city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.08.2013

റേഡിയോഗ്രാഫര്‍  ഒഴിവ്

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍  റേഡിയോഗ്രാഫറെ  താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച മെഡിക്കല്‍ റേഡിയോളജി, ഡിഗ്രി, പ്രീഡിഗ്രി സയന്‍സ് രണ്ട് വര്‍ഷത്തെ ഡിപ്ലോമ (റേഡിയോളജിക്കല്‍ ടെക്‌നോളജി) പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 21 നു  11 മണിക്ക് ജനറല്‍ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04994-230080.

സൗജന്യതൊഴില്‍  പരിശീലനം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  കിറ്റ്‌സ് തിരുവനന്തപുരത്തിന്റെ  സഹകരണത്തോടെ ജില്ലയില്‍ യുവതി, യുവാക്കള്‍ക്ക് ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20 നും 30 നും ഇടയില്‍ പ്രായമുളള പ്ലസ്ടു പാസായ യുവതി, യുവാക്കള്‍ക്ക് ട്രാവല്‍ കണ്‍സള്‍ട്ടന്റ്, ടൂര്‍ കണ്‍സള്‍ട്ടന്റ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. അപേക്ഷയും  മറ്റ് വിവരങ്ങള്‍ക്കും ജില്ലാപഞ്ചായത്ത് കെട്ടിടത്തിലെ ജില്ലാ യുവജനകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ 04994- 256219, 9995797296.

ഓണം  ടൗണ്‍ പീപ്പിള്‍സ് ബസാര്‍ 23 നു തുടങ്ങും

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ  ആഭിമുഖ്യത്തില്‍  ഓണം പ്രമാണിച്ച് കാസര്‍കോട് വെയര്‍ഹൗസ് കോര്‍പ്പറേഷന്‍  ബില്‍ഡിംഗ് പരിസരത്ത് ഓഗസ്റ്റ് 23 ന് സപ്ലൈകോ ഓണം ടൗണ്‍ പീപ്പിള്‍സ് ബസാര്‍ തുറക്കും. ഓഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 15 വരെ   ബസാര്‍ പ്രവര്‍ത്തിക്കും.  എല്ലാ നിത്യോപയോഗ സാധനങ്ങളും  ബസാറില്‍ ലഭിക്കും.  രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി എട്ടു മണിവരെ ബസാര്‍ പ്രവര്‍ത്തിക്കും.  ഒറ്റബില്ലില്‍ 1200 രൂപയുടെ  സാധനങ്ങള്‍ വാങ്ങുമ്പോള്‍ 50 രൂപയ്ക്കുളള ശബരി ഉല്‍പ്പന്നങ്ങള്‍ സമ്മാനമായി ലഭിക്കും.

പീപ്പിള്‍സ് ബസാര്‍ 23 നു രാവിലെ 10.30 നു  എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുളള അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ പി  എസ് മുഹമ്മദ് സഗീര്‍ ആദ്യവില്‍പന നടത്തും. സെപ്തംബര്‍ 11 മുതല്‍ 15 വരെ പച്ചക്കറികളും  ബസാറില്‍ വില്‍പനയ്‌ക്കെത്തും.  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് പച്ചക്കറി വാങ്ങിയാണ് വില്‍പന നടത്തുക.

ഇതു കൂടാതെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍  കുമ്പള മാവേലി സ്റ്റോര്‍  കേന്ദ്രീകരിച്ചു  ഓണം ചന്ത തുറക്കുന്നതാണ്.   11 മുതല്‍ 15 വരെ കാസര്‍കോട് താലൂക്കിലെ എല്ലാ മാവേലി സ്റ്റോറുകളിലും മിനി ഓണം ചന്തകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

പിന്നോക്ക  വിഭാഗ കമ്മീഷന്‍ സിറ്റിംഗ് 27 ന്

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ആഗസ്റ്റ് 27 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. ഹനഫി, തീയ്യ,കാവുതീയ്യ, പത്മശാലി എന്നീ സമുദായങ്ങളെ ഒ ബി സി പട്ടികയില്‍  ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചുളള നിവേദനങ്ങള്‍ സിറ്റിംഗില്‍  പരിഗണിക്കും. ഈ വിഷയങ്ങളില്‍ അഭിപ്രായം ബോധിപ്പിക്കാനുളള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിംഗില്‍ പങ്കെടുക്കാം. രാവിലെ 11 ന്  സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജി ശിവരാജന്‍, മെമ്പര്‍മാരായ മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി, കെ ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ.ആശാ തോമസ് എന്നിവര്‍ പങ്കെടുക്കും.

വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ബാങ്ക് മുഖേന

ജില്ലയില്‍ 9,10 ക്ലാസുകളില്‍ പഠിക്കുന്ന  പട്ടികവര്‍ഗ്ഗ, മറാഠി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ വിതരണം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന ബാങ്കുകള്‍ വഴി ആക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ, മറാഠി വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ആധാര്‍ അടിസ്ഥാനമായുളള ബാങ്ക് അക്കൗണ്ട എടുത്ത് സ്ഥാപനമേധവികള്‍ വഴി നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം.  വിശദവിവരങ്ങള്‍ക്ക് 04994-225466 നമ്പറില്‍ ബന്ധപ്പെടാം.

പത്താംക്ലാസ് തുല്യതാ രജിസ്‌ട്രേഷന്‍ 31 വരെ നടത്താം

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടു കൂടി നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ പിഴയോട്കൂടി ഓഗസ്റ്റ് 31 വരെ സ്വീകരിക്കും.  25 വരെ 10 രൂപ, 26 മുതല്‍ 31 വരെ 100 രൂപയുമാണ് പിഴ അടക്കേണ്ടത്. രജിസ്‌ട്രേഷന്‍ ഫീസ്  നൂറ് രൂപയും കോഴ്‌സ് ഫീസ് 1500 രൂപയുമാണ്.  കോഴ്‌സ് ഫീസിന്റെ കൂടെയാണ് പിഴ അടക്കേണ്ടത്. എസ് സി, എസ് ടി  തുടങ്ങിയ വിഭാഗക്കാര്‍ക്ക് പിഴ ഈടാക്കുന്നതല്ല. താല്‍പര്യമുളളവര്‍ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍  വിദ്യാകേന്ദ്രങ്ങളുമായോ ബന്ധപ്പെടണം. ഫോണ്‍ 04994-255507, 9961477376.

കൊതുക് ഉറവിട സര്‍വ്വെ നടത്തി

ആരോഗ്യവകുപ്പിന്റെ കീഴിലുളള ജില്ലാ സെക്ടര്‍  കണ്‍ട്രോള്‍ യൂണിറ്റിന്റേയും പി എച്ച് സി  ആരിക്കാടിയുടേയും ആഭിമുഖ്യത്തില്‍ ആരിക്കാടിയില്‍  കൊതുകുകളുടെ ഉറവിട നശീകരണവും ഈഡിസ് സര്‍വ്വെയും നടത്തി. കൊതുക്ജന്യ രോഗങ്ങളെക്കുറിച്ച് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ കെ അഷറഫ് ക്ലാസെടുത്തു. ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍മാരായ  സുബ്രഹ്മണ്യന്‍, പി കെ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുടുംബശ്രീ ക്ലീന്‍ കാസര്‍കോട് ആചരിച്ചു

ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി കുടുംബ ശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ കളക്ടററ്റ് പരിസരം വൃത്തിയാക്കി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍അബ്ദുല്‍ മജീദ് ചെമ്പരിക്ക് ഉദ്ഘാടനം ചെയ്തു.  കളക്ടറേറ്റ് പരിസരത്തെ ഓടകള്‍ വൃത്തിയാക്കി. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.  ഏ.ഡി.എം.സി, ഓ.എസ്.എസ്, കണ്‍സള്‍ട്ടന്റുമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ  ക്ഷണിച്ചു

ഭവനപദ്ധതിയിലേക്ക്  അജാനൂര്‍ മത്സ്യഗ്രാമത്തിലെ അംഗീകൃത  സജീവ മത്സ്യത്തൊഴിലാളികളില്‍ നിന്നും  സജീവ  മത്സ്യത്തൊഴിലാളികളുടെ വിധവകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം കാഞ്ഞങ്ങാട്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ആഗസ്റ്റ് 31 വൈകീട്ട് മൂന്നു മണിക്കകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0467-2202537.

നിയമനാസുസൃതമല്ലാത്ത  മത്സ്യബന്ധനം ഒഴിവാക്കണം

ജില്ലയിലെ തീരക്കടലില്‍ മത്സ്യബന്ധനയാനങ്ങള്‍  ദൂരപരിധി ലംഘിച്ചും നിരോധിക്കപ്പെട്ട വലകള്‍  ഉപയോഗിച്ചുമുളള നിയമനാസുസൃതമല്ലാത്ത മത്സ്യബന്ധന രീതികള്‍ ഒഴിവാക്കേണ്ടതാണ്.  ഇത്തരത്തില്‍ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെടുന്ന യാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കാറ്റടിക്കാന്‍  സാധ്യത

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും  ലക്ഷദ്വീപ പ്രദേശങ്ങളിലും  വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീറ്റര്‍ മുതല്‍ 55 കി.മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

ശുചീകരിച്ചു

ക്ലീന്‍ കാസര്‍ഗോഡ് ശുചിത്വ പരിപാടിയുടെ ഭാഗമായി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ഗ്രാമപഞ്ചായത്തിലെ  പെരിയ, ഇരിയ, അമ്പലത്തറ, ചാലിംഗല്‍, പുല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ശുചീകരിച്ചു. പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെരിയ സി എച്ച് സി, ഹൈസ്‌ക്കൂള്‍, അംഗന്‍വാടി പരിസരങ്ങള്‍ എന്നിവയും ശുചീകരിച്ചു. പെരിയ പോളിടെക്‌നിക്ക്, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരിവ്യവസായി ഏകോപനസമിതി, വിവിധ ക്ലബ്ബുകള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശുചിത്വകൂട്ടായ്മയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. മെമ്പര്‍ പി. മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഗോവര്‍ദ്ധനന്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രമോദ് പെരിയ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ശിവകിരണ്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ സ്വാഗതവും ശശി നാരായണന്‍ നന്ദിയും പറഞ്ഞു.

ക്യാന്‍സര്‍  ചികിത്സയ്ക്ക് വായ്പയെടുത്തയാള്‍ക്ക് ആശ്വാസമേകി സുതാര്യകേരളം

ഭാര്യയുടെ ക്യാന്‍സര്‍ ചികിത്സയ്ക്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതിരുന്നയാള്‍ക്ക് സുതാര്യകേരളത്തിലൂടെ വായ്പ ഇളവ് ലഭിച്ചു. പടന്ന പഞ്ചായത്തിലെ, കൈതക്കാട് ഓരിയില്‍  താഴത്ത് വീട്ടില്‍ വി.വാസുവിനാണ് സുതാര്യകേരളത്തിലൂടെ വായ്പ തിരിച്ചടയ്ക്കുന്നതിന് ഇളവ് ലഭിച്ചത്. വാസുവിന്റെ ഭാര്യ ടി.വി സരോജിനി ക്യാന്‍സര്‍ ചികിത്സയ്ക്കായി പടന്ന സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 2011 ല്‍ 15000 രൂപ വായ്പയെടുത്തിരുന്നു. വായ്പ സമയത്ത് 50 രൂപ റിസ്‌ക് ഫണ്ടിലേക്ക് അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2012 ഏപ്രിലില്‍ സരോജിനി തലശ്ശേരി ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാരിച്ച ചികിത്സ ചെലവ്മൂലം കടം കയറിയതിനാല്‍ റിസ്‌ക് ഫണ്ടില്‍  പണമടയ്ക്കാന്‍  വാസുവിന് സാധിച്ചില്ല. ആറുമാസത്തില്‍  കൂടുതല്‍ തവണ മുടക്കം വരുത്തിയതിനാല്‍ ഫണ്ട് പരിധിയില്‍ വരില്ലെന്ന് ബാങ്കില്‍ നിന്ന് അറിയിച്ചതിനാല്‍ എന്തുചെയ്യണമെന്നറിയാതെയാണ് വാസു ജൂണില്‍ സുതാര്യകേരളം കാസര്‍കോട് ജില്ലാ സെല്ലിനെ സമീപിച്ചത്.

സുതാര്യകേരളം ജില്ലാ സെല്‍ ഈ ആവശ്യവുമായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറെ സമീപിക്കുകയും  ചെയ്തു. കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയിലൂടെ മരണമടഞ്ഞ വായ്പക്കാരന്റെ  അവകാശിക്ക് ധനസഹായം  അനുവദിച്ച്  സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍  ഉത്തരവിറക്കുകയായിരുന്നു..  മരണമടഞ്ഞ വായ്പക്കാരന്റെ വായ്പയിലേക്ക് അര്‍ഹമായ ആനുകൂല്യം അനുവദിക്കണമെന്ന അപേക്ഷ പ്രകാരം സരോജിനിക്ക് വായ്പയില്‍ മുതലിനത്തില്‍ 1500 രൂപയും പലിശയിനത്തില്‍ 1437 രൂപയും ആയി ആകെ 16437 രൂപ ധനസഹായമായി അനുവദിക്കുകയും ചെയ്തു. ആകെയുളള  കടത്തിന്റെ ഒരു ഭാഗമെങ്കിലും അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് സരോജിനിയുടെ ഭര്‍ത്താവ് വാസു.

പോസ്റ്റ് മെട്രിക് തലത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള ആനുകൂല്യം സുതാര്യകേരളത്തിന്റെ ഇടപെടല്‍ മൂലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിവേകാനന്ദ കോപ്പറേറ്റീവ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ കെ.എസ്.സന്തോഷ്‌കുമാര്‍. സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായപ്പോഴാണ് സുതാര്യകേരളം കാസര്‍കോട് ജില്ലാ സെല്ലിനെ സമീപിച്ചത്. സുതാര്യകേരളം വഴി ജില്ലാ പട്ടികജാതി വികസന ആഫീസിലേക്ക് നല്‍കുകയും ചെയ്തു. ഫണ്ട് ലഭ്യമായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി.

അപേക്ഷ നല്‍കിയിട്ടും റേഷന്‍ കാര്‍ഡ് ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് ദേലംപാടി പഞ്ചായത്തിലെ കാട്ടിപ്പാറയിലുളള മൊയ്തീന്‍ കുഞ്ഞി  സുതാര്യകേളത്തിനെ സമീപിച്ചത്. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറിയ പരാതിയില്‍ അഞ്ച് ദിവസത്തിനകം തീര്‍പ്പുണ്ടാകുകയും ് റേഷന്‍കാര്‍ഡ് നല്‍കുകയും ചെയ്തു.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് സായാഹ്ന ഡിപ്ലോമ കോഴ്‌സ്

പെരിയ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2013-14 വര്‍ഷത്തിലാരംഭിക്കുന്ന സായാഹ്ന ഡിപ്ലോമ കോഴ്‌സിന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശന കൗണ്‍സിലിംഗ് ഇന്ന് (ആഗസ്റ്റ് 20)  രാവിലെ 11 മണിക്ക് പോളിടെക്‌നിക്കില്‍ നടത്തും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. നേരത്തേ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്ക് ഈ കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പ്രവേശന സമയത്ത് ഹാജരാക്കണം. സംവരണത്തിന് അര്‍ഹതയുളളവര്‍ തെളിയിക്കുന്നതിനുളള  ഒറിജിനല്‍ രേഖകള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ചത് കൗണ്‍സിലിംഗ് സമയത്ത് ഹാജരാക്കണം.

Kasaragod, Kerala, Annual Fest, waste, Campaign, Competition, Sports, Malayalam News, National News, Kerala News, International Newsഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ശാഖയില്‍ മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍  ബ്രാഞ്ചില്‍ ഈ അധ്യയന വര്‍ഷം സായാഹ്ന ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നതല്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സിന് ചേരാന്‍ താല്‍പര്യമുളളവര്‍ ഈ കോഴ്‌സിന്റെ ആദ്യ സെമസ്റ്റര്‍ ഫീസ് തുക 11200 രൂപ പി ടി എ ഫണ്ട് ഉള്‍പ്പെടെ അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 234020.

പാസ് വേഡ് ക്യാമ്പ് സമാപിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിഭാഗത്തില്‍പെടുന്ന  ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് പാസ് വേഡ് മായിപ്പാടി ഡയറ്റില്‍ സമാപിച്ചു. 150 ഓളം വിദ്യാര്‍ത്ഥികള്‍  പങ്കെടുത്തു. ആഗസ്റ്റ് 17 ന് രാവിലെ എ ഡി എം എച്ച്.ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പിന്റെ വിവിധ സെക്ഷനുകളില്‍ സിറാജുദ്ദീന്‍ അക്കാടത്ത്, ഷെരീഫ് പൊവ്വല്‍, റഷീദ്, ഹംസ മയ്യില്‍ തുടങ്ങിയവർ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. സമാപന ദിവസം രക്ഷിതാക്കള്‍ക്കുളള പ്രത്യേക ക്ലാസും നടന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍  അബ്ദുള്‍ അസീസ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ പി  എം മഹമ്മൂദ്, നിര്‍മ്മല്‍കുമാര്‍ കാടകം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ ഉദ്യോഗസ്ഥരും ന്യൂനപക്ഷ പ്രമോട്ടര്‍മാരും ക്യാമ്പ് അംഗങ്ങള്‍ക്ക് ആവശ്യമായ സജ്ജീകരണം നല്‍കി.

ഒന്നാംദിവസം വൈകുന്നേരം ക്യാമ്പ് അംഗങ്ങല്‍ക്കുളള കലാപരിപാടികള്‍ നടന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുമായി കുട്ടികള്‍ സംവദിച്ചു. വിദ്യാഭ്യാസ അവസരങ്ങളുടെ കാര്യത്തില്‍ ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ പരമാവധി ശ്രമിക്കുമെന്ന്  അദ്ദേഹം ഉറപ്പു നല്‍കി. സമാപന ചടങ്ങില്‍ എ ഡി എം എച്ച്.ദിനേശന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹിമാന്‍,ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ, അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, ഡയറ്റ്  പ്രിന്‍സിപ്പാള്‍ സി എം ബാലകൃഷ്ണന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ പ്രൊ.മഹമ്മൂദ് എന്നിവര്‍ പങ്കെടുത്തു. പി വി അബ്ദുള്‍ അസീസ്, നിര്‍മ്മല്‍കുമാര്‍ കാടകം എന്നിവര്‍ ക്യാമ്പ് അവലോകനം നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

നീലേശ്വരത്ത് ശുചിത്വ കൂട്ടായ്മ

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍  നടന്ന ശുചിത്വ കൂട്ടായ്മ നഗര സഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും നേതൃത്വം നല്‍കി. നീലേശ്വരം പോലീസ് സ്റ്റേഷന്‍ മാര്‍ക്കറ്റ് പരിസരം,ദേശീയപാത പരിസരം എന്നിവിടങ്ങളില്‍ ശുചീകരണം  നടത്തി. ദേശീയ പാതയോരത്ത്  ശുചീകരിച്ച സ്ഥലത്ത്    ഹരിതതീരം പദ്ധതിയുടെ ഭാഗമായി  വാഴകൃഷി നടത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍,പോലീസ്, ആശാവര്‍ക്കര്‍, തൊഴിലാളികള്‍ പങ്കെടുത്തു.

കാസര്‍കോട് ബ്ലോക്ക്തല പൈക്ക മത്സരത്തിന് തുടക്കം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ബ്ലോക്ക്തല പൈക്കകായിക മത്സരം കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമായി ആരംഭിച്ചു. ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി നാന്നൂറോളം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്തല  അത്‌ലറ്റിക്‌സ് മത്സരം ഇന്ന് (ആഗസ്റ്റ് 20) മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.

ചിഞ്ചുജോസിന് വരവേല്‍പ്പ്

അയര്‍ലന്റില്‍ നടന്ന  ലോക പോലീസ് കായികമേളയില്‍ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെളളിമെഡലും നേടിയ ചിഞ്ചുജോസിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വരവേല്‍പ്പ് നല്‍കി. അനുമോദന യോഗം ജില്ലാ പോലീസ് മേധാവി  തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം അച്യുതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഡോ.പി പ്രഭാകരന്‍, സി നാരായണന്‍, ചന്ദ്രമോഹനന്‍ എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മുരളീധരന്‍ പാലാട്ട് സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ പളളം നാരായണന്‍ നന്ദിയും പറഞ്ഞു.

Keywords:  Kasaragod, Kerala, Annual Fest, waste, Campaign, Competition, Sports, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia