WhatsApp | പുതിയൊരു ഫീചറുമായി വീണ്ടും വാട്‌സ് ആപ്; അല്‍പസമയം മുന്‍പുവരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നത് ആരൊക്കെയെന്ന് അറിയാം
*നിലവില്‍ ഏതാനും ബീറ്റ ടെസ്റ്റ്ര്‍മാര്‍ക്കായാണ് ഫീചര്‍ പുറത്തിറക്കിയിരിക്കുന്നത്.
*ന്യൂ ചാറ്റ് ബടന്‍ ക്ലിക് ചെയ്താലാണ് ഇത് കാണുക.
*വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ന്യൂഡെല്‍ഹി: (KasargodVartha) കഴിഞ്ഞ കുറച്ച് മാസങ്ങളായി വാട്‌സ്ആപ് നിരവധി ഫീചറുകള്‍ പ്രവൃത്തിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ നിമിഷനേരംകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയൊരു ഫീചര്‍ കൂടി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ് കംപനി.
'റീസന്റ്‌ലി ഓണ്‍ലൈന്‍' എന്നാണ് പുതിയതായി പരിചയപ്പെടുത്താന്‍ പോകുന്ന ഈ പുതിയ ഫീചറിന്റെ പേര്. അതായത്, ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഫീചറാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വാട്‌സ്ആപില്‍ റീസന്റായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ ഫീചറാണിത്. വാട്‌സ് ആപ് ഫീചര്‍ ട്രാകിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ന്യൂ ചാറ്റ് ബടന്‍ ക്ലിക് ചെയ്താലാണ് ഇത് കാണുക.
അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീനും ഓണ്‍ലൈന്‍ സ്റ്റാറ്റസും ലിസ്റ്റില്‍ കാണിക്കില്ല. അതിനാല്‍ ഒരു പരിധിവരെ ആളുകളുടെ സ്വകാര്യതയെ പുതിയ ഫീചര്‍ ബാധിക്കില്ല. എന്നാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരെല്ലാമാണ് അല്‍പസമയം മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതെന്ന് ഇതുവഴി കാണാന്‍ സാധിക്കും.
നിലവില്‍ ഏതാനും ബീറ്റ ടെസ്റ്റ്ര്‍മാര്‍ക്കായാണ് ഫീചര്‍ പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റ് ഉപയോക്താക്കളിലേക്കും ഇതെത്തും. ഈ ഫീചര്‍ നിലവില്‍ വന്നാല്‍ ഓരോ കോണ്‍ടാക്റ്റിന്റെയും ആക്ടിവിറ്റി സ്റ്റാറ്റസ് പരിശോധിക്കേണ്ടി വരില്ല.