Travelogue | സന്തോഷത്തിന്റെ നാട്; രാജ ഭരണത്തിൻ്റെ തണലിൽ ഇന്ത്യയുടെ അയൽപക്കത്തെ കുഞ്ഞൻ രാജ്യം
● ഭൂട്ടാൻ പ്രകൃതി സംരക്ഷണത്തിൽ പ്രാധാന്യം നൽകുന്ന രാജ്യമാണ്.
● പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ്.
● വീട് നിർമ്മിക്കാൻ സർക്കാർ സൗജന്യമായി മരം നൽകുന്നു
കൊടക്കാട് നാരായണൻ
ഭൂട്ടാൻ ഡയറി -1
(KasargodVartha) സന്തോഷവും പ്രകൃതി സംരക്ഷണവും വിട്ട് കളിയില്ല. വികസനവും പരിഷ്കാരവുമെല്ലാം അതിന് കീഴെ. മുൻ തലമുറയിൽ നിന്ന് തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ പ്രകൃതിയെയും മണ്ണിനെയും വായുവിനേയും ജീവ ജലത്തെയും ഒരു പോറലു മേൽക്കാതെ അതിൻ്റെ ഇരട്ടി സമ്പന്നതയിലേക്ക് നൽകുക എന്നത് ഭരണ ഘടനയിൽ എഴുതി വെച്ച മറ്റൊരു രാജ്യം ഭൂട്ടാനല്ലാതെ ലോകത്ത് മറ്റൊന്നുണ്ടോ? എഴുതി വെക്കുക എളുപ്പമാണ്. പക്ഷെ അക്ഷരം പ്രതി നടപ്പിലാക്കാൻ ഭൂട്ടാൻ രാജഭരണ കൂടം കൈക്കൊള്ളുന്ന നടപടികൾ അനുഭവിച്ചു തന്നെ അറിയണമെങ്കിൽ നിങ്ങൾ ഒരു തവണ ഭൂട്ടാനിൽ പോവുക തന്നെ വേണം. കെട്ടിടം നിർമ്മിക്കുമ്പോൾ ഭരണ കൂടം നിഷ്കർഷിക്കുന്ന നിബന്ധനകൾക്ക് മുന്നിൽ പണക്കാരനോ പാവപ്പെട്ടവനോ എന്ന ഭേദമില്ല. മരവും കല്ലും മണ്ണും തന്നെയാണ് നിർമ്മാണ വസ്തുക്കൾ.
വീടിനായി മരം ആവശ്യമെങ്കിൽ സർക്കാർ സൗജന്യ നിരക്കിൽ തന്നെ നൽകും. ഉപാധിയോടെ. 200 മരങ്ങൾ മുറിക്കുമ്പോൾ പകരം 400 മരങ്ങൾ വെച്ചു പിടിപ്പിക്കണം. 25 വർഷം അതിനെ സംരക്ഷിക്കണം . വീഴ്ച സംഭവിച്ചാൽ വീട് നിർമ്മാണത്തിന് ആകെ ചെലവായതിനേക്കാൾ ഇരട്ടി തുക പിഴയായി നൽകേണ്ടിവരുമെന്നാണ് നാട്ടു സംസാരം. നാളെയെക്കുറിച്ച് ചിന്തിക്കുന്ന ഭരണാധികാരികൾക്കേ ഇത്തരം നയങ്ങൾ രൂപീകരിക്കാനും പാലിക്കാനും കഴിയൂ. നമുക്ക് ഇല്ലാത്തതും അതു തന്നെ.
കാർബൺ നെഗറ്റീവ് ഭൂട്ടാൻ
കാർബൺ ന്യൂട്രൽ ആക്കുന്നതിനായി വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും പരക്കം പായുമ്പോൾ കാർബൺ ന്യൂട്രലിൽ നിന്നും കാർബൺ നെഗറ്റീവാക്കിയ ലോകത്തെ ഒരേ ഒരു രാജ്യമാണ് ഭൂട്ടാൻ. പുറത്തു വിടുന്നതിനെക്കാൾ കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്ന രാജ്യം. പ്രതിവർഷം 90 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് ഹരിത സസ്യം ആഗിരണം ചെയ്യുമ്പോൾ 40 ലക്ഷം ടൺ മാത്രമാണ് പുറന്തള്ളുന്നതത്രെ!
കാർബൺ ബഹിർഗമനത്തെ വനസമ്പത്തിൻ്റെ ഹരിത വേലി കൊണ്ട് പ്രതിരോധിക്കുന്നതിൽ വിജയിച്ച ഭൂട്ടാനിൽ ഈ നൂറ്റാണ്ടിന് മുന്നെ തന്നെ പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിൽ കനത്ത ജാഗ്രത കാണിക്കുന്ന രാജ്യം. പൊതു സ്ഥലത്ത് തുപ്പുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്താൽ ശിക്ഷ വരമ്പത്തു തന്നെ കിട്ടും. വാഹനങ്ങൾ ഹോൺ ഉപയോഗിക്കുന്നതോ മറ്റൊരു അത്യാവശ്യത്തിനല്ലാതെ മറി കടക്കുന്നതോ കാണുക പ്രയാസമാണ്. വാഹനാ പകടങ്ങൾ തീരെ ഇല്ലെന്നു തന്നെ പറയാം.
അതു കൊണ്ടു തന്നെ ആംബുലൻസിൻ്റെ ഉപയോഗവും വിരളമാണ്. ആംബുലൻസും സൈറൺ മുഴക്കില്ല. ലോകത്ത് ആദ്യമായി 2005ൽ പുകയിലയും പുകയില ഉല്പന്നങ്ങളും നിരോധിച്ചു. ഇലക്ട്രിക് കാറുകളുടെ ഉപയോഗം വ്യാപിപ്പിക്കാൻ തുടക്കം കുറിച്ചിരിക്കയാണ്. നിസ്സാൻ കമ്പനിയുടെ വൈദ്യുത വാഹനങ്ങൾ നിരത്തിലിറങ്ങി കഴിഞ്ഞു. ഭൂട്ടാനിലെ ഭൂരിഭാഗം വാഹനങ്ങളും നിസാൻ നിർമിതമാണ്. 2030 ഓടെ ഹരിത ഗൃഹ വാതകത്തിൻ്റെ വ്യാപനം പൂജ്യത്തിലെത്തിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.
കെട്ടിട നിർമ്മാണം
ബുദ്ധമതത്തിൽ അനുശാസിക്കുന്ന തരത്തിലുള്ള കെട്ടിട നിർമ്മാണം ഒരേ സമയം ആകർഷകവും പരിസ്ഥിതി സൗഹൃദവുമാണ്. ആർക്കും യഥേഷ്ടം കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവാദമില്ല. മരങ്ങളും മണ്ണുല്പ്പന്നങ്ങളുമാണ് പ്രധാനമായും നിർമ്മാണ വസ്തുക്കൾ. രണ്ടു നിലയിൽ കൂടുതൽ വലുപ്പമുള്ള കെട്ടിടങ്ങൾക്കു മാത്രമേ ഇരുമ്പ്, അലുമിനിയം എന്നിവ ഉപയോഗിക്കാൻ പാടുള്ളൂ. ചുമരും മേൽക്കൂരകളും മാത്രമല്ല നിലവും ദീർഘകാലം യാതൊരു പോറലുമേൽക്കാതെ നിർമ്മിച്ചതിൻ്റെ രഹസ്യം അന്വേഷിച്ചപ്പോഴാണ് പൂർണമായും ഇരുമ്പാണികൾ ഒഴിവാക്കി മുളയും മരങ്ങളും കൊണ്ടുള്ള ആണി മാത്രം ഉപയോഗിച്ചുള്ള നിർമ്മാണ സൂത്രത്തെ പരിചയപ്പെട്ടത്.
പ്രദേശത്തിൻ്റെ കിടപ്പിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ പരമ്പരാഗതമായ വാസ്തുശില്പ മാതൃകകൾ മാത്രമേ ഇവിടെ പ്രോത്സാഹിപ്പിക്കുകയുള്ളൂ. മുളകൾ കൊണ്ടുള്ള നിർമ്മാണ രീതിയുമുണ്ട്. ദീർഘകാലം നിലനില്ക്കാൻ മുളകളും മരങ്ങളും പ്രത്യേകം മിശ്രിതങ്ങളിൽ വെച്ച് സംസ്കരിക്കുന്ന സമ്പ്രദായങ്ങളും ഉണ്ട്. എഴു നിലയ്ക്ക് മുകളിൽ ഒരു കെട്ടിടവും അനുവദിക്കില്ല. കെട്ടിടങ്ങളുടെ മുൻഭാഗത്തുള്ള ചുമരുകൾ മരം കൊണ്ട് ജ്യോങ് (Dzong)മാതൃകയിൽ ബഹുവർണത്തിൽ അലങ്കരിക്കണം.
നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലും മറ്റും കാണുന്ന ദാരു ശില്പങ്ങളുടെ മറ്റൊരു വകഭേദമാണെന്ന് തോന്നിപ്പോകും. പക്ഷെ ഭൂട്ടാനിൽ വീടുകൾക്കും കടകൾക്കും ഈ ത്രിമാന ചിത്രപ്പണികൾ നിർബന്ധമാണ്. ഭിത്തികളും മേലാപ്പുകളും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ കൊണ്ട് അലങ്കരിച്ചതു കണ്ടപ്പോൾ വീടുകളുടെ സൗന്ദര്യത്തിൽ സാധാരണക്കാർ പോലും കാണിക്കുന്ന താല്പര്യം നമ്മെ അത്ഭുതപ്പെടുത്തും. ഓരോ പ്രദേശത്തിൻ്റെയും ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചു കൊണ്ടുള്ള നിർമ്മാണത്തിനു മാത്രമേ അനുവാദം ലഭിക്കുകയുള്ളൂ.
വീട്ടുടമസ്ഥൻ്റെ ഭാവനയ്ക്കും സാമ്പത്തിക നിലയ്ക്കും അനുസരിച്ചുള്ള പ്ലാനിൽ ഒരു വീട് നിർമ്മിക്കാമെന്ന് കരുതിയാൽ അത് ഭൂട്ടാനിൽ നടക്കില്ല. ഉദാഹരണത്തിന് തിംഫു നഗരത്തിലെ പാർലിമെൻ്റ് ഉൾപ്പെടെയുള്ള ഭരണ സിരാകേന്ദ്രത്തിന് ചേർന്ന് തീരെ ചെറിയ ഒരു കെട്ടിടം കാണാം. രാജ്യത്തെ ജനങ്ങളൊന്നാകെ സ്നേഹിക്കുന്ന രാജാവിൻ്റെ കൊട്ടാരമാണെന്നറിയുമ്പോഴാണ് ജീവിതത്തിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ലാളിത്യവും ആദർശവും നടപ്പിലാക്കുന്ന ഭരണാധികാരിയുടെ ജനപ്രിയ മുഖം നമ്മൾ തിരിച്ചറിയുന്നത്.
ഭൂട്ടാൻ വാസ്തു ശില്പവിദ്യകളെല്ലാം ഭരണഘടന അനുസരിച്ചുള്ള വ്യവസ്ഥാപിത നിയമങ്ങളിലും അച്ചടക്കത്തിലും (Driglam namzha) ബന്ധിതമാണ്. ഒന്നാം ബുദ്ധ ഗുരു ശ്രേഷ്ഠനായ (ടിബറ്റിയൻ ലാമ ) ഷാ ദ്രും നവാം നാം ഗെൽ ആണ് രാഷ്ട്രീയവും സാംസ്കാരികവുമായ നിയമാവലികൾ നിർമ്മാണ രംഗത്ത് കൊണ്ടു വന്നത്.
ജനക്ഷേമ തല്പരനായ രാജാവ്
സാമ്പത്തികമായി മുന്നിലല്ലെങ്കിലും രാജകീയ ഭരണത്തിൽ വിദ്യാഭ്യാസവും ആരോഗ്യവും പൂർണമായും സൗജന്യമാണ്. രാജ്യത്തിനകത്ത് മാത്രമല്ല പുറത്ത് വിദഗ്ദ്ധ ചികിത്സ നടത്തിയാലും ഉന്നത വിദ്യാഭ്യാസം നേടിയാലും അർഹതപ്പെട്ട മുഴുവൻ പേരുടെയും ചെലവ് രാജ്യം വഹിക്കും.
സർക്കാർ മേഖലയിൽ മാത്രമേ ഇവിടെ വിദ്യാലയങ്ങളും ആശുപത്രികളും പ്രവർത്തിക്കുന്നുള്ളൂ. മികച്ച വിദ്യാഭ്യാസം കൊടുക്കുന്ന വിദ്യാലയങ്ങളിലും കോളേജുകളിലും മലയാളികളായ ധാരാളം അധ്യാപകർ ജോലി ചെയ്യുന്നുണ്ട്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ മലയാളി അധ്യാപകരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ തന്നെയാണ് ലഭിക്കുന്നതെന്ന് നമ്മുടെ യാത്രാ സംഘത്തിലെ അംഗമായ ചങ്ങനാശേരി സ്വദേശിയായ എം.ബി. സുരേഷ് കുമാർ പറഞ്ഞു. അദ്ദേഹം 25 വർഷത്തോളം ഭൂട്ടാനിൽ അധ്യാപകനായിരുന്നു. എഴുത്തുകാരനായ ജി. ബാലചന്ദ്രൻ ദീർഘകാലം ഭൂട്ടാൻ സ്കൂളുകളിൽ പ്രിൻസിപ്പാളായി പ്രവർത്തിച്ചിരുന്നു. മോചനം എന്ന അദ്ദേഹത്തിൻ്റെ നോവൽ ഭൂട്ടാനിലെ ഗ്രാമീണ ജനങ്ങളുടെ ജീവിത രീതിയും നന്മയും മനസ്സിലാക്കാനുള്ള ഒരു റഫറൻസ് പുസ്തകമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം തേടി ധാരാളം പുസ്തക ശാലകൾ സന്ദർശിച്ചു. ഇതുവരെ കൈയിലെത്താത്തത് എൻ്റെ നിർഭാഗ്യം. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ധാരാളം മലയാളി ഡോക്ടർമാരുണ്ട്. മോഡേൺ മെഡിസിനു പുറമെ ഔഷധ സസ്യങ്ങളുടെ പറുദീസയായ ഭൂട്ടാനിൽ പാരമ്പര്യ ചികിത്സാ രീതികളുമുണ്ട്.
സന്തോഷത്തിൻ്റെ നാട്, സമാധാനത്തിൻ്റെയും
തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ഈ ചെറു രാജ്യം പ്രകൃതി മനോഹാരിതയും പൈതൃകവും നിലനിർത്തുന്നതിൽ കാണിക്കുന്ന ജാഗ്രത അസൂയാകരമാണ്. മറ്റു രാജ്യങ്ങൾ ആഭ്യന്തര ഉല്പാദന നിരക്കിനെ ( GDP) അടിസ്ഥാനമാക്കി രാജ്യത്തിൻ്റെ വികസന ഗ്രേഡ് കണക്കാക്കുമ്പോൾ ഭൂട്ടാനിൽ GNH (Grand National Happiness)ആണ് വികസന സൂചിക.ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ലഭിക്കുന്ന നാലാമത്തെ രാജ്യമാണ് ഭൂട്ടാൻ. ഐക്യത്തോടും സമാധാനത്തോടും ജനങ്ങൾ അധിവസിക്കുന്ന ഭൂട്ടാൻ ലോകത്തിൽ സമാധാന സൂചികയിൽ 22ാം സ്ഥാനത്താണ്. നാലാം ഭൂട്ടാൻ രാജാവായ സിജ് ചേ വാങ് ചൂ ആണ് ഭരണ ഘടനയുടെ അവിഭാജ്യ ഘടകമായി പ്രകൃതി സംരക്ഷണം പ്രധാന ഭാഗമായി ഉൾപ്പെടുത്തിയത്. രാജ്യത്തിൻ്റെ 60% വനഭൂമിയായിരിക്കണമെന്ന് നിഷ്കർഷിച്ച രാജ്യത്തിൽ ഇന്ന് 70% ഓളം വനങ്ങളാണ്.
ഭരണഘടനയുടെ നാലു തൂണുകളിൽ പ്രധാനമാണ് പ്രകൃതി സംരക്ഷണം. 2015 ൽ ഭൂട്ടാൻ 46672 മരങ്ങൾ നട്ടുപിടിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. വേട്ടയാടൽ പൂർണമായും നിരോധിച്ചു. വീട് നിർമ്മാണം പൂർണമായും മരത്തിലും മണ്ണിലും കരിങ്കല്ലുകളിലുമാണെന്ന് സൂചിപ്പിച്ചല്ലോ. നിർമ്മാണത്തിനാവശ്യമായ മരം സർക്കാർ തന്നെ നൽകും. ഉപാധികളോടെ. വീട്ടിൻ്റെ ഉടമ സ്ത്രീകളാണ്. പലപ്പോഴും വിവാഹിതനായ വരൻ ഭാര്യയുടെ വീട്ടിലായിരിക്കും താമസം. ഭൂട്ടാനിൽ വിവാഹത്തിനും ചടങ്ങുകൾക്കും സർക്കാർ സഹായം നൽകുന്നുണ്ട്. സ്ത്രീധന സമ്പ്രദായമോ വിവാഹ ശേഷം സ്ത്രീ പീഢനമോ തീരെ ഇല്ലെന്നു തന്നെ പറയാം.
ആത്മഹത്യകളും കുറവാണ്. വിവാഹ മോചനം ഇവിടെ സാധാരണമാണെന്നു പറയുന്നു. വിവാഹം കഴിക്കുന്നതിൽ പ്രത്യേക നിയന്ത്രണമില്ല. ഒരു പുരുഷന് ബഹുഭാര്യാത്വം സാധാരണമാണ്. വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധുവുമായി ഒരു മാസത്തോളം ജീവിക്കാനും വിവാഹ നിശ്ചയത്തിൽ നിന്ന് പിന്മാറാനും സാധിക്കും. ബലാത്സംഗ കേസുകൾ ഇല്ല. സ്ത്രീക്കും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ സ്വാതന്ത്ര്യമുണ്ട്. ഭൂട്ടാൻ അച്ചടക്കത്തിനും പെരുമാറ്റത്തിനും തടസ്സമാകാതെ വേണമെന്നു മാത്രം. (തുടരും )
(ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയാണ് ലേഖകൻ)
#Bhutan #travel #GrossNationalHappiness #sustainableliving #nature #culture #Asia