city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan | ആത്മസമർപ്പണത്തിന്റെ സംതൃപ്തി നുകരാൻ റമദാൻ വരവായി!

/ മുഹമ്മദലി നെല്ലിക്കുന്ന്

(KasargodVartha)
പരിശുദ്ധിയും, പരിപാവനവും പുണ്യങ്ങളാൽ ധന്യമാക്കുകയും ചെയ്യുന്ന റമദാൻ മാസം സമാഗതമാവുകയാണ്. ചെയ്തു കൂട്ടിയ പാപങ്ങളെല്ലാം കഴുകി കളയാനുള്ള വിശുദ്ധമാക്കപ്പെട്ട മാസം. അനുഗ്രഹീതവും പുണ്യവും ഭയഭക്തി നിർഭരവും കൊണ്ട് ആരാധന കർമ്മങ്ങൾ വിപുലീകരിക്കുകയും ആത്മീയമായി അല്ലാഹുവിനോട് പാപ മോചനം (ഇസ്തിഗ്ഫാർ) ചെയ്ത് യഥാർത്ഥ വിശ്വാസിയായി ജീവിക്കുകയുമാണ് റമദാനിൽ ഇസ്ലാമിക വിശ്വാസികൾ ചെയ്യുന്നത്. ഹിജ്‌റ കലണ്ടറിലെ ശഅബാനിനും ശവ്വാലിനുമിടയിലെ അതിപ്രധാനമായ മാസമാണ് റമദാൻ.
 
Ramadan | ആത്മസമർപ്പണത്തിന്റെ സംതൃപ്തി നുകരാൻ റമദാൻ വരവായി!

പരിശുദ്ധ ഖുർആൻ ഇറക്കപ്പെട്ട മാസം കൂടിയാണ്. ആത്മീയ കർമ്മങ്ങളും, ദാനധർമ്മങ്ങളും അധികരിപ്പിച്ച് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി തെറ്റു കുറ്റങ്ങളിൽ നിന്നും മോചനം നേടി പരലോകത്ത് വിജയിക്കാനുള്ള ഏറ്റവും പവിത്രതയേറിയ മാസമാണ് ഇസ്ലാം മത വിശ്വാസികൾക്ക് റമദാൻ. ആരാധന കർമ്മങ്ങളിലൂടെ തൂവൽ പോലെ ലോലമായ മനസ്സാക്കി മാറ്റാൻ കഴിയണം. ആത്മഹർഷവും ചൈതന്യവും കൊണ്ട് ധന്യമാക്കേണ്ടതുണ്ട്.

ലോക മുസ്ലിംകൾ റമദാനെ വരവേൽക്കുന്നതിന് വേണ്ട തയ്യാറെടുപ്പിലാണ്. പള്ളികളും, വീടുകളും കഴുകി വൃത്തിയാക്കി പുണ്യങ്ങളുടെ പൂക്കാലമായ റമദാന് സ്വാഗതമോതിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം ഒരു അതിഥിയായി റമദാൻ വരുമ്പോൾ മുസ്ലിംകളുടെ ഹൃദയാന്തരങ്ങൾ കുളിരലയാൽ കോരിത്തരിക്കുകയാണ്. കർമ രംഗത്ത് സജീവമാകണമെന്ന ദൃഡ്ഢനിശ്ചയം മനസിലുണ്ടായാൽ ദുർബലമായ അഭിപ്രായങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല, അതാണ് വിശ്വാസിയായ മനുഷ്യന്റെ ആരാധനാ നിരതയുടെ നേർവഴി.

റമദാൻ മാസത്തിലെ കർമ്മങ്ങൾ കൊണ്ട് ജീവിതത്തെ അലങ്കൃതമാക്കുവാൻ സാധിച്ചാൽ അതൊരു വലിയ വിജയമായിരിക്കും. ശക്തമായ തീരുമാനത്താൽ വലിയൊരു മാറ്റങ്ങൾ സൃഷ്ടിക്കാം. പതിനൊന്ന് മാസങ്ങൾ പകലന്തിയോളം ഭക്ഷണ വിഭവങ്ങളാൽ വയർ നിറച്ചു നടന്നവർ പകൽ സമയം മുഴുവനും പട്ടിണി കിടന്ന് നോമ്പ് മുറിയുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടൊഴിഞ്ഞ് ആരാധനാ കർമ്മങ്ങളിൽ പ്രാപ്തരായി മാറേണ്ടതായിട്ടുണ്ട്.

റജബിലേയും ശഅബാനിലേയും സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ സത്യവിശ്വാസികളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും അതിലൂടെ റമളാൻ മാസത്തിലെ മുപ്പത് ദിനങ്ങളിലെ നോമ്പനുഷ്ഠിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. മുപ്പത് ദിവസത്തെ നോമ്പ് അഥവാ വ്രതാനുഷ്ഠാനം കൊണ്ട് മനുഷ്യശരീരത്തിലെ രോഗങ്ങളെ മായ്ച്ചു കളയുകയും, ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. വിശ്വാസികൾ നിർബന്ധമായും പ്രാവർത്തികമാക്കേണ്ട കാര്യങ്ങളാണ് നിസ്കാരം, സകാത്ത് അഥവാ ധാനധർമം, നോമ്പ്, ഹജ്ജ്.

ഈ നാല് കർമ്മങ്ങളിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന പുണ്യമായ കർമ്മമാണ് സകാത്ത്. ഇസ്ലാമില്‍, ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ദാനധര്‍മത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദരിദ്രർ, അഗതികൾ, അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും, മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമ മോചന കാര്യത്തിനും, കടം കൊണ്ട് വിഷമിക്കുന്നവർ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്നവർ, വഴിയാത്രക്കാർക്കുമാണ് സകാത്ത് നിശ്ചയിച്ചിട്ടുള്ളത്. അത് അവരുടെ അവകാശമാണ്. ഇതൊരു ഔദാര്യമായി കണക്കു കൂട്ടി കൊടുക്കരുത്.

റമദാനിലെ 'ലൈലത്തുൽ ഖദ്‌ർ' എന്ന ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാത്രിയിലാണ് ഖുർആൻ അവതരിക്കപ്പെട്ടത്. മാലാഖമാരും റൂഹും (ആത്മാവ്) അവരുടെ സൃഷ്ടാവിന്റെ ഉത്തരവുമായി ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിൽ ഭൂമിയിലിലേക്ക് ഇറങ്ങി വരുന്നു. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളായാണ് ലൈലത്തുൽ ഖദ്‌റിനെ നിർണയിക്കപ്പെട്ടിട്ടുള്ളത്. അതിനെ കാത്തിരിക്കാനാണ് പ്രവാചകൻ കൽപ്പിച്ചിട്ടുള്ളത്. റമദാൻ ഇരുപത്തിയേഴാം രാവിലാണ് ലൈലത്തുൽ ഖദ്‌ർ പ്രത്യക്ഷപ്പെടുന്നതെന്ന് വിവിധ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതിൽ പല അഭിപ്രായങ്ങളുമുണ്ട്.

അല്ലാഹുവിന്റെ അനുഗ്രഹവും, സാമീപ്യവും കൈമുതലാക്കുവാൻ കൊതിച്ച് ഹൃദയം ശുദ്ധിയാക്കി ഭക്തിപൂർവ്വം പള്ളിയിൽ ഇരിക്കലാണ് ഇഅ്തികാഫ് എന്നത്. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച് ആരാധന കർമ്മങ്ങളും, ഖുർആൻ പാരായണവും, ദിക്റുകളും, പ്രാർത്ഥനകളിലുമെല്ലാം മുഴുകി പള്ളിയിൽ കഴിഞ്ഞു കൂടുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഏറെ പുണ്യമർഹിക്കുന്ന കാര്യമാണിത്.

റമദാൻ കഴിയുമ്പോൾ ശവ്വാൽ പിറക്കും. ശവ്വാൽ മാസം ഒന്ന് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാളാഘോഷമാണ്. റമദാനിലെ നിർബന്ധമാക്കപ്പെട്ട നോമ്പുകൾക്ക് ശേഷമുള്ള ആറ് നോമ്പുകൾ സുന്നത്തായതാണ്. റമളാനിലെ നോമ്പുകൾ മുഴുവനായി അനുഷ്ഠിക്കുകയും,അതിന് ശേഷം ശവ്വാലിലെ ആറ് നോമ്പുകളും നോക്