്ബയല്‍ ഗ്യാസ് ടാങ്കര്‍ അപകടം: ഫയര്‍മാന്‍ സിനിമയെ ഓര്‍മിപ്പിച്ച് ആശങ്കാജനകമായ 18 മണിക്കൂറുകള്‍, ഗതാഗതം പുനസ്ഥാപിച്ചു, സംഭവിച്ചത് ഇതാണ്


ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറിയ ലോറി വെട്ടിച്ചുതിരിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് 36,000 ലിറ്ററോളം കപ്പാസിറ്റിയുള്ള കണ്ടയ്‌നര്‍ ഇളകിവീണത്. ക്യാബിന്‍ മറിയാത്തതിനാല്‍ ഡ്രൈവറും സഹായിയും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ ഡ്രൈവറും ക്ലീനറും പകച്ചുനില്‍ക്കുമ്പോള്‍ ഉടന്‍ തന്നെ സമീപത്തെ ബാങ്കിലെ വാച്ച്മാനായ യുവാവ് ഓടിയെത്തുകയും ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. വാല്‍വിലൂടെ വലിയ തോതിലുള്ള ഗ്യാസ് ചോര്‍ച്ചയായിരുന്നു ഉണ്ടായത്. കുതിച്ചെത്തിയ ഫയര്‍ ഫോഴ്‌സ് ഉടനെ മരക്കഷ്ണം കൊണ്ട് ചോര്‍ച്ചയുള്ള വാല്‍വ് അടച്ചു. വൈദ്യുതി ബന്ധം വിഛേദിച്ചു. പിന്നീട് പുലര്‍ച്ചെ തന്നെ നഗരത്തിലെ ഹാര്‍ഡ് വെയര്‍ ഷോപ്പ് തുറപ്പിച്ച് ആവശ്യമായ സാധനങ്ങള്‍ സംഘടിപ്പിച്ച് ചോര്‍ച്ചകള്‍ താല്‍ക്കാലികമായി അടച്ചു.

സംഭവമറിഞ്ഞ് ഓടിക്കൂടിയവരും പോലീസും ഉടനെ സമീപത്തെ വീടുകളിലെല്ലാം കയറി വാതിലില്‍ മുട്ടുകയും ജനങ്ങളോട് അപകടവിവരം അറിയിക്കുകയും ചെയ്തു. പള്ളികളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. എല്ലാവരും ഉടനെ തന്നെ വീട്ടില്‍ നിന്നിറങ്ങി രക്ഷാപ്രവര്‍ത്തകരോട് പൂര്‍ണരീതിയില്‍ സഹകരിച്ചു. അടുത്തുള്ള 50ലേറെ വീടുകളിലുള്ളവര്‍ സുരക്ഷിതസ്ഥലത്തേക്ക് മാറി. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസുമെല്ലാം സമയോജിതമായി നടത്തിയ പ്രവര്‍ത്തനം വന്‍ ദുരന്തത്തില്‍ നിന്നാണ് നാടിനെ രക്ഷിച്ചത്.

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം അധികൃതര്‍ സ്ഥലത്തെത്തുകയും വാതകം മാറ്റുന്നതിന്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും ഒഴിഞ്ഞ ടാങ്കറുകളും ജീവനക്കാരും എത്തി അഞ്ച് മണിയോടെ അപകടത്തില്‍ പെട്ട കണ്ടെയിനറില്‍ നിന്നും വാതകം മാറ്റാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ അതിരാവിലെ തന്നെ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. മംഗളൂരു ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹങ്ങള്‍ ഉളിയത്തടുക്ക - ചൗക്കി വഴിയും വലിയ വാഹനങ്ങള്‍ ഉളിയത്തടുക്ക - സീതാംഗോളി - കുമ്പള വഴിയുമാണ് തിരിച്ചുവിട്ടത്.

ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നായി ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് ആണ് സ്ഥലത്തെത്തിയത്. വെള്ളം എത്തിക്കാനുള്ള പ്രത്യേക വാഹനവും കാസര്‍കോട്ടുനിന്നും എത്തിച്ചിരുന്നു. കണ്ടെയിനര്‍ ചൂടാകാതിരിക്കാനായി ഫയര്‍ ഫോഴ്‌സ് വെള്ളം ചീറ്റിക്കൊണ്ടേയിരുന്നു.

വൈകീട്ട് 6.30 മണിയോടെ അപകടത്തില്‍ പെട്ട ടാങ്കറില്‍ നിന്നും മൂന്നിലധികം ടാങ്കറിലേക്ക് ഗ്യാസ് മാറ്റി. തുടര്‍ന്ന് രാത്രി 8 മണിയോടെ ഗ്യാസ് ടാങ്കര്‍ വൃത്തിയാക്കിയ ശേഷം പൊക്കിമാറ്റിയതോടെയാണ് 18 മണിക്കൂറുകള്‍ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കാനായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Adkathbail, news, Gas, Accident, National highway, Petrol, Fire force, Watch man, Adukkathbail Gas tanker accident

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia