city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിന്റെ പ്രതീക്ഷയായ തേജാലക്ഷ്മിക്ക് ചവിട്ടിക്കയറാന്‍ സൈക്കിള്‍ വേണം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/08/2016) വേഗവും നേട്ടങ്ങള്‍ എത്തിപ്പിടിക്കാമെന്ന ആത്മവിശ്വാസവും ഉണ്ടെങ്കിലും കാസര്‍കോടിന്റെ തേജാലക്ഷ്മിക്ക് മുന്നേറാന്‍ നല്ലൊരു സൈക്കിളില്ല. സംസ്ഥാന റോഡ് സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ പട്ടികയില്‍ കാസര്‍കോടിന്റെ പേര് എഴുതിച്ചേര്‍ത്ത തൃക്കരിപ്പൂര്‍ തൈക്കീലിലെ നിര്‍ധന കുടുംബാംഗമായ തേജാലക്ഷ്മി എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്വന്തമായി സൈക്കിള്‍ ഇല്ലാതെ കടം വാങ്ങുന്ന സൈക്കിളുമായി പൊരുതാനിറങ്ങുന്നത്.

തൈക്കീലിലെ പെയിന്റിംഗ് തൊഴിലാളി സി അനില്‍ കുമാറിന്റെയും ടൈലറായ ഇ ഷീബയുടെയും മകളായ ഈ കൊച്ചു മിടുക്കി തിരുവനന്തപുരം ചെമ്പഴന്തി എസ് എന്‍ ജി എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. തൃക്കരിപ്പൂരില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന റോഡ് സൈക്കിളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 16 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ 15 കിലോ മീറ്റര്‍ മത്സരത്തില്‍ കാസര്‍കോട് ജില്ലയ്ക്കായി ചവിട്ടിക്കയറിയത് വെള്ളിമെഡല്‍ കഴുത്തില്‍ അണിയാനായിരുന്നു.

ഫെബ്രുവരിയില്‍ പത്തനംതിട്ടയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മത്സരിച്ച തേജാലക്ഷ്മി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു നാടിന്റെ അഭിമാന താരമായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് പഠനം തുടരുമ്പോള്‍ പഴയ ഒരു സൈക്കിളാണ് ആകെ പരിശീലനത്തിന് ഉള്ളത്. ഏതെങ്കിലും മത്സരത്തില്‍ പങ്കെടുക്കേണ്ടി വന്നാല്‍ സഹപാഠികളില്‍ ആരോടെങ്കിലും സൈക്കിള്‍ കടം വാങ്ങിയാണ് ഇറങ്ങുന്നത്. പലപ്പോഴും പരിചിതമല്ലാത്ത സൈക്കിളുകള്‍ ലഭിക്കുമ്പോള്‍ മുന്നേറ്റത്തെ കാര്യമായി തന്നെ അത് ബാധിക്കുകയും ചെയ്യുന്നു.

ഇനിയും സംസ്ഥാന - ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്നറിയാതെ സങ്കടപ്പെടുകയാണ് ഈ കാസര്‍കോട് ജില്ലയുടെ മിടുക്കി. മൂന്ന് വര്‍ഷം മുമ്പ് ഉദിനൂരില്‍ നടന്ന സൈക്കിള്‍ റെയ്‌സ് സെലക്ഷനില്‍ മികച്ച നേട്ടം കാഴ്ച വച്ച തേജയെ കേരള സൈക്കിളിംഗ് അസോസിയേഷന്‍ പരിശീലകര്‍ കണ്ടെത്തി തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശനം നല്‍കുകയായിരുന്നു. സാധാരണ സൈക്കിള്‍ പോലുമില്ലാതെ 2014 ല്‍ പാലക്കാട് നടന്ന സംസ്ഥാന റോഡ് സൈക്കിളിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാമതെത്തിയത്തോടെയാണ് ഈ രംഗത്തുള്ളവരുടെ ശ്രദ്ധ തേജയില്‍ പതിഞ്ഞത്. അത് വഴിത്തിരിവായി മാറുകയായിരുന്നു.

തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ സൂരജിന്റെ ശിക്ഷണത്തിലാണ് ഇപ്പോള്‍ പരിശീലനം നടത്തി വരുന്നത്. മറ്റൊരു പരിശീലകനായിരുന്ന ചന്ദ്രന്‍ ചെട്ട്യാര്‍ ഡല്‍ഹിയിലാണ്. ഇന്ത്യന്‍ സൈക്കിളോട്ട മത്സരങ്ങളില്‍ ദേശീയ ജേതാക്കളായി തുടര്‍ന്നു വരുന്ന കേരളത്തിന് സ്വര്‍ണമണിഞ്ഞു വരാന്‍ മറ്റൊരു താരവമാവും കാസര്‍കോടിന്റെ തേജാലക്ഷ്മി എന്ന പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടെങ്കിലും മത്സരത്തിനായുള്ള ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വില വരുന്ന ഒരു സൈക്കിള്‍ സ്വന്തമായി വേണമെന്നത് ഏതൊരു നേട്ടത്തിനും കരുത്തു പകരും.

യുവ താരത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കായിക രംഗത്തെയോ പൊതു രംഗങ്ങളിലെയോ സംഘടനകളോ വ്യക്തികളോ മുന്നോട്ടു വന്നാല്‍ വെള്ളി മെഡല്‍ സ്വര്‍ണ മെഡലാക്കി മാറ്റാന്‍ തേജാലക്ഷ്മിക്ക് അനായാസം കഴിയും. മത്സരിച്ചു നാടിനായി നേട്ടം കൊയ്യണമെന്ന ഈ മിടുക്കിയുടെ ആഗ്രഹം നിറവേറ്റാന്‍ തയ്യാറാവുന്നവര്‍ മുന്നോട്ടു വരുണമെന്നു തന്നെയാണ് ഇവളുടെ പ്രാര്‍ത്ഥന.

കേരളത്തിന്റെ പ്രതീക്ഷയായ തേജാലക്ഷ്മിക്ക് ചവിട്ടിക്കയറാന്‍ സൈക്കിള്‍ വേണം

Keywords : Trikaripur, Sports, Kasaragod, Bicycle, Theja Lakshmi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia