Football | സംസ്ഥാന സബ്‌ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപിൽ കാസർകോടിന് കിരീടം
തൃക്കരിപ്പൂർ: (KasaragodVartha) 44-ാമത് സംസ്ഥാന സബ്‌ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കാസർകോടിന് കിരീടം. തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറത്തെയാണ് തോൽപിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാനാവാത്തതിനാൽ പെനാൽറ്റി ഷൂടൗടിലാണ് 4 -3ന് കാസർകോട് ചാംപ്യന്മാരായത്.
കാസർകോടിന് വേണ്ടി ശ്രീനാഥ്, മുഹമ്മദ് ആരിഫ് ഖാൻ, മേഘരാഗ്, കെ വി ആരുഷ് എന്നിവരാണ് പെനാൽറ്റി ഷൂടൗടിൽ ഗോളുകൾ നേടിയത്. മലപ്പുറത്തിനായി അഭിഷേക്, അഷ്ഫാക്ക്, ശ്രീനന്ദൻ എന്നിവരാണ് ഗോളടിച്ചത്. എന്നാൽ മലപ്പുറത്തിന് രണ്ടു പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിക്കാനായില്ല.
സെമിയിൽ മലപ്പുറം തൃശൂരിനെയും കാസർകോട് പാലക്കാടിനെയും തോൽപിച്ചാണ് ഫൈനലിലേക്ക് കടന്നത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ തൃശൂരിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പാലക്കാട് തോൽപിച്ചു.