IPL | ഐപിഎല്‍: മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാല്‍ രാജസ്താന്‍ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും
*അവസാന 5 മത്സരങ്ങളില്‍ വിജയതീരം കണ്ടിട്ടില്ല.
*ഇന്‍ഗ്ലണ്ട് താരം ജോസ് ബട്ലര്‍ നാട്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടി.
*ടോം കോലെര്‍ കാഡ്‌മോര്‍ ആദ്യ മത്സരത്തില്‍തന്നെ ആരാധകരെ നിരാശയിലാഴ്ത്തി.
അഹ് മദാബാദ്: (KasargodVartha) ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഘട്ടത്തില്‍ അഹ് മദാബാദില്‍ നടക്കേണ്ട അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ബുധനാഴ്ച അഹ് മദാബാദില്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപോര്‍ട്.
ലീഗ് 2024 എലിമിനേറ്ററില്‍ കാണികള്‍ ആവേശത്തോടെ മത്സരമാണ് രാജസ്താന്‍ റോയല്‍സും (ആര്‍ആര്‍) റോയല്‍ ചലന്‍ജേഴ്സ് ബെംഗ്‌ളൂറും (ആര്‍സിബി) തമ്മിലുള്ളത്. അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ബുധനാഴ്ച (22.05.2024) നടക്കുന്ന എലിമിനേറ്ററില്‍ ഇരു ടീമുകളും ഏറ്റുമുട്ടും. അഥവാ മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ രാജസ്താന്‍ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും.
എന്നാല്‍ തുടര്‍ വിജയങ്ങളുമായി പ്ലേഓഫിലേക്ക് ഓടിയടുത്ത രാജസ്താന്‍ ടീം, അവസാന അഞ്ച് മത്സരങ്ങളില്‍ വിജയതീരം കണ്ടിട്ടില്ല. ടീമിന് തിരിച്ചടിയായി ഇന്‍ഗ്ലണ്ട് താരം ജോസ് ബട്ലര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ പരാജയങ്ങളില്‍ പതറിനില്‍ക്കുകയാണ്. ബട്ലറിന് പകരക്കാരനായെത്തിയ ടോം കോലെര്‍ കാഡ്‌മോര്‍ ആദ്യ മത്സരത്തില്‍തന്നെ രാജസ്താന്‍ റോയല്‍സിന്റെ ആരാധകരെ തീര്‍ത്തും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിരിക്കുകയാണ്.
ബോളിങ് നിരയില്‍ ട്രെന്റ് ബോള്‍ട് ഒഴികെ മറ്റാരും സ്ഥിരത പുലര്‍ത്താത്തതും രാജസ്താനെ പ്രതിരോധത്തിലാക്കുന്നു. ഓപണര്‍ യശസ്വി ജയ്‌സ് വാളിന്റെ ഫോമിലും ടീമിന് ആശങ്കയാണ്. കാപ്റ്റന്‍ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരാണ് രാജസ്താന്റെ ബാറ്റിങ് കരുത്ത്. എന്നാല്‍ ഫിനിഷര്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ പരുക്കും സഞ്ജുവിനും സംഘത്തിനും നെഞ്ചിടിപ്പേറ്റുന്നുണ്ട്.
സൂപര്‍ താരം വിരാട് കോലി നയിക്കുന്ന ബാറ്റിങ് നിരയാണ് റോയല്‍ ചലന്‍ജേഴ്സ് ബെംഗളൂറിന്റെ കരുത്ത്. രജത് പാട്ടിദാറിന്റെ സാന്നിധ്യവും ഫിനിഷര്‍ റോളില്‍ ദിനേശ് കാര്‍ത്തികിന്റെ മികവും ബെംഗളൂറിനെ കൂടുതല്‍ അപകടകാരികളാക്കുന്നു.
ആറ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് ടൂര്‍ണമെന്റില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയതിന്റെ നേട്ടതില്ലാണ് ബെംഗ്‌ളൂറു ടീമിന്റെ വരവ്. ഈ പോരാട്ടവീര്യം തുടര്‍ന്നാല്‍ രാജസ്താനെ മറികടക്കുക ഫാഫ് ഡുപ്ലെസിക്കും സംഘത്തിനും എളുപ്പം. സീസണ്‍ രണ്ടാം പകുതിയില്‍ അവസരത്തിനൊത്തുയര്‍ന്ന ബോളിങ് നിര മികവ് തുടരുമെന്നാണ് ബെംഗ്‌ളൂറു ആരാധകരുടെ പ്രതീക്ഷ.
പ്ലേ ഓഫില്‍ ആര്‍ ആര്‍
2022 ന് ശേഷം ആദ്യമായാണ് രാജസ്താന്‍ പ്ലേ ഓഫില്‍ എത്തുന്നത്. ഇത് ഒരു ഐ പി എല്‍ സീസണിന്റെ അവസാന ഘട്ടത്തിലെ അവരുടെ ആറാം മത്സരമാണ്. 2008 ലെ ഉദ്ഘാടന സീസണില്‍ അവര്‍ ആദ്യമായി പ്ലേ ഓഫിലെത്തി. എന്നിരുന്നാലും, അന്ന് ഐ പി എല്ലില്‍ സെമി ഫൈനലുകളും ഫൈനലുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2008-ല്‍ ആര്‍ ആര്‍ കിരീടം നേടി. രണ്ടാം തവണയും അവര്‍ ഫൈനലില്‍ എത്തിയത് 2022-ലാണ്.