city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാലത്തെ റമദാന്‍ വിട പറയുമ്പോള്‍...

ബി എം പട്‌ള

(www.kasargodvartha.com 21.05.2020) വിശുദ്ധ വസന്തത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് നമ്മില്‍ നിന്നും ഒരു റമദാന്‍ കൂടി പടിയിറങ്ങുകയാണ്. പതിവ് പോലെയായിരുന്നില്ല ഇപ്രാവശ്യത്തെ റമദാൻ . അത് വിശ്വാസികളെത്തേടി വിരുന്നെത്തിയതും  സൽക്കരിക്കപ്പെട്ടതും ഉപയോഗപ്പെടുത്തപ്പെട്ടതും. ആളനക്കമോ ആരവങ്ങളോ സമൂഹ നോമ്പ് തുറയുടെ മാധുര്യങ്ങളോ ഇല്ലാത്ത തികച്ചും മൂകമായ അന്തരീക്ഷത്തിലായിരുന്നു. ഇപ്രാവശ്യത്തെ റമദാനിന്റെ വിശുദ്ധിയെ നിര്‍ബന്ധ സാഹചര്യത്തില്‍ വിശ്വാസികള്‍ മുഴുവനും വീടുകളിലേക്ക് തന്നെ കുടിയിരുത്തുകയായിരുന്നു.

ജീവിതത്തിലെന്നും തിരക്കുണ്ടായിരുന്നവരൊക്കെ തിരക്കില്ലാത്ത ജീവിതത്തോട് സമരസപ്പെടുകയായിരുന്നു. അത് മൂലം ആരാധനകള്‍ കൊണ്ട് ധന്യമാക്കാനുളള സുവര്‍ണ്ണവസരമായി പലരും ഉപയോഗിച്ചു. ആര്‍ഭാടങ്ങളില്ലാത്ത ഭക്ഷണ വൈഭവങ്ങളില്ലാത്ത തികച്ചും ലാളിത്യത്തില്‍ ചാലിച്ചെടുത്ത തികച്ചും വേറിട്ടൊരു  ഒരു നോമ്പ് കാലം.!

ഇത് പോലൊരു റമളാനിനെ വരവേറ്റതായിട്ട്  ആരുടെയും ഓര്‍മ്മയിലില്ലത്രെ. ഒരു പക്ഷെ മുന്ഗാമികള്‍ക്ക് പോലും ഇത്തരം ഒരനുഭവം ഓര്‍ത്തെടുക്കാന്‍ ഉണ്ടായിരിക്കുമായിരുന്നില്ല എന്നതായിരിക്കും നേര്. ഇനി ഒരിക്കലും ഒരു കാലക്കാര്‍ക്കും ഇങ്ങനെയൊരു ദുരനുഭവം കടന്നു വരാതിരിക്കുകയും ചെയ്യട്ടെ... തലമുറകള്‍ കഴിഞ്ഞാലും ഒരു പക്ഷെ  ഈ റമളാനിനെ ഓര്‍മ്മത്താളുകളില്‍ കുറിച്ചിട്ടേക്കാം. ആയിരം മാസങ്ങളേക്കാളും  ശ്രേഷ്ഠതയുള്ള  വിധി നിര്‍ണ്ണയത്തിന്റെ രാവുകളെപ്പോലും പള്ളികളില്‍ ഭജനമിരുന്ന്  വരവേല്‍ക്കാന്‍ ഭാഗ്യമില്ലാതെ വന്നപ്പോള്‍ ആ അടഞ്ഞുകിടന്ന പളളികളിലെ  കവാടങ്ങളുടെ തേങ്ങലുകള്‍  അനുഗ്രത്തിന്റെ മാലാഖമാര്‍ക്ക് പോലും താങ്ങാന്‍ കഴിഞ്ഞുട്ടുണ്ടാവില്ല. ഒരു പക്ഷെ ഈ റമദാന്‍ നമ്മോട് വിളിച്ച് പറഞ്ഞിട്ടുണ്ടാകാം, നിങ്ങള്‍ അനുഭവിച്ച ഈ മാനസിക പ്രയാസങ്ങള്‍, ഉല്‍കണ്ഠകള്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ അങ്ങനെ പലതും ഞാന്‍ നേരിട്ട് അനുഭവിച്ചെന്നും ഇതെല്ലാം റബ്ബിന്റെ തിരുദര്‍ബാറില്‍ ഞാന്‍ സമര്‍പ്പിക്കുമെന്നും.

നിരാശപ്പെടരുത്.... ഇതില്‍ നിന്നും പാഠം ഉൾക്കൊണ്ട്  ഇനിയുമൊരു പാട് കാലം അനേകം റമദാനിനെ വരവേല്‍ക്കാനാണിതൊക്കെ. മനുഷ്യരാശിയുടെ നിലനില്‍പ്പിന് വളരെ പ്രധാന്യം കൊടുത്ത സൃഷ്ടാവിന്റെയും അവന്റെ തിരുദൂതരുടെയും  കല്‍പ്പനകളെ ശിരസാ വഹിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് നമുക്ക് ഒന്നു കൂടി ഈ കൊറോണ കാലം ബോധ്യപ്പെടുത്തി തരികയാണ്.

പരിഭവങ്ങളുടെ കെട്ടുകളോരോന്നഴിക്കുമ്പോഴും ആശ്വാസത്തിന്റെ കഥകളും പറയാനുമുണ്ട് ഈ റമദാനിന്. ഈ വിശുദ്ധ മാസത്തെ വിവരദോഷികളും അനര്‍ഹരുമായ  ഒരു വിഭാഗം മുസ്ലിംകളും ഒരു വിഭാഗം അമുസ്ലിംകളും യാചനയുടെ മാസമായിട്ടാണ് കണക്ക് കൂട്ടിയിരുന്നതും ഉപയോഗിച്ചിരുന്നതും. ഇസ്ലാം വളരെ കര്‍ക്കശമായി വിലക്കിയതും പല കോണുകളില്‍ നിന്നും വിവരസ്ഥരായ നേതാക്കളും നിരന്തരം  നിരുത്സാഹപ്പെടുത്തിയ തുമായ സമ്പ്രദായത്തിനുവിലങ്ങു വീഴ്ത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരു ദുശീലത്തിനു കടിഞ്ഞാണിടുക എന്ന ഒരാശയം സമ്പൂര്‍ണ്ണമായും പ്രാബല്യത്തിലാവാന്‍ കൊവിഡ് കാലത്തെ റമദാന്‍ തന്നെ വേണ്ടി വന്നത് ഒരു നിയോഗമായിരിക്കാം.
കോവിഡ് കാലത്തെ റമദാന്‍ വിട പറയുമ്പോള്‍...

തല്‍ഫലമായി ഇസ്ലാം വളരെ കര്‍ക്കശമായി പറഞ്ഞ സ്വന്തം മുതലില്‍ നിന്നുളള സകാത്തും (നിര്‍ബന്ധിത ദാനം) സ്വദഖയും (ഐഛിക ദാന ധര്‍മ്മം) അര്‍ഹരിലേക്ക് തന്നെ ഏറെക്കുറെ എത്തിക്കാനായത് വളരെ ശ്രദ്ധേയമായിരുന്നു. പുണ്യങ്ങളുടെ പൂക്കാലം അവസാന ദിനങ്ങളിലേക്കെത്തുകയാണ്. സ്വര്‍ഗ്ഗ പ്രാപ്തിയും നരക മുക്തിയും ചോദിച്ചു വാങ്ങിയ ദിന രാത്രങ്ങള്‍. മഹാമാരിയുടെ ദുരിത മഴ പെയ്ത കൊറോണക്കാലത്തെ റമദാന്‍ നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചോ?. ഈ റമദാനില്‍ ഞാനെന്ത് നേടിയെന്ന് ഓരോ വിശ്വാസിയുടെയും നെഞ്ചകം പിടക്കുന്ന കണക്കെടുപ്പാണ് ഇനി വേണ്ടത്.

കഥന ഭാരത്താല്‍ വിങ്ങിപ്പൊട്ടുന്ന മനസ്സുമായാണ് ഇപ്രാവശ്യത്തെ റമളാന്‍ നമ്മില്‍ നിന്നും വിടപറയുന്നത്. ഒപ്പം ശവ്വാല്‍ അമ്പിളിക്കീറിനെ വരവേല്‍ക്കുന്നതും. അടുത്ത പെരുന്നാള്‍ സമൂഹത്തിനൊപ്പം ആഘോഷ പൂര്‍ണ്ണമാക്കാന്‍ ഇപ്രാവശ്യത്തെ പെരുന്നാള്‍ നമ്മുടെ വീടുകളില്‍ തന്നെ ആഘോഷിക്കാം. അതാണ് അഭികാമ്യവും. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്... (ദൈവം വലിയവനാണ്, അവനെത്രെ സര്‍വ്വ സ്തുതികളും).

Keywords:  Article, Top-Headlines, Ramadan, Religion, BM Patla, Ramadan of Covid period ending
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia