Solar Eclipse | പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസവുമായി സമ്പൂര്‍ണ സൂര്യഗ്രഹണം; ചെകുത്താന്‍ വാല്‍നക്ഷത്രവും ദൃശ്യമായേക്കും; ഇന്‍ഡ്യയില്‍ കാണാനാകുമോ? അറിയാം കൂടുതല്‍
*സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സൂര്യന്‍ പൂര്‍ണമായി മറഞ്ഞുപോകുന്നതാണ് പ്രത്യേകത.
*പകല്‍ സമയത്തുപോലും ഇരുട്ടനുഭവപ്പെടും.
*ടോടല്‍ സോളാര്‍ എക്ലിപ്സ് NASA+ലും നാസ ടിവിയിലും ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും.
വാഷിങ്ടണ്‍: (KasargodVartha) സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സൂര്യന്‍ പൂര്‍ണമായി മറഞ്ഞുപോകുന്ന, അപൂര്‍വമായി സംഭവിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി വടക്കേ അമേരിക. പസിഫിക് സമയം രാവിലെ 11.07 മുതലാണ് സൂര്യന്റെ മുഖം ചന്ദ്രന്‍ മറയ്ക്കുന്ന കാഴ്ച ദൃശ്യമാകുക.
കാനഡ, മെക്‌സികോ, വടക്കേ അമേരിക തുടങ്ങിയ രാജ്യങ്ങളിലാണ് ഗ്രഹണം നേരില്‍ കാണാനാവുക. വടക്കേ അമേരികയിലെ ടെക്‌സസ്, ഒക്ലഹോമ, അര്‍കന്‍സാസ്, മിസോറി, ഇലിനോയിസ്, കെന്റകി, ഇന്‍ഡ്യാന, ഒഹിയോ, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്, വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍, മെയ്ന്‍ എന്നിവിടങ്ങളില്‍ ദൃശ്യമാകും. ടെനസി, മിഷിഗണ്‍ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും. ഏതാനും സ്ഥലങ്ങളിലെങ്കിലും മേഘങ്ങള്‍ കാഴ്ച മറച്ചേക്കാമെന്ന അറിയിപ്പ് ഞായറാഴ്ച പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇന്‍ഡ്യയില്‍ നിന്ന് ഗ്രഹണം കാണാനാകില്ല.
അതേസമയം, ഗ്രീന്‍ ഡെവിള്‍സ് കോമറ്റ് (ചെകുത്താന്‍ വാല്‍നക്ഷത്രം - കൊമ്പുപോലെ തോന്നിക്കുന്ന 'തലഭാഗത്തെ' വെളിച്ചവും സൗരാകര്‍ഷണത്താല്‍ ദൃശ്യമാകുന്ന വാലുമാണ് ചെകുത്താന്‍ എന്ന പേരിന് പിന്നില്‍.) എന്നറിപ്പെടുന്ന 12/പി പോണ്‍സ് ബ്രൂക് വാല്‍നക്ഷത്രവും ഗ്രഹണമേഖലയില്‍ ദൃശ്യമായേക്കും. ചെകുത്താന്‍ വാല്‍നക്ഷത്രം നഗ്നനേത്രങ്ങള്‍ കൊണ്ട് നേരിട്ട് കാണാന്‍ സാധ്യത കുറവാണെങ്കിലും പ്രകാശവായു - മലിനീകരണം കുറഞ്ഞ സ്ഥലങ്ങളില്‍ ദൃശ്യമായേക്കാം.
ഗ്രേറ്റ് നോര്‍ത് അമേരികന്‍ എക്ലിപ്‌സ് എന്നാണ് ഈ ഗ്രഹണം അറിയപ്പെടുന്നത്. നാസയടക്കമുള്ള ഏജന്‍സികള്‍ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ടോടല്‍ സോളാര്‍ എക്ലിപ്സ് NASA+ലും നാസ ടിവിയിലും ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യുഎസ് ബഹിരാകാശ ഏജന്‍സി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷന്റെ മീഡിയ ചാനലിലും ഗ്രഹണത്തിന്റെ ദൂരദര്‍ശിനി ദൃശ്യങ്ങള്‍ നല്‍കും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നീളും. ഏപ്രില്‍ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രില്‍ ഒമ്പത് പുലര്‍ചെ 2.25ന് അവസാനിക്കും. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന പകല്‍ സമയത്തുപോലും ഇരുട്ടനുഭവപ്പെടും.
സൂര്യനെക്കുറിച്ച് തുടര്‍ച്ചയായി പഠിക്കുന്നുണ്ടെങ്കിലും ഇന്‍ഡ്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ -1 സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷിയാകില്ല. സൂര്യനെ എപ്പോഴും തടസ്സമില്ലാതെ കാണാന്‍ സാധിക്കുന്ന രീതിയിലാണ് ഉപഗ്രഹം നിലയുറപ്പിച്ചിട്ടുള്ളത്. ഗ്രഹണം കാരണം ഉപഗ്രഹത്തിന്റെ കാഴ്ച ഒരിക്കലും തടസ്സപ്പെടരുതെന്ന് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരുന്നു.
ഭൂമിയില്‍നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാന്‍ജ് പോയിന്റ് 1ന് (എല്‍1) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ എല്‍1 ബഹിരാകാശ പേടകം സ്ഥാപിച്ചിരിക്കുന്നത്. ഉപഗ്രഹത്തിന് യാതൊരു മറയും ഗ്രഹണവും കൂടാതെ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ സാധിക്കും. സൗരോര്‍ജ പ്രവര്‍ത്തനവും ബഹിരാകാശ കാലാവസ്ഥയില്‍ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കാന്‍ ഇത് സഹായിക്കും.