city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാബിത്ത് വധം: പ്രതികളെ വിട്ടയച്ച ജില്ലാ കോടതി വിധിയില്‍ ഗുരുതരമായ പാകപ്പിഴവുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി, ഹൈക്കോടതിയില്‍ മാതാവ് അപ്പീല്‍ നല്‍കി, പ്രതികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 06.08.2019) പ്രമാദമായ ചൂരിയിലെ സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച ജില്ലാ കോടതി വിധിയില്‍ ഗുരുതരമായ പാകപ്പിഴവുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 16നാണ് കേസിലെ എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. നിരപരാധികളെ ഇത്തരത്തില്‍ കൊലപ്പെടുത്തുകയും കുറ്റവാളികള്‍ നിരുപാധികം വിട്ടയക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

സാബിത്ത് വധം: പ്രതികളെ വിട്ടയച്ച ജില്ലാ കോടതി വിധിയില്‍ ഗുരുതരമായ പാകപ്പിഴവുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി, ഹൈക്കോടതിയില്‍ മാതാവ് അപ്പീല്‍ നല്‍കി, പ്രതികള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവ്

കേസിലെ പ്രതികളായ വൈശാഖ്, അക്ഷയെ പിന്നിലിരുത്തി ഓടിച്ചുവന്ന സ്‌കൂട്ടര്‍ മരിച്ച സാബിത്ത്, ഒന്നാം സാക്ഷിയായ റഈസിനെ പിന്നിലിരുത്തി ഓടിച്ചുവന്ന മോട്ടോര്‍ സൈക്കിളിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന് പിന്നിലിരുന്ന അക്ഷയ് ഇറങ്ങി സാബിത്തിന്റെ നെഞ്ചില്‍ കുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായി അക്ഷയ് ആണ് സ്‌കൂട്ടര്‍ ഓടിച്ചുവന്നതെന്നും വൈശാഖ് ആണ് കുത്തിയതെന്നുമാണ് കോടതി ചുമത്തിയ ചാര്‍ജ് ഷീറ്റില്‍ പറയുന്നത്. അക്ഷയ് സ്‌കൂട്ടര്‍ ഓടിച്ചുവന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അങ്ങനെയൊരു വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടില്ല. വൈശാഖ് സാബിത്തിനെ കുത്തിയെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടില്ല. പ്രോസിക്യൂഷനിലില്ലാത്ത പരസ്പര വിരുദ്ധമായ കാര്യത്തില്‍ വിധിക്ക് ശേഷവും കോടതി ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.


പോലീസിന്റെ കുറ്റപത്രത്തില്‍ സാബിത്ത് കൂട്ടുകാരനായ റഈസിനെയും കൂട്ടി പെട്രോള്‍ വാങ്ങാന്‍ റഈസിന്റെ വീട്ടില്‍ നിന്നും രാവിലെ 10.30 മണിക്ക് പുറപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയത്. അതേസമയം കോടതിയുടെ വിധി ന്യായത്തില്‍ 11.30 മണിക്കാണ് പുറപ്പെട്ടതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ സമയത്ത് കുത്തേറ്റ് നുള്ളിപ്പാടി ജെ പി നഗര്‍ പാറക്കട്ടെ റോഡിലാണ് സാബിത്തും റഈസും ഉണ്ടായിരുന്നത്. കുറ്റപത്രം തയ്യാറാക്കുന്ന വേളയില്‍ സംഭവത്തിന്റെ പ്രാഥമിക വിവരങ്ങളെ കുറിച്ചുപോലും ശരിയായി മനസിലാക്കാതെ കോടതിയില്‍ നിന്നും ന്യായമായ അന്തിമ വിധി എങ്ങനെയുണ്ടാകുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചോദിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കുറ്റപത്രത്തിന്റെ കോപ്പി അപേക്ഷിച്ചിട്ടും വിധി വന്നതിന് ശേഷമാണ് കോപ്പി ലഭിച്ചത്. ക്രിമിനല്‍ നടപടി ക്രമം 313 വകുപ്പ് പ്രകാരം പറയുന്നത് കേസ് വിചാരണ പൂര്‍ത്തിയാക്കുന്നതോടെ പ്രതികള്‍ക്കെതിരെ തെളിവ് വന്നിട്ടുള്ള സാഹചര്യങ്ങളെ കുറിച്ച് അവര്‍ക്ക് വിശദീകരണം നല്‍കാനായി അത്തരം സാഹചര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ കോടതിയില്‍ നിന്ന് പ്രതികളോട് ചോദിക്കണമെന്നാണ്. അത്തരം സാഹചര്യങ്ങളെയും ചോദിക്കേണ്ട ചോദ്യങ്ങളെയും കുറിച്ച് കോടതിയില്‍ എഴുതിസമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും അവകാശമുണ്ടെന്നും 313 വകുപ്പില്‍ പറയുന്നുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തില്‍ 300 ല്‍പരം ചോദ്യങ്ങള്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും എഴുതി സമര്‍പ്പിച്ചിരുന്നു. പ്രതിഭാഗത്തുനിന്നും ഒരു ചോദ്യം പോലും സമര്‍പ്പിച്ചില്ല. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും സമര്‍പ്പിച്ച ഓരോ ചോദ്യവും കോടതിയില്‍ പ്രതികളോട് ചോദിച്ചിരുന്നു. പക്ഷേ വിധി ന്യായത്തില്‍ കോടതിയില്‍ നിന്നും ചോദിച്ച ചോദ്യങ്ങളെ പരാമര്‍ശിക്കുന്ന പ്രതികള്‍ക്കെതിരായ സാഹചര്യങ്ങളെ കുറിച്ച് മൗനം പാലിക്കുകയായിരുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തില്‍ സംഭവിച്ച പാകപ്പിഴവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വിട്ടയക്കാന്‍ പാടില്ലെന്ന് നിരവധി സുപ്രീം കോടതി വിധികള്‍ ഉണ്ടെങ്കിലും കോടതി ആ വിധികളൊന്നും പാലിച്ചില്ല. കേസിന്റെ ഭാഗമായി സുപ്രീം കോടതിയുടെ 40 ലേറെ വിധിന്യായങ്ങളുടെ പകര്‍പ്പുകളും അത് ഉദ്ധരിച്ചുകൊണ്ടുള്ള 200 ഓളം പേജുകളുള്ള മെമോറാന്‍ഡം ഓഫ് ആര്‍ഗ്യുമെന്റും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആ വിധി ന്യായങ്ങളൊന്നും കോടതിയുടെ വിധി ന്യായത്തില്‍ പരിഗണിച്ചിട്ടില്ല. ക്രിമിനല്‍ നടപടി 313 വകുപ്പില്‍ പറയുന്നത് കേസിന്റെ അവസാന വിചാരണ കഴിഞ്ഞാല്‍ താമസം കൂടാതെ വിധി പറയണമെന്നതാണ്. പക്ഷേ മാസങ്ങള്‍ കഴിഞ്ഞാണ് സാബിത്ത് വധക്കേസില്‍ വിധി പറഞ്ഞത്. വിചാരണ കഴിഞ്ഞ ശേഷം ഒന്നര മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തിന് വിരുദ്ധമായി പല തവണ വിധി മാറ്റിവെച്ച് നാലു മാസത്തിനു ശേഷം 2019 മെയ് 16നാണ് വിധി പറഞ്ഞത്. ജില്ലാ കോടതി വിധിക്കെതിരെ സാബിത്തിന്റെ മാതാവ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപ്പീല്‍ ഫയല്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായിട്ടുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വിധിന്യായത്തിലെ പാകപ്പിഴവിനെതിരെ ഏതറ്റം വരെയുള്ള നിയമപോരാട്ടത്തിനും ആക്ഷന്‍ കമ്മിറ്റി ശ്രമിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ചില പാകപ്പിഴവുകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കുറ്റമറ്റ രീതിയിലാണ് പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. വിധി ന്യായത്തില്‍ പോലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തു നിന്നും മികച്ച രീതിയില്‍ കേസ് കൈകാര്യം ചെയ്തതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോടതിയുടെ വിധി എന്തുകൊണ്ട് അനുകൂലമായില്ലെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് ചൂരി, ജനറല്‍ കണ്‍വീനര്‍ മഹ് മൂദ് വട്ടയക്കാട്, ട്രഷറര്‍ ടി ഇ അബ്ദുര്‍ റഹ് മാന്‍, ഷൗക്കത്ത് കാളിയങ്ങാട്, നാസര്‍ പി എം മീപ്പുഗിരി, ബഷീര്‍ കെ മീപ്പുഗിരി, സുബൈര്‍ ചൂരി, ജുനൈദ് ചൂരി, ഷംസീര്‍ ടി ബി, ഇഖ്ബാല്‍ അഹമ്മദ്, സൈനുദ്ദീന്‍ ചൂരി എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder-case, accused, court, Action committee on Acquittal of Sabith murder case accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia