റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് പരവനടുക്കത്ത് ഉജ്വല തുടക്കം
Nov 26, 2012, 13:27 IST
പരവനടുക്കം: 56-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉജ്വല തുടക്കം. ഏഴ് ഉപജില്ലകളില്‍ നിന്നായി 3,000 ഓളം കുട്ടികളും 200 അധ്യാപകരും മേളയില്‍ മാറ്റുരക്കുന്നു. തിങ്കളാഴ്ച രാവിലെ മേള ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കെ. ശ്രീകൃഷ്ണ അഗ്ഗിത്തായ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി, സുഫൈജ അബൂബക്കര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍, ഡി.ഇ.ഒ കെ. വേലായുധന്‍, കെ.മാധവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. കബീര്‍ നന്ദി പറഞ്ഞു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 110 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. അധ്യാപകര്‍ക്ക് 40 വയസിന് മുകളില്‍, 40 വയസിന് താഴെ, അധ്യാപികമാര്‍ക്ക് 30 വയസിന് മുകളില്‍, 30 വയസിന് താഴെ എന്നിങ്ങനെയാണ് മത്സരം.
ചൊവ്വാഴ്ച വൈകിട്ട് 4.30 ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ സമ്മാനം വിതരണം ചെയ്യും. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് നാരായണന്‍ വടക്കിനിയ അധ്യക്ഷനായിരിക്കും.
കായിക മേള പ്രമാണിച്ച് പരവനടുക്കത്ത് ഉത്സവാന്തരീക്ഷമാണ്. കായിക താരങ്ങളെ വരവേല്‍ക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും സംഘാടക സമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടുന്നു.