ബേക്കല്‍ ഫുട്ബോള്‍ വിവാദം: മൗവ്വല്‍ കപ്പ് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി; പോലീസ് സംരക്ഷണം നല്‍കണം
Dec 20, 2017, 19:49 IST
ബേക്കല്‍: (www.kasargodvartha.com 20.12.2017) പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ മൈതാനത്ത് ഇത്തവണ മൗവ്വല്‍ കപ്പിന് വേണ്ടി പന്തുരുളുമെന്ന് മുഹമ്മദന്‍സ് ടൂര്‍ണമെന്റ് കമ്മററി കണ്‍വീനിയര്‍ അബൂബക്കര്‍ അറിയിച്ചു. ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് നടത്തിവരുന്ന എതിര്‍പ്പുകളും, മൈതാനത്തിനു മുന്നില്‍ കെട്ടി ഉയര്‍ത്തപ്പെട്ട സമരപന്തലും മറികടന്ന് സ്റ്റേഡിയത്തിലേക്ക് കടക്കാനുള്ള മാര്‍ഗം നിഷേധിച്ചതിലുള്ള പരാതിയുമായി മുഹമ്മദന്‍സ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പഞ്ചായത്ത് മത്സരം നടത്താന്‍ ഗ്രൗണ്ട് ക്ലബ്ബിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. എത്രയും വേഗം മൈതാനം മത്സരം നടത്തുന്നതിനായി മുഹമ്മദന്‍സിന് വിട്ടു കൊടുക്കാനും മത്സരം നടക്കുകമ്പോള് ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നിയമം കൈയ്യിലെടുക്കാന്‍ ആരേയും അനുവദിക്കാതെ സംരക്ഷിക്കാന്‍ പോലീസ് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി അബൂബക്കര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഗ്യാലറി പണിയുന്നത് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നും ടീമുകളുടെയും താരങ്ങളുടെയും ഡേറ്റ് ലഭിച്ചതായും മാതൃകാപരമായി അച്ചടക്കത്തോടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് നിലനിര്‍ത്തിക്കൊണ്ടുള്ള വാശിയേറിയ മത്സരം കാഴ്ച്ച വെക്കാന്‍ മുഹമ്മദന്‍സ് തയ്യാറായിക്കഴിഞ്ഞതായും ക്ലബ്ബ് കണ്‍വീനര്‍ പറഞ്ഞു.
വിധിപ്പകര്‍പ്പ് കൈയ്യില്‍ കിട്ടാത്തതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് സെക്രട്ടറി റാഷിദ് അറിയിച്ചു. വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം ഉചിതമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും ബ്രദേഴ്സ് ക്ലബ്ബിനു ബേക്കല്‍ മൈതാനത്തിലുള്ള അവകാശം നില നിര്‍ത്തുമെന്നും അതിനായി മുഴുവന്‍ ഫുട്ബോള്‍ പ്രേമികളേയും സംഘടിപ്പിച്ച് നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, kasaragod, news, Bekal, Football, Police, Pallikara, Club, High-Court, Panchayath, Bekal Football controversy: HC grants permission to Movval cup