city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുന്നു; പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ചത് ശക്തമായ തെളിവുകള്‍

കാസര്‍കോട്: (www.kasargodvartha.com 20.03.2019) കാസര്‍കോട്ട് മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ടാണ്ട്. ഉത്തരേന്ത്യയില്‍ പരീക്ഷിച്ച് വിജയിച്ച വംശീയാതിക്രമത്തിന്റെ കേരളത്തിലെ ഏറ്റവും ഭയാനകമായ പതിപ്പായിരുന്നു റിയാസ് മൗലവി വധക്കേസെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. പള്ളിക്ക് സമീപത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവി എന്ന ചെറുപ്പക്കാരനെ ഒരു ദയാദാക്ഷിണ്യവുമില്ലാതെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു, കേളുഗുഡെ മാത്തയിലെ നിധിന്‍, കേളുഗുഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് നാടിനെ ഒന്നടങ്കം നടുക്കിയ ആ ക്രൂരമായ കൊലപാതകം നടന്നത്.
റിയാസ് മൗലവി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുന്നു; പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ചത് ശക്തമായ തെളിവുകള്‍

കേട്ടപാടെ നാട് ഒന്നടങ്കം കൊല നടന്ന ചൂരിയിലേക്ക് ഒഴുകി. ചിലര്‍ കേട്ടത് സത്യമാവരുതേയെന്ന് പ്രാര്‍ത്ഥിച്ചു. ഇരുള്‍ മൂടിയ ആ ഒരു ദിവസം കടന്നുപോയി. ഖബറടക്കവും എല്ലാം കഴിഞ്ഞ് ദിസങ്ങളോളം ഭീതിയുടെ മുള്‍മുനയിലാണ് കാസര്‍കോട് ജനത കടന്നുപോയത്. അതിനിടയില്‍ ഒരു പ്രതിഷേധ ഹര്‍ത്താലും നടന്നു. റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കാനായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും മുറവിളി കൂട്ടി നിരവധി രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും രംഗത്തുവന്നു. ബക്കറ്റ് പിരിവുകളും തകൃതിയായി. അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള വീടും കൈമാറി. എന്നാല്‍ അതിനപ്പുറം ഈ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

ഇത്തരമൊരു ക്രൂരമായ കൊലപാതകത്തില്‍ പോലീസിന്റെ പ്രാഥമിക റിപോര്‍ട്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രാഥമിക റിപോര്‍ട്ട്. കറന്തക്കാട് മുതല്‍ ചൂരി വരെ ആയുധമേന്തി നടന്ന പ്രതികള്‍ക്ക് കയ്യില്‍ കിട്ടിയ ആയെങ്കിലും കൊലപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പോലീസ് റിപോര്‍ട്ട്. ഈ റിപോര്‍ട്ടിനെതിരെ തുടക്കത്തില്‍ ഉണ്ടായ പ്രതിഷേധം പിന്നീടങ്ങോട്ട് കണ്ടില്ല. മാത്രമല്ല, ഇതേ റിപോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതും. ഒരു തരത്തിലുള്ള ഗൂഢാലോചനയും നടന്നിട്ടില്ല എന്നതും ഈ കേസിനെ വ്യത്യസ്തമാക്കുന്നു.

2017 മാര്‍ച്ച് മൂന്നിന് കേസില്‍ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ രണ്ടാം പ്രതിയായ നിധിനെ പള്ളി ഖത്തീബ് തിരിച്ചറിഞ്ഞിരുന്നു. ഇതുകൂടാതെ ഒന്നാം പ്രതി അജേഷ് എന്ന അപ്പു, മൂന്നാം പ്രതി അഖിലേഷ് എന്നിവരെ സംഭവ സമയം ബൈക്കില്‍ പോകുന്നത് കണ്ടതായും കോടതിയില്‍ സാക്ഷി മൊഴിയും നല്‍കിയിട്ടുണ്ട്. മൂന്ന് പ്രതികള്‍ക്കെതിരെയും ദൃക്‌സാക്ഷി മൊഴി ഉള്ളത് കേസിനെ ബലപ്പെടുത്തുന്നു. തിരിച്ചറിയല്‍ പരേഡ് നടത്തിയ ഹൊസ്ദുര്‍ഗ് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആല്‍ഫ മമ്മായിയെ കഴിഞ്ഞ ദിവസം കേസില്‍ വിസ്തരിച്ചിരുന്നു.

കൊല നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഒന്നു രണ്ടും പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി ചൂരിയില്‍ എത്തുകയും അവിടെ ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് ബിയര്‍ കുപ്പിയേറ് നടത്തുകയും ചെയ്തിരുന്നു. അവിടെയുണ്ടായിരുന്നവര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടാം പ്രതിയുടെ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവമാണ് റിയാസ് മൗലവിയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മൂന്ന് പ്രതികളുടെയും ഫോണുകളും സിംകാര്‍ഡുകളും പോലീസ് കണ്ടെടുക്കുകയും ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒന്നാം പ്രതിയുടെ ഫോണ്‍ ഒഴികെ മറ്റു രണ്ടും ഫോണുകളും പരിശോധയ്ക്ക് വിധേയമാക്കിയിരുന്നു. നിധിന്‍ കല്ലേറ് കൊണ്ട് പരിക്കേറ്റ് കിടക്കുന്ന ഫോട്ടോയും പോലീസ് കണ്ടെടുത്ത ഫോണിലുണ്ടായിരുന്നു. ഈ ഫോട്ടോ നിധിന്റേത് തന്നെയെന്ന് സുഹൃത്തായ അമര്‍ കോടതിയില്‍ സമ്മതിച്ചു. ഇതുകൂടാതെ പരിക്കേറ്റ നിധിന്റെ നിരവധി സെല്‍ഫി ചിത്രങ്ങളും ഫോണില്‍ നിന്നും കണ്ടെടുത്തിരുന്നു.

മൂന്നാം പ്രതിയുടെ ഫോണിലേക്ക് സംഭവ ദിവസം രാത്രി വീട്ടില്‍ നിന്നും 15 ഓളം തവണ വിളിച്ചിരുന്നു. ചില കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയും, ചിലത് കട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംഭവ സമയം പ്രതി വീടിന് പുറത്തായിരുന്നുവെന്നതിന്റെ ഏറ്റവും ശക്തമായ തെളിവുകളായി.

പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. കെ അശോകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രേസിക്യൂട്ടറായി നിയമിച്ചുകൊണ്ട് കേസില്‍ ശക്തമായ വാദമാണ് പ്രോസിക്യൂഷന്‍ നടത്തിയത്. കുടുംബത്തിന് വേണ്ടി ചൂരി പള്ളിക്കമ്മിറ്റിയാണ് കേസ് നടത്തുകയും മറ്റു സഹായങ്ങള്‍ നല്‍കുകയും ചെയ്തത്. കേസിന്റെ വിധി അടുത്ത് തന്നെ ഉണ്ടാകുമെന്നതിനാല്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോട്ട് സമാധാനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Top-Headlines, Kerala, Crime, News, Video, Murder- case, Court, Riyas Maulavi, RSS.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia