Championship | ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോക ലൈഫ് സേവിംഗ് ചാംപ്യൻഷിപിൽ ഇൻഡ്യയ്ക്കായി തിളങ്ങാൻ അബ്ദുൽ ബാസ്വിത്
* മംഗ്ളുറു യെനപോയ കോളജിലെ രണ്ടാംവര്‍ഷ പി യു സി വിദ്യാർഥിയാണ്
കാസര്‍കോട്: (KasaragodVartha) ഓഗസ്റ്റിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോക ലൈഫ് സേവിംഗ് ചാംപ്യൻഷിപിൽ ഇൻഡ്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ മുഹമ്മദ് അബ്ദുൽ ബാസ്വിതും. മംഗ്ളുറു ബോളാറിലെ സൈനുദ്ദീന്‍ മുന്ന - കാസർകോട് കോപ്പയിലെ ശംസി ശാനിയത് ദമ്പതികളുടെ മകനാണ്. മംഗ്ളുറു യെനപോയ കോളജിലെ രണ്ടാംവര്‍ഷ പി യു സി വിദ്യാർഥിയാണ് ബാസ്വിത്.
ലോക ലൈഫ് സേവിംഗ് ചാംപ്യൻഷിപ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവൻ രക്ഷാ മത്സരങ്ങളിൽ ഒന്നാണ്. ഈ വർഷത്തെ ചാംപ്യൻഷിപ് ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ എട്ട് വരെ നടക്കും. 18 ദിവസത്തെ മത്സരത്തിൽ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. 200 മീറ്റർ ഒബ്സ്റ്റാകിൾ സ്വിം, 200 മീറ്റർ സൂപർ ലൈഫ് സേവർ, 100 മീറ്റർ മാനിക്വിൻ ടോ വിത് ഫിൻസ്, റൺ സ്വിം റൺ എന്നീ നാല് ഇനങ്ങളിലാണ് ബാസ്വിത് മത്സരിക്കുക.
വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് ബാസ്വിത് ലോക ചാംപ്യൻഷിപിലേക്ക് യോഗ്യത നേടിയത്. ഈ വർഷം ജനുവരിയിൽ നടന്ന ദിയു ബീച് ഗെയിമില്‍ അഞ്ച് കി.മീ ഓട്ടത്തില്‍ വെള്ളിമെഡലും കൊച്ചി പെരിയാര്‍ നദിയില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണ മെഡലും നേടിയിരുന്നു.
ലോക ചാംപ്യൻഷിപിൽ ഇൻഡ്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ബാസ്വിത് കാസർകോട് വാർത്തയോട് പറഞ്ഞു. രാജേഷ് ആന്റണി, യശോദ ഭണ്ഡാരി എന്നിവരുടെ കീഴിലാണ് ബാസ്വിത് പരിശീലനം നടത്തുന്നത്. മംഗ്ളൂറിൽ എം എസ് സി കൗണ്‍സിലിംഗ് വിദ്യാർഥിനിയായ ശുറൈഫ ജാസ്മിന്‍ സഹോദരിയാണ്.