Olympic Games | ഓരോ ഒളിംപിക്‌സിനും ഓരോ പ്രത്യേകതകള്‍: പ്രാവിനെ വെടിവച്ചുവീഴ്ത്തല്‍, ക്രികറ്റ്, തടസങ്ങള്‍ക്കിടയിലൂടെയുള്ള നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ ആദ്യമായും അവസാനമായും നടന്നത് പാരീസില്‍
പാരീസ്: (KasargodVartha) ഒളിംപിക്‌സ് കായിക മാമാങ്കത്തിന് ജൂലൈ 26നാണ് തിരി തെളിയുന്നത്. നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഒളിംപിംക്‌സിന് ഇത്തവണ വേദിയാകുന്നത് പാരിസ് ആണ്. 33-ാം ഒളിംപിക്‌സിനാണ് പാരിസ് സാക്ഷ്യം വഹിക്കുന്നത്.
ആധുനിക ഒളിംപിക്സിന്റെ പിതാവായ പിയറി ഡി കുബെര്‍ട്ടിന്റെ നാട്ടിലേക്ക് മഹാ കായികമേള തിരിച്ചെത്തുന്നത് ഒരു നൂറ്റാണ്ടിനുശേഷമാണ്. 1896-ല്‍, ഗ്രീസിലെ ഏഥന്‍സിലാണ് ആധുനിക ഒളിംപിക്സ് തുടങ്ങിയത്. 1900-ത്തില്‍ രണ്ടാം എഡിഷന്‍ പാരീസിലായിരുന്നു. 1924-ലും ഈ നഗരം ആതിഥേയരായി. ഇതോടെ, മൂന്നുതവണ ഒളിംപിക്സിന് വേദിയായ രണ്ടാം നഗരമാകും പാരീസ് തന്നെ. ലന്‍ഡനില്‍ 1908, 1948, 2012 വര്‍ഷങ്ങളില്‍ മേള നടന്നിരുന്നു.
ദീപശിഖാ പ്രയാണത്തോടെയാണ് ഒളിംപിക്‌സിന് കളമൊരുങ്ങുന്നത്. മത്സരവേദിയില്‍ കൊളുത്താനുള്ള ദീപശിഖ ചൊവ്വാഴ്ച ഗ്രീസിലെ ഒളിംപിയയില്‍ നിന്ന് പ്രയാണം തുടങ്ങി. ജൂലൈ 26-ന് ഒളിംപിക്സിന്റെ ഉദ ്ഘാടനം നിര്‍വഹിക്കുന്നതിന് പിന്നാലെ 16 നാള്‍ ദീപശിഖയിലെ വെളിച്ചം ലോകത്തെ പ്രകാശമാനമാക്കും.
ഓരോ ഒളിംപിക്‌സിനും ഓരോ പ്രത്യേകതകളാണുള്ളത്. ഇത്തവണത്തെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ കായിക ലോകവും താരങ്ങളും കാത്തിരിക്കുകയാണ്. 1900ല്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ ആദ്യമായി വനിതകള്‍ മത്സരിച്ചു എന്നതടക്കമുള്ള ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു.
ആധുനിക ഒളിംപിക്‌സ് മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യ പതിപ്പില്‍ മാത്രമായിരുന്നു വനിതകള്‍ക്ക് സ്ഥാനമുണ്ടാകാതിരുന്നത്. പാരിസിലെ രണ്ടാം ഒളിംപിക്‌സില്‍ 12,226 താരങ്ങളായിരുന്നു ഇരുപത്തിയാറ് രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്തത്. ഇവരില്‍ 22 പേര്‍ വനിതകളായിരുന്നു.
ഷാര്‍ലെറ്റ് കൂപ്പറാണ് ആധുനിക ഒളിംപിക്‌സിലെ ആദ്യ വനിതാ വിജയി. പാരീസില്‍ ബ്രിടനെ പ്രതിനിധീകരിച്ചാണ് ഷാര്‍ലെറ്റ് കൂപ്പര്‍ ഒളിംപിക്‌സ് മെഡല്‍ സ്വന്തമാക്കിയത്. ലോണ്‍ ടെന്നീസിലൂടെയായിരുന്നു ഷാര്‍ലെറ്റിന്റെ നേട്ടം. വ്യക്തിഗത ഒളിംപിക്‌സ് മെഡല്‍ ആദ്യമായി സ്വന്തമാക്കിയ വനിതയും ഷാര്‍ലെറ്റാണ്.
പാരിസ് ഒളിംപിക്‌സിന് പ്രത്യേകതകള്‍ വേറെയുമുണ്ട്. ഒളിംപിക്‌സ് ചരിത്രത്തില്‍ ക്രികറ്റ്, പ്രാവിനെ വെടിവച്ചുവീഴ്ത്തല്‍, തടസങ്ങള്‍ക്കിടയിലൂടെയുള്ള നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ ആദ്യമായും അവസാനമായും നടന്നത് പാരീസിലായിരുന്നു. പാരിസ് ഒളിംപിക്‌സില്‍ ഒരേയൊരു ക്രികറ്റ് മത്സരം മാത്രമായിരുന്നു നടന്നത്. ഗ്രേറ്റ് ബ്രിടനും ഫ്രാന്‍സും തമ്മിലുള്ളതായിരുന്നു ആ മത്സരം. മത്സരത്തില്‍ ഗ്രേറ്റ് ബ്രിടന്‍ 158 റണ്‍സിന് ജയിച്ചു. എന്നാല്‍ ഇത് ഒളിംപിക്‌സ് മത്സരങ്ങളുടെ ഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1912ല്‍ ആയിരുന്നു.
പ്രാവിനെ വെടിവച്ചുവീഴ്ത്തല്‍ അനൗദ്യോഗികമായ മത്സരമായിരുന്നു. 300ഓളം പ്രാവുകള്‍ മത്സരത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പറത്തി വിടുന്ന പ്രാവുകളെ മത്സരാര്‍ഥികള്‍ വെടിവച്ചുവീഴ്ത്തുന്നതായിരുന്നു മത്സരം. കൂടുതല്‍ പ്രാവുകളെ വെടിവച്ചുവീഴ്ത്തുന്നയാളാണ് വിജയിയാകുക.
എന്നാല്‍ പാരിസ് ഒളിംപിക്‌സില്‍ വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല. ജീവികളെ കൊല്ലുന്ന മത്സരം ആദ്യമായിട്ടും അവസാനമായിട്ടും സംഘടിപ്പിച്ചത് പാരിസ് ഒളിംപിക്‌സില്‍ ആയിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനാലാണ് ഒളിംപിക്‌സില്‍ തുടര്‍ന്ന് അത്തരം മത്സരങ്ങള്‍ ഇല്ലാതെ പോയത്.
ഫുട് ബോള്‍ മത്സരങ്ങള്‍ ഒളിംപിക്‌സ് ഇനമായി ആദ്യമായി ഉള്‍പെടുത്തിയതും 1900ത്തിലാണ്. യൂനിവേഴ്‌സല്‍ പാരീസ് എക്‌സ്‌പോ എന്ന വ്യാപാര മേളയുമായി ബന്ധപ്പെടുത്തിയായിരുന്നു 1900ത്തില്‍ പാരിസില്‍ ഒളിംപിക്‌സ് സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. സമാപന ചടങ്ങും അന്ന് സംഘടിപ്പിച്ചിരുന്നില്ല.
'ബ്രേക് ഡാന്‍സ്' മത്സര ഇനമായി ഉള്‍പ്പെടുത്തിയത് അത്തരത്തിലൊന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഹിപ് ഹോപ് സംസ്‌കാരത്തിന്റെ ഭാഗമായി കടന്നുവന്ന ബ്രേക് ഡാന്‍സ് അതിവേഗം ലോകത്ത് പ്രചാരത്തിലായെങ്കിലും കലയോടൊപ്പമാണോ കായികത്തോടൊപ്പമാണോ ഇതിനെ കൂട്ടികെട്ടേണ്ടത് എന്ന സംശയത്തില്‍ മത്സരയിടങ്ങളില്‍ നിന്നും ബോധപൂര്‍വം മാറ്റിനിര്‍ത്തപ്പെട്ടു. അസാമാന്യ മെയ് വഴക്കവും അസാധാരണ കഴിവും ആവശ്യമായ ഒന്നായിട്ടും ലോക വേദികളില്‍ ബ്രേക് ഡാന്‍സ് പെര്‍ഫോമേഴ്‌സ് വലിയ രീതിയില്‍ അംഗീകരിക്കപ്പെടാതെ പോയി.
ആ ഒരു തെറ്റ് കൂടിയാണ് പാരീസ് ഒളിംപിക്സ് തിരുത്തുന്നത്. പഴയ ചില ധാരണകളെ 'ബ്രേക്' ചെയ്യാന്‍ കൂടിയാണ് ഇത്തവണ ബ്രേക് ഡാന്‍സിനെ മത്സരയിനമാക്കിയത് എന്ന് ഒളിംപിക്സ് അധികൃതര്‍ പറയുന്നു. കലയും കായികവും ഉള്‍ച്ചേരുന്ന ഒരു നൃത്ത രൂപമാണ് ഇതെന്നും ബ്രേക് ഡാന്‍സ് മാത്രമല്ല, കൃത്യമായ അത് ലറ്റിസവും സൂക്ഷ്മതയും ഫിറ്റ് നസും ആവശ്യമുള്ള കായികയിനം കൂടിയാണെന്നും പാരീസ് ഒളിംപിക്സ് പ്രഖ്യാപിക്കുന്നു. അതുകൊണ്ട് തന്നെ പാരീസ് ഒളിംപിക്സ് കാത്തിരിക്കുകയാണ് കായിക പ്രേമികള്‍.