Analysis | ഭൂട്ടാൻകാരുടെ പൂർവികർ ആരാണെന്ന് അറിയാമോ? രാജവംശത്തിന്റെയും സംസ്കാരത്തിന്റെയും അത്ഭുത വർത്തമാനങ്ങൾ
● ഗ്രോസ് നാഷണൽ ഹാപ്പിനസ് എന്ന ആശയം ലോകത്തെ സ്വാധീനിച്ചു
● ഭൂട്ടാൻ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
● ഭൂട്ടാൻ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണ്.
കൊടക്കാട് നാരായണൻ
ഭൂട്ടാൻ ഡയറി 3
(KasragodVartha) ഭൂട്ടാൻ്റെ പൂർവകാല ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരെയെല്ലാം ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശേഷിപ്പിക്കുന്നത്. ഭൂ ഉത്താൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭൂട്ടാൻ ഉണ്ടായത്. ഡ്റുക് എന്നും സ്ഥലനാമമുണ്ട്. 13-14 കി.മി വീതിയുള്ള ഒരു സമതലമൊഴിച്ചാൽ ബാക്കി ഭാഗമത്രയും പർവ്വത മേഖലയാണ്. ക്രിസ്തുവിന് മുമ്പ് 10000 നും 500 നു ഇടയിൽ ടിബറ്റിൽ നിന്നും ഹിമാലയൻ ചുരങ്ങളിലൂടെ കടന്നുവന്ന ടിബറ്റൻ ഗോത്ര വർഗ്ഗക്കാരണത്രെ ഇന്നത്തെ ഭൂട്ടാൻകാരുടെ പൂർവ്വികർ. കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞ് മൃഗങ്ങളെ വേട്ടയാടിയും കിഴങ്ങുവർഗ്ഗങ്ങളും ഇലകളും മറ്റും ഭക്ഷിച്ചും കഴിഞ്ഞിരുന്ന ഇവരെ സംബന്ധിച്ച് കൃഷി അന്യമായിരുന്നു.
തികച്ചും അപരിഷ്കൃത ജീവിതം നയിച്ചിരുന്ന ഒരു ജനവിഭാഗം. ആധുനിക ശിലായുഗത്തിൽ മാത്രം ആണ് ഭൂട്ടാൻ ജനത കൃഷി ചെയ്തും കന്നുകാലി വളർത്തിയും മൺ പാത്ര നിർമ്മാണത്തിലേർപ്പെട്ടും ഉപജീവന മാർഗ്ഗം കണ്ടെത്താനുള്ള വഴിയിലേക്ക് മാറിയത്. ലോഹയുഗമായതോടെ ഒരു പടി കൂടി വളർന്ന് കച്ചവടം ചെയ്തും ലോഹങ്ങൾ കൊണ്ടുള്ള ഉപകരണങ്ങളും പാത്രങ്ങളും നിർമ്മിച്ചും കുടുംബ ജീവിതം നയിക്കാൻ തുടങ്ങി. മൃഗ തുല്യമായ ജീവിതത്തിൽ നിന്നും സാംസ്കാരിക ജീവിതത്തിലേക്ക് വികസിക്കുന്നത് ഏറെക്കുറെ ഈ കാലഘട്ടത്തിലാണ്. ഭാഷകളും കലകളും പ്രകൃതി സ്നേഹവും സമാധാന ചിന്തകളും മനസ്സിൽ വേരുറക്കാൻ തുടങ്ങി.
ക്രിസ്താബ്ദം 500-1600 വരെ ഭൂട്ടാൻ ടിബറ്റിൻ്റെ അധീനതയിലായിരുന്നു. ബുദ്ധമതത്തിൻ്റെ സ്വാധീനവും പ്രചാരവും ശക്തിപ്പെട്ടത് ഇക്കാലത്താണ്. എട്ട് മുതൽ 9 വരെ നൂറ്റാണ്ടിൽ ഭൂട്ടാൻ പൂർണമായും ടിബറ്റിൻ്റെ സാമന്ത രാജ്യമായിരുന്നു. 10 മുതൽ 16ാം നൂറ്റാണ്ടു വരെ നാട്ടു പ്രഭുക്കന്മാരുടെ സേച്ഛാധിപത്യത്തിൽ ജനങ്ങളുടെ സ്വാതന്ത്യവും മനുഷ്യാവകാശവും ധ്വംസിക്കപ്പെട്ട കാലം. 1600 - 1900 ഇടയിൽ ആണ് ഛിന്ന ഭിന്നമായി കിടന്നിരുന്ന രാജ്യം ഏകീകരണത്തിൻ്റെ പാതയിലേക്ക് നീങ്ങിയത്. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള ബുദ്ധമത ഗുരു പദ്മ സംഭവൻ ( ഗുരു റിംപോച്ചെ) ഭൂട്ടാനിലേക്ക് താന്ത്രിക ബുദ്ധമതം കൊണ്ടുവന്നു. മതപ്രചാരണത്തിൻ്റെ ഭാഗമായി ഒട്ടേറെ മഠങ്ങൾ അദ്ദേഹം നിർമ്മിച്ചു. വിവിധ പ്രായത്തിൽ പെട്ടവർക്ക് പ്രത്യേകം പാഠ്യപദ്ധതിയുള്ള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി.
അതോടെയാണ് അപരിഷ്കൃത ജീവിതം നയിച്ചിരുന്ന ജനതയിലേക്ക് ഉണർവിൻ്റെ വെള്ളി വെളിച്ചം വീശിയത്. വ്യക്തി ജീവിതത്തിൽ ചിട്ടയും ലക്ഷ്യബോധവും വളരാൻ തുടങ്ങിയത്. ഭൂട്ടാൻ്റെ സാംസ്കാരിക വളർച്ചയിൽ ഗുരു പത്മ സംഭവ വഹിച്ച സ്ഥാനം വളരെ വലുതാണ്. ഇന്നും ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ജീവിതത്തിൽ ശാന്തിയും സന്മാർഗ്ഗ ചിന്തയും പകരുന്നത് അദ്ദേഹം ആരംഭിച്ച ടൈഗേർസ് നെസ്റ്റ് പോലെയുള്ള ബുദ്ധ വിഹാരങ്ങളാണ്.
10-12 വയസ്സു വരെ പ്രായമുള്ളവർക്ക് വേണ്ടി ആരംഭിച്ച മതസ്ഥാപനങ്ങൾ മത പഠനത്തിലുപരി കുട്ടികളിൽ സന്മാർഗ്ഗ ജീവിതം നയിക്കാനുള്ള പരിശീലന കേന്ദ്രങ്ങളായിരുന്നു. 12- 14 വയസ്സുവരെ യുള്ള കുട്ടികൾക്ക് നൽകിയ രാഷ്ട്ര പുനർ നിർമ്മാണ വിദ്യാഭ്യാസത്തിൽ നിന്നു തന്നെ 14 നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ച ആ മഹാ ഗുരുശ്രേഷ്ഠൻ്റെ ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണം മനസ്സിലാക്കാൻ കഴിയും. പതിനേഴാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നെത്തിയ ലാമയും പട്ടാള നേതാവുമായ ശബ്ദ്രുങ് ഗ്യാ വാങ് നാം ഗ്യാലിൻ്റെ (1594- 1651) നേതൃത്വത്തിൽ നടന്ന ഏകീകരണ ശ്രമങ്ങൾ വിജയിച്ചതോടെ പരസ്പരം കലഹിച്ചു കഴിയുന്ന നാടുവാഴി പ്രദേശങ്ങളിൽ ഒരുമയുടെ കാറ്റ് വീശാൻ തുടങ്ങി.
