Culture | ഗ്രാമങ്ങളിൽ സമൃദ്ധിയും ഐശ്വര്യവും പുലരാൻ ഓണേശ്വരനിറങ്ങി; 'ഓണപ്പൊട്ടന്റെ' വിശേഷങ്ങൾ
* ഓണപ്പൊട്ടൻ വീടുകളിൽ നിന്നും ദക്ഷിണ വാങ്ങുന്നത് ഓട്ടുമണിയിലാണ്.
* കർക്കിടകത്തിൽ ആടിവേടൻ തെയ്യം കെട്ടിക്കഴിഞ്ഞാൽ ചിങ്ങത്തിലെ ഓണംവരെയും ഓണേശ്വരൻ വീടുകൾ കയറിയിറങ്ങാറുണ്ട്.
ഓണപ്പൊലിമ / ചന്ദ്രൻ മുട്ടത്ത്
(KasargodVartha) വയലേലകളിൽ കാക്കപ്പൂവും കൃഷ്ണപ്പൂവും കണ്ണുമിഴിക്കുകയായി. കൈതോല കൊണ്ടുണ്ടാക്കിയ കൂടകളിലും കുര്യകളിലും പൂവിറുക്കാൻ വയലേലകളിലേക്ക് കുരുന്നുകളുടെ ആഹ്ലാദം. ദൂരെ ഒറ്റ ചെണ്ടവാദ്യത്തിൽ ഓണത്തിൻ്റെ ഗതകാല സ്മരണകളുണർത്തി പൂപ്പാട്ടിന്റെ ഈണവും നിറങ്ങളുടെ വശ്യമനോഹാരിതയും നിറച്ചെത്തുന്ന ഒരു ഓണക്കാലം കൂടി വരവായി.
കോലത്തു നാട്ടിലെ സുമനസ്സുകളിൽ ഓണപ്പൊട്ടന്റെയും (ഓണേശ്വരൻ) തുമ്പിതുള്ളലിന്റെയും മധുര സ്മരണകളുണർത്തുന്നതാണ് ഓരോ ഓണക്കാലവും. ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ വീടുകൾ തോറും സമൃദ്ധിയും ഐശ്വര്യവും വാരി വിതറാൻ കയറി ഇറങ്ങുന്ന ഓണപ്പൊട്ടൻ മഹാബലി സങ്കല്പത്തിലുള്ള ഒരു അപൂർവ്വ അനുഷ്ഠാന കലാരൂപമാണ്. ഉടുക്കിന്റെ പിന്നണി വാദ്യത്തിൽ പുന്നെല്ല് വിളഞ്ഞു നില്ക്കുന്ന പാടത്തിലൂടെ ഏഴകളെ ആശീർവദിക്കാൻ വരാറുള്ള ഓണേശ്വരന് ഇന്നും മലനാട്ടിലെയും കടത്തനാട്ടിലെയും ഗ്രാമങ്ങിൽ ഭക്തി നിർഭരമായ വരവേൽപ് നൽകി വരുന്നുണ്ട്.
കുരുത്തോലയും വർണ്ണ പൂക്കളും കൊണ്ട് അലങ്കരിച്ച ഓലക്കുടയും ചൂടിയെത്തുന്ന ഓണപ്പൊട്ടന് മയിൽപീലിയും പൂക്കളും തുന്നിചേർത്തുണ്ടാക്കിയ പ്രത്യേക കിരീടമാണ്. പുതുമണം വിട്ടുമാറാത്ത പട്ടുവസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന ഓണപൊട്ടന്റെ കൈയ്യിൽ ഓട്ടുമണിയുണ്ടാകും. വീട്ടിലെത്തുന്ന ഓണപൊട്ടൻ ആരോടും ഒന്നും തന്നെ ഉരിയാടാറില്ല. മണികിലുക്കിയും പ്രത്യേക ആംഗ്യം കാണിച്ചുമാണ് ആശയവിനിമയം, കാലിൽ ഒരു ഉറുമ്പുപോലും കയറരുതെന്ന വിശ്വാസമുള്ളതിനാൽ ഓണപൊട്ടൻ ഒരിടത്തും നിൽക്കാറില്ല.
വീടുകളിൽ നിന്നും ദക്ഷിണ വാങ്ങുന്നത് ഓട്ടുമണിയിലാണ്. മണിയിൽ നിക്ഷേപിക്കുന്ന ദ്രവ്യങ്ങളിൽ നിന്നും ഒരു നുള്ളടുത്ത് കിരീടത്തിൽ നിന്നും പറിച്ചെടുക്കുന്ന ചെക്കിപ്പൂവും ചേർത്ത് നിലവിളക്കിൽ ചാർത്താറുണ്ട്. മനയില, ചായില്യം തിരിമഷി എന്നിവകൊണ്ടാണ് മുഖത്തെഴുത്ത്. കൈതോല നാരുകൊണ്ടുള്ള നീണ്ട താടിയുണ്ട്. കൈയ്യിൽ വളയും ചൂടകവും അണിയും.
പൈതൃകമായി പുള്ളവർ, പാണർ, മലയർ എന്നീ സമുദായക്കാരാണ് ഓണപൊട്ടൻ കെട്ടുന്നത്. വർണ്ണപൂക്കളം തീർത്ത നടുമുറ്റത്ത് നിന്നും മഹാബലിയെയും വീരനായകരെയും കുറിച്ചുള്ള പൊലിച്ചു പാട്ടുകളുണ്ട്. ചടങ്ങ് കാണാൻ നിറദീപവും നിലവിളക്കും വെച്ച് കുടുംബക്കാർ ഒത്തുകൂടും. വീട്ടിലെ ആട്ടവും പാട്ടിനും ശേഷം യാത്രയാകുന്ന ഓണപ്പൊട്ടനും സംഘത്തിനും നെല്ലും ഓണപ്പുടവയും നൽകുന്ന പതിവുണ്ട്.
രാജഭരണകാലത്ത് ഓണപൊട്ടൻ കെട്ടിയാടുന്നതിന് വിവിധ സമുദായ ക്കാർക്ക് അവകാശം നൽകിയിരുന്നു. രാജഭരണവും നാട്ടുവഴക്കവും മാറിയതോടെ പെരുമയിലെ ഈ അനുഷ്ഠാന കലാരൂപവും വിസ്മൃതിയിലാവുകയാണ്. കർക്കിടകത്തിൽ ആടിവേടൻ തെയ്യം കെട്ടിക്കഴിഞ്ഞാൽ ചിങ്ങത്തിലെ ഓണംവരെയും ഓണേശ്വരൻ വീടുകൾ കയറിയിറങ്ങാറുണ്ട്. കാസർകോട് ജില്ലയിൽ ഓണത്താറെന്നും അറിയപ്പെടുന്നു.
#Onappottan #Onam #Kerala #tradition #culture #folkart