Car Rally | ദേശീയ കാർ റാലി ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി മൂസാ ഷരീഫ് - കർണ കദൂർ സഖ്യം; മൂന്നാം റൗണ്ടിൽ രണ്ടാം സ്ഥാനം; ഇനിയുള്ള ഘട്ടങ്ങൾ നിർണായകം
മൂസാ ഷരീഫ് - കർണ കദൂർ സഖ്യം മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന രണ്ടാം റൗണ്ടിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. ഇതോടെ ഹൈദരാബാദ്, കൂർഗ്, ബംഗളൂരു എന്നിവിടങ്ങളിൽ നടക്കുന്ന അടുത്ത മൂന്നു റൗണ്ടുകളിൽ തീപാറുന്ന പോരാട്ടം ഉറപ്പായി
കാസർകോട്: (KasaragodVartha) ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ കോയമ്പത്തൂരിലെ കേതനൂരിൽ സംഘടിപ്പിച്ച ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ മികച്ച പ്രകടനവുമായി മൂസാ ഷരീഫ് - കർണ കദൂർ സഖ്യം. ഓവറോൾ രണ്ടാം സ്ഥാനം നേടിയാണ് നേട്ടം കൈവരിച്ചത്. 120 കിലോമീറ്റർ സ്പെഷ്യൽ സ്റ്റേജടക്കം 270 കിലോമീറ്റർ ദൈർഘ്യമുള്ള എട്ട് സ്റ്റേജുകൾ അടങ്ങിയതായിരുന്നു മൂന്നാം റൗണ്ട്.
ആദിത്യ താക്കൂർ - വീരേന്ദർ സഖ്യമാണ് മൂന്നാം റൗണ്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഹരികൃഷ്ണൻ വാടിയ- കുനാല്‍ സഖ്യമാണ് രണ്ടാം റണ്ണർ അപ്പ്. മൂന്നാം റൗണ്ടിലെ ഫലത്തോടെ പോയിന്റ് പട്ടികയിൽ മൂന്ന് ടീമുകളും ഏകദേശം ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ആകെ ആറ് റൗണ്ടുകളാണുള്ളത്. അതിനാൽ അടുത്ത മൂന്ന് റൗണ്ടുകളിൽ മൂന്ന് ടീമുകൾക്കും നിർണായകമാണ്.
മൂസാ ഷരീഫ് - കർണ കദൂർ സഖ്യം മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന രണ്ടാം റൗണ്ടിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. ഇതോടെ ഹൈദരാബാദ്, കൂർഗ്, ബംഗളൂരു എന്നിവിടങ്ങളിൽ നടക്കുന്ന അടുത്ത മൂന്നു റൗണ്ടുകളിൽ തീപാറുന്ന പോരാട്ടം ഉറപ്പായി. ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷരീഫ് എട്ടാം കിരീടത്തിൽ കുറഞ്ഞൊന്നും താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറയുന്നു