ശബ്ദ്രുങ്ങിന്റെ മരണശേഷം അധികാര വടംവലിയും ആഭ്യന്തര യുദ്ധവും വീണ്ടും ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടോടെ ടിബറ്റിൻ്റെ സ്വാധീനം ഭൂട്ടാനിൽ ക്ഷയിക്കാൻ തുടങ്ങി.1772-ൽ ഭൂട്ടാൻ സൈന്യം ഇപ്പോൾ പശ്ചിമ ബംഗാളിലുള്ള കൂച്ച്ബിഹാർ ആക്രമിച്ചു കീഴടക്കി. സ്ഥാനഭ്രഷ്ടനായ കൂച്ച് ബിഹാർ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധീനതയിലായിരുന്നു ഭൂട്ടാൻ.1885-ൽ ഗോത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിപ്പിച്ചത് ത്രോങ്സ ഗോത്രത്തിന്റെ മുപ്പനായ ഉഗെൻവാങ് ഛുക് അധികാരത്തിൽ മേൽക്കൈ നേടിയതോടെയാണ്.
ഇൻഡ്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് വാങ് ചുക് ഭൂട്ടാനെ നിയന്ത്രണത്തിലാക്കിയത്. 1865 ലെ ഭൂട്ടാൻ ബ്രിട്ടീഷ് ഉടമ്പടി പ്രകാരം 1910 വരെ ഭൂട്ടാൻ ബ്രിട്ടീഷ് സംരക്ഷിത രാഷ്ട്ര ഭരണ പ്രദേശമായിരുന്നു. 1616 തൊട്ട് 1907 വരെ 31 പാരമ്പര്യ ബുദ്ധ ഗുരുക്കന്മാർ (ലാമകൾ) ആണ് ഭൂട്ടാൻ്റെ ഭരണത്തലപ്പത്ത് ഉണ്ടായിരുന്നത്.
രാജഭരണം
ഭൂട്ടാൻ - ബ്രിട്ടീഷ് ഉടമ്പടി പ്രകാരം 1907 ഡിസംബർ 17ന് ഭൂട്ടാനിൽ വാങ് ചുക് രാജവംശം ഔദ്യോഗികമായി അധികാരത്തിൽ വന്നു. ഉഗെൻ വാങ് ചുക് ആയിരുന്നു ആദ്യരാജാവ് (1907- 1926).ആധുനിക വൽക്കരണത്തിൻ്റെ പിതാവ് എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. രണ്ടാം രാജാവായ ജിഗ്മെ വാങ് ചുക് (1926- 1952) തൻ്റെ ഭരണ കാലത്ത് നിർമ്മിച്ച റോഡുകളും പാലങ്ങളും ഭരണ കേന്ദ്രങ്ങളും രാജ്യ വികസനത്തിൻ്റെ കുതിപ്പിന് ഗതി വേഗം കൂട്ടി.
1947-ൽ ഇന്ത്യ സ്വതന്ത്രമായതോടെ ബ്രിട്ടന്റെ സ്വാധീനം അവസാനിക്കുകയാണെന്ന് മനസ്സിലാക്കിയ രാജാവ്, 1948 ഓഗസ്റ്റ് 8 ന്, ബ്രിട്ടണുമായി കരാർ ഒപ്പിട്ടതിന് സമാനമായി ഇൻഡ്യയുമായി കരാർ ഒപ്പിട്ടു. പരാശ്രയം കൂടാതെ കഴിയാൻ ബുദ്ധിമുട്ടുള്ള ഭൂട്ടാന് ഇന്ത്യയാണ് ഏറ്റവും വലിയ സഹായം. ഇന്ത്യയ്ക്ക് ഭൂട്ടാൻ മറ്റൊരു സംസ്ഥാനം പോലെയാണ്.
മൂന്നാമൻ ജിഗ്മി ദോർജി വാങ് ചുക് (1952-1972) ആണ് സാർവത്രിക വിദ്യാഭ്യാസത്തിലൂടെയും ജനകീയ ആരോഗ്യത്തിലൂടെയും മാത്രമേ രാഷ്ട്ര പുനർ നിർമ്മാണം പൂർണമാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് സമഗ്ര വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. രാജാവിൻ്റെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ സാമ്പത്തിക വികസനത്തിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ഭൂട്ടാൻ്റെ പുരോഗതിയിലെ നാഴിക കല്ലുകളാണ്. ജനാധിപത്യ വികസന രാജ്യങ്ങളെ പോലും വിസ്മയിപ്പിക്കുന്ന മുഴുവൻ ജനതയ്ക്കും സൗജന്യ വിദ്യാഭ്യാസവും രോഗ ചികിത്സയും പ്രദാനം ചെയ്യുന്ന ആധുനിക ഭൂട്ടാൻ്റെ ശിലയിട്ടത് ജിഗ്മെ ദോർജി വാങ് ചുക് ആണ് എന്നത് രാജ്യം നിലനിൽക്കുവോളം കാലം ഓർമ്മിക്കും.
സ്വന്തം ആവശ്യം കഴിച്ച് ബാക്കി വരുന്ന വൈദ്യുതി അയൽ രാജ്യങ്ങൾക്ക് വിറ്റ് റവന്യു വരുമാനത്തിൻ്റെ സിംഹഭാഗം കണ്ടെത്തുന്നതാണല്ലോ ഭൂട്ടാനിലെ മറ്റൊരു മഹാത്ഭുതം. ജലവൈദ്യുത പദ്ധതികൾക്ക് തുടക്കം കുറിച്ചതും ജിഗ്മെ വാങ് ചുക്ക് തന്നെ. ഐക്യ രാഷ്ട്ര സംഘടനയിൽ അംഗത്വമെടുക്കുന്നത് 1971 ൽ ഇദ്ദേഹത്തിൻ്റെ കാലത്താണ്. നാലാം ഭരണാധികാരിയായ ജിഗ്മി സിംഗ്യെ വാങ് ചുക് 1972 ലാണ് അധികാരത്തിലേറുന്നത്. 2006 വരെയുള്ള 34 വർഷക്കാലം അദ്ദേഹം നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനം രാജ്യത്തിൻ്റെ വളർച്ചാ സൂചകമായി Grand National Happiness (GNP) നിശ്ചയിച്ചതാണ്.
ലോക രാഷ്ട്രങ്ങൾ GDP യിലൂടെ രാജ്യത്തിൻ്റെ വികസനം കണക്കാക്കുമ്പോൾ ജിഗ്മി സിംഗ്യെ വരുത്തിയ അതു വരെ ആരും കേട്ടിട്ടു പോലുമില്ലാത്ത തികച്ചും പുതുമ നിറഞ്ഞ മാനദണ്ഡത്തെ എല്ലാവരും കളിയാക്കി. എന്നാൽ ഇന്ന് ലോകത്തെ സന്തോഷ രാഷ്ട്രങ്ങളിൽ നാലാം സ്ഥാനമാണ് ഭൂട്ടാനുള്ളതെന്ന് അറിഞ്ഞപ്പോൾ നേരത്തെ കളിയാക്കിയവരെല്ലാം കുഞ്ഞു രാജ്യത്തെ തലയിലെടുത്ത് പൊക്കുകയാണ്.
നാലു തൂണുകൾ
പരിഷ്കാരം നടപ്പിലാക്കുക മാത്രമല്ല രാജഭരണത്തിന് ബലമുള്ള നാലു തൂണുകളിൽ നിൽക്കുന്ന ഒരു മാർഗ്ഗ രേഖ നിശ്ചയിക്കുകയും ചെയ്തു. അതിൽ ഒന്നാമത്തെ തൂണിൻ്റെ സ്ഥാനമാണ് GNP ക്ക് നൽകിയത്. ആധുനിക ആസൂത്രണ പ്രമാണിമാർക്ക് എത്രയോ മുന്നിലാണ് ഈ കുഞ്ഞൻ രാജാവിൻ്റെ സ്ഥാനം എന്നു തിരിച്ചറിയാൻ ഈ ഒരൊറ്റ ഘടകം മാത്രം മതി. ഒന്നാംതൂണ് (GNP) മനസ്സിൻ്റെ സന്തോഷം.
രണ്ടാം തൂണ് രാജ്യത്തെ സമസ്തജീവിവർഗത്തിൻ്റെ (സസ്യജന്തുജാലങ്ങളുടെയും മനുഷ്യരുടെയും) സമ്പൂർണ ആരോഗ്യവും സംരക്ഷണവും സുസ്ഥിര വികസനവു, മൂന്നാം തൂണ് സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം, നാലാം തൂണ് സമയത്തിൻ്റെ ശാസ്ത്രീയമായ ഉപയോഗം (സമയ ബന്ധിത വികസനം പ്രധാനം )
അധികാരം തങ്ങളിൽ കേന്ദ്രീകരിക്കുന്നതിനെക്കാൾ ജനപ്രതിനിധികൾക്ക് വിട്ടുകൊടുത്ത് ഭൂട്ടാനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നത് മൂന്നാമത്തെ രാജാവായ ജിഗ്മെ ദോർജി വാങ് ചുക് ആണ്. അദ്ദേഹം പരമാധികാരം നാഷണൽ അസംബ്ലിക്കു നൽകി.
നാലാം രാജാവ് ജിഗ്മെ സിങെ വാങ് ചുക്
1972-ൽ ജിഗ്മെ ദോർജി വാങ് ചുക് അകാലത്തിൽ മരണമടഞ്ഞു.ശേഷം ജിഗ്മെ സിംഗ്യെ വാങ് ചുക് രാജാവായി. അന്ന് 17 വയസായിരുന്ന അദ്ദേഹത്തിന് നാഷണൽ അസംബ്ലി പരമാധികാരം തിരികെ നൽകി. പിതാവിനെപ്പോലെ തന്റെ പരമാധികാരം ജന സഭക്ക് നൽകുവാൻ ജിഗ്മെ ശ്രമിച്ചു.1998-ൽ മാത്രമേ ഇതിൽ വിജയിക്കുവാൻ അദ്ദേഹത്തിന് കഴി ഞ്ഞുള്ളൂ. 2005 ഡിസംബറിൽ ആദ്യത്തെ ദേശീയ തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭരണഘടന നിലവിൽ വരികയും ചെയ്തു.
ഭൂട്ടാനിൽ ജനാധിപത്യവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം ഞെട്ടലോടെയാണ് ഭൂട്ടാൻ ജനതയോടൊപ്പം ലോകവും ശ്രവിച്ചത്. ഒരു രാജാവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രഖ്യാപനം. പ്രകൃതി രമണീയമായ രാജ്യത്തിൻ്റെ വികസന നയത്തിൽ ടൂറിസത്തിനുള്ള പ്രാധാന്യം വളരെയേറെ വലുതാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ടൂറിസ്റ്റുകൾക്ക് മുന്നിൽ അതു വരെ അടച്ചിട്ട വാതിലുകൾ 1974 മുതൽ തുറന്നു കൊടുത്തു. ഭൂട്ടാൻ്റെ ഭൂപ്രകൃതിക്കും പാരമ്പര്യ സംസ്കൃതിക്കും ജൈവവൈവിധ്യത്തിനും സർവ്വോപരി സംസ്കാരത്തിനും ഭാഷയ്ക്കും വിദേശ വിനോദ സഞ്ചാരികളുടെ വരവും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ഭയമായിരുന്നു ടൂറിസത്തോടുള്ള രാഷ്ട്രത്തിൻ്റെ നിഷേധാത്മക നയത്തിൻ്റെ അടിസ്ഥാനം. എന്നാൽ രാജാവ് രാജ്യത്തിനു ചേർന്ന ടൂറിസം നയം പ്രഖ്യാപിച്ചു.
പ്രവേശനത്തിലും വേഷത്തിലും സഞ്ചാരത്തിലും പ്രവേശന നടപടികളിലും കർശന നിയന്ത്രണം നടപ്പിലാക്കി. നിയമത്തിൽ വെള്ളം ചേർക്കാത്ത ടൂറിസം നയം നടപ്പിലാക്കുന്നതിലൂടെ ആശങ്കകളെല്ലാം നാടു നീങ്ങി എന്നു മാത്രമല്ല രാജ്യത്തിൻ്റെ ആകെ വരുമാനത്തിൽ മൂന്നാം സ്ഥാനം ടൂറിസം വഴി ലഭിക്കുവാൻ തുടങ്ങി. നാലാം രാജാവിൻ്റെ കിരീടത്തിൽ ഒരു തൂവൽ കൂടി തുന്നി ചേർക്കാൻ ഇതും ഒരു നേട്ടമായി. രാജ്യത്തിൻ്റെ സൗന്ദര്യത്തിന് ഒരു പോറലുമേൽപ്പിക്കാത്ത സ്വകാര്യ സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ചതും ഇക്കാലത്താണ്.
അഞ്ചാമൻ ജിഗ്മെ സിംഗ്യെ വാങ് ചുക് രാജാവ്*
നാലാം രാജാവ് ജിഗ്മെ സിങെ വാങ് ചുക് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ നില നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ടാണ് നിലവിലെ രാജാവ് ജിഗ്മെ ഖേസർ നാംഗ്യാൽ വാങ് ചുക്ക് എന്ന ചെറുപ്പക്കാരനായ രാജാവ് 2006 ഡിസംബർ 14 ന് രാജ്യ ചുമതല ഏറ്റെടുക്കുന്നത്. അന്ന് അദ്ദേഹത്തിന് വയസ് 26. 1980 ഫെബ്രുവരി 21 ന് നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ജനനം. 2011 ൽ ആണ് ജെറ്റ് സൺ പേമ വാങ് ചുക്കു രാജ്ഞിയായി കൊട്ടാരത്തിലെത്തുന്നത്. എട്ടു വയസ്സുള്ള രണ്ടു ഇരട്ട കുട്ടികൾ ആണ് ഈ ദമ്പതികൾക്ക്. രാജകുമാരൻ ജിഗ്മെ നാംഗ്യേൽ ആയിരിക്കും അടുത്ത രാജാവ്. രാജകുമാരി ജിഗ്മെ ഉഗ്യെൻ.
തിംഫുവിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം യു.എസ്. എ.യിലെ ഫിലിപ്സ് എക്സ്റ്റർ അക്കാദമിയിൽ നിന്ന് ബിരുദവും യു.എസ്. എ യിലെ ന്യൂ ഹാംഷെർ മാസ് ചുസെത്തിലെ വെറ്റൻ കോളേജിൽ നിന്ന് രാഷ്ട്രതന്ത്രത്തിലും അന്താരാഷ്ട്ര ബന്ധത്തിലും ബിരുദാനന്തര ബിരുദവും നേടി. രാജകീയ ഭരണ ഘടന പരിഷ്കരിച്ച് രാഷ്ട്ര പുനർ നിർമ്മാണ പദ്ധതിക്ക് വേഗം കൂട്ടിയതാണ് രാജാവിൻ്റെ പ്രധാന നേട്ടം. രാഷ്ട്രത്തിൻ്റെ സമ്പത്തിനെക്കാൾ പ്രാധാന്യം ജനങ്ങളുടെ സന്തോഷത്തിന് നൽകണമെന്നതാണ് രാജാവിൻ്റെ പ്രധാന മുദ്രാവാക്യം.
സുസ്ഥിര വികസനം ഉറപ്പു വരുത്തുക, രാജ്യത്തിൻ്റെ പാരമ്പര്യവും തനത് കലകളും സംസ്കാരവും സംരക്ഷിക്കുക, സമ്പന്നമായ ജൈവ വൈവിധ്യത്തിന് കോട്ടം തട്ടാതെ വികസന പദ്ധതികൾ നടപ്പിലാക്കുക എന്നീ നയങ്ങളിൽ ഉറച്ചു നിന്നു കൊണ്ടാണ് രാജാവിൻ്റെ ഭരണ പരിഷ്കാരങ്ങൾ. ദാരിദ്ര്യം പൂർണമായും നിർമ്മാർജനം ചെയ്യുകയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിൽ അദ്ദേഹം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 12.7 % ദാരിദ്ര്യ നിരക്ക്. ഐക്യരാഷ്ട്ര സംഘടനയുടെ ച്യാമ്പൻസ് ഓഫ് ഏർത്ത് (2014) ഇൻ്റർ നാഷണൽ അസോസിയേഷൻ ഓഫ് ഡെവലപ്മെൻ്റ് ആൻ്റ് പബ്ലിക് പോളിസി (ADPP) ഹോണററി ഫെല്ലോഷിപ്പ് (2016) എന്നിവയാണ് രാജാവിന് കിട്ടിയ ബഹുമതികൾ.
രാജകൊട്ടാരം
തിംഫുവിലെ അഷിക്കോവിൽ നിന്ന് 4 കി.മീറ്റർ ദൂരം വടക്ക് മാറിയും സിറ്റി സെൻ്ററിൽ നിന്ന് 7 കി.മീറ്റർ വടക്കു മാറിയുമുള്ള 3 നില മനോഹര സൗധമാണ് ഡക്കൻ ചോലിംഗ് എന്ന രാജകൊട്ടാരം. 1953 ൽ മൂന്നാം ഭൂട്ടാൻ രാജാവായ ജിഗ്മെ ഡോർജി വാങ് ചുക് പൂർണമായും ഭൂട്ടാൻ വാസ്തു ശില്പ മാതൃകയും പാരമ്പര്യ ചിത്രകലയും ഉൾച്ചേർത്ത് പണിത കൊട്ടാരം 1970 വരെ മാത്രമേ രാജാവും കുടുംബവും ഉപയോഗിച്ചിരുന്നുള്ളൂ. ഹെലിപ്പാട് സൗകര്യമടക്കമുള്ള പാലസ് ഇന്ന് ഇന്ത്യയടക്കമുള്ള വിദേശ ഭരണാധിപന്മാർ വന്നാൽ സ്വീകരിക്കാനും താമസിക്കാനുമുള്ള അതിഥി മന്ദിരമായി ഉപയോഗിക്കുന്നു. ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രവേശനമില്ല.
ഇപ്പോഴത്തെ രാജാവ് ജിഗ്മെ ഖേസർ നാംഗ്യേൽ വാങ് ചുക്കും രാജകുടുംബാംഗങ്ങളും താമസിക്കുന്നത് തിംഫുവിലുള്ള താരതമ്യേന ചെറിയ രാജകൊട്ടാരത്തിലാണ് - സാംടെലിംഗ് കൊട്ടാരം. മനോഹരമായ പൂന്തോട്ടമാണ് പ്രധാന ആകർഷണം. വേനൽക്കാലത്ത് താമസിക്കാൻ ബും താങ്ങിലെ വാങ് ഡിച്ചോളിംഗ് കൊട്ടാരവും ശീതകാലത്ത് താമസിക്കാൻ പുനാഖയിലെ ലിങ്കാന കൊട്ടാരവുമുണ്ട്. രാജാവിന് 5 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. ധനകാര്യ വകുപ്പിൻ്റെ ധനവിനിയോഗ ക്രമത്തിലുള്ള സുതാര്യതയാണ് രാജാവിൻ്റെ ശമ്പളം നിശ്ചയിച്ച നടപടിക്ക് അടിസ്ഥാനം.
സ്വകാര്യ വ്യാപാരവും പാരമ്പര്യമായി കിട്ടിയ സമ്പത്തും ആണ് രാജാവിൻ്റെ മറ്റു വരുമാന സ്രോതസ്സുകൾ. രാജ്യത്തിൻ്റെ സാധാരണ ജനങ്ങൾക്കാകെ മാതൃകയാണ് രാജാവിൻ്റെ ജീവിതം. രാജ്യത്തിൻ്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും കലയും സംസ്കാരവും ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യം നിലനിർത്താനും സുസ്ഥിര വികസനം യാഥാർഥ്യമാക്കാനും രാജാവ് കാണിക്കുന്ന ജാഗ്രത ജനാധിപത്യ രാജ്യങ്ങൾക്കാകെ മാതൃകയാണ്. ടൂറിസ്റ്റ് സെൻ്ററുകളും ബുദ്ധവിഹാരങ്ങളും സാധാരണക്കാരെ പോലെ സന്ദർശിക്കുന്ന രാജാവ് വിദേശ സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്. ഗ്രാമകളിലെ ജനങ്ങളുടെ ദുരിതകളറിയാൻ രാജാവിൻ്റെ ഗ്രാമ പ്രദക്ഷിണം ഇപ്പോഴും തുടരുന്നു
ഭൂട്ടാൻ പാർലിമെൻ്റ്:
രണ്ടു തട്ടിലുള്ള സഭകളാണ് ഭൂട്ടാൻ പാർലിമെൻ്റ്. 25 അംഗങ്ങളുള്ള നാഷണൽ കൗൺസിലും (ഉപരിസഭ)
47 അംഗങ്ങളുള്ള നാഷണൽ അസംബ്ലിയും (അധോ സഭ). ദേശീയ കൗൺസിലിലെ 25 അംഗങ്ങളിൽ 20 പേരെ തെരെഞ്ഞെടുക്കുമ്പോൾ 5 പേരെ രാജാവ് നാമനിർദ്ദേശം ചെയ്യും. 4 വർഷമാണ് കാലാവധി. ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാനുള്ള ചുമതല ഈ സഭയ്ക്കാണ്.
47 അംഗ നാഷണൽ കൗൺസിലിൻ്റെ കാലാവധി 5 വർഷമാണ്. നിയമ നിർമ്മാണം, വാർഷിക ബഡ്ജറ്റ് അംഗീകരിക്കലും നിർവഹണവും , രാജ ഭരണത്തിൽ സഹായിക്കൽ എന്നീ ചുമതലകൾ ഈ സഭയിൽ നിക്ഷിപ്തമാണ്. ഇപ്പോൾ ഭരണത്തിലിരിക്കുന്ന ഡ്രക്ക് ഫോൺസം ഷോഗ് പോ (DPT), പ്രധാന പ്രതിപക്ഷമായ പ്യൂപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (PDP) എന്നിവയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ. ഡ്രൽ ന്യാം റപ് ഷോഗ് പാ (DSP) ആണ് മറ്റൊരു പാർട്ടി.
1990 ൽ രൂപീകരിച്ച ഭൂട്ടാൻ കമ്മ്യൂണിസ്റ്റ് പാർട്ടി (BCP) യെ 1992ൽ നിരോധിക്കുകയുണ്ടായി. ഭൂട്ടാൻ രാജവാഴ്ചക്കെതിരെ പ്രചാരണം നടത്തുന്നു. തീവ്രവാദി ഗ്രൂപ്പുകളുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു എന്നിവയാണ് പാർട്ടിക്കെതിരെയുള്ള ഗവൺമെൻ്റിൻ്റെ പരാതികൾ. പ്രാഥമിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കു മാത്രമേ പൊതു തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ടാകൂ. ഇലക്ഷൻ കമ്മീഷൻ ഓഫ് ഭൂട്ടാൻ്റെ (ECB) നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തുന്ന തെരെഞ്ഞെടുപ്പിൽ 60-70 % പോളിംഗ് ഉണ്ടാകാറുണ്ട്.
2018 ലെ തെരെഞ്ഞെടുപ്പിൽ സീറ്റ് നില: നാഷണൽ അസംബ്ലി: DPT-30 സീറ്റ്, PDP - 17 സീറ്റ്. 2023 ൽ നടന്ന നാഷണൽ കൗൺസിൽ തെരെഞ്ഞെടുപ്പിൽ DTP, PDP എന്നീ പാർട്ടികൾ യഥാക്രമം12 ഉം 8 ഉം സീറ്റുകൾ നേടി.നവമ്പർ ഡിസംബർ മാസങ്ങളിൽ തിംഫുവിലാണ് ശീതകാല സമ്മേളനം ചേരുന്നത്.
വേനൽക്കാല സഭ ജൂൺ - ജൂലൈ പുനാഖയിലാണ് നടക്കുന്നത്
(തുടരും)
#Bhutan #BhutanTravel #BhutanCulture #GrossNationalHappiness #BhutanesePeople #RoyalFamily #BhutanHistory