T20 World Cup | ട്വന്റി20 ലോകകപ്; പിചുകളുടെ ട്രെന്‍ഡ് സ്പിനര്‍മാര്‍ക്ക് അനുകൂലം
ഇന്‍ഡ്യയുടെ ആദ്യമത്സരം ജൂണ്‍ 5ന് അയര്‍ലന്‍ഡുമായിട്ട്.
ജൂണ്‍ 9ന് പാകിസ്താനുമായിട്ട്.
ആന്റിഗ്വയിലെ ശരാശരി ട്വന്റി20 സ്‌കോര്‍ 123 റണ്‍സ്.
വാഷിങ്ടന്‍: (KasargodVartha) ട്വന്റി20 ലോകകപില്‍ ബോളര്‍മാരുടെ ആധിപത്യമായിരിക്കും കരുത്ത് കാണിക്കുന്നതെന്നാണ് റിപോര്‍ടുകള്‍. വെസ്റ്റിന്‍ഡീസിലെ ആറ് സ്റ്റേഡിയങ്ങളിലും യുഎസിലെ മൂന്ന് സ്റ്റേഡിയങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്.
യുഎസിലും കാനഡയിലുമായി നടക്കുന്ന ട്വന്റി20 ലോകകപില്‍ ഇന്‍ഡ്യയുടെ ആദ്യമത്സരം ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായിട്ടാണ്. ന്യൂയോര്‍കില്‍ പുതുതായി നിര്‍മിച്ച അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ജൂണ്‍ ഒമ്പതിന് പാകിസ്താനുമായും ജൂണ്‍ 12ന് യുഎസുമായും ജൂണ്‍ 15ന് കാനഡയുമായിട്ടാണ് ഗ്രൂപ് ഘട്ടത്തില്‍ ഇന്‍ഡ്യയുടെ മത്സരങ്ങള്‍.
ഇതില്‍ വെസ്റ്റിന്‍ഡീസിലെ പിചുകള്‍ സ്പിനര്‍മാര്‍ക്ക് മേല്‍ക്കൈ നല്‍കുമ്പോള്‍ ആദ്യമായി ലോകകപിന് ആതിഥ്യം വഹിക്കുന്ന യുഎസിലെ പിചുകളുടെ സ്വഭാവം കണ്ട് അറിയേണ്ടതാണ്. ട്വന്റ20 ലോകകപില്‍ സ്‌കോര്‍ 200 കടക്കാന്‍ പോലും സാധ്യതയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെസ്റ്റിന്‍ഡീസിലെ പ്രധാന ലോകകപ് വേദികളില്‍ ഒന്നായ ആന്റിഗ്വയിലെ ശരാശരി ട്വന്റി20 സ്‌കോര്‍ 123 റണ്‍സാണ്.
ബാര്‍ബഡോസിലേത് 138ഉം ഗയാനയിലേത് 124 ഉം എന്നിങ്ങനെയാകുമ്പോള്‍, ട്രിനിഡാഡിലേക്ക് വരുമ്പോള്‍ ഇത് 115 റണ്‍സായി കുറയുന്നു. സെന്റ് വിന്‍സെന്റില്‍ 118 റണ്‍സാണ് ശരാശരി സ്‌കോര്‍. 139 റണ്‍സ് ശരാശരി സ്‌കോറുള്ള സെന്റ് ലൂസിയയിലെ സ്റ്റേഡിയമാണ് കൂട്ടത്തില്‍ ഭേദമെന്ന് കരുതാവുന്നത്.
കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പിചുകളെല്ലാം വരണ്ടതാണെന്ന് ഓസ്‌ട്രേലിയന്‍ ക്രികറ്റര്‍ ഡേവിഡ് വാര്‍ണര്‍ പറയുന്നു. മത്സരം പുരോഗമിക്കുന്നതനുസരിച്ച് സ്പിനര്‍മാര്‍ക്ക് പിചില്‍ നിന്ന് കൂടുതല്‍ ആനുകൂല്യം ലഭിക്കുമെന്ന് പറയാം. പവര്‍പ്ലേ കഴിയുമ്പോഴേക്കും പിചിന്റെ വേഗവും ബൗണ്‍സും കുറയാനും സാധ്യതയുണ്ടെന്ന് വര്‍ഷങ്ങളായി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ പറയുന്നു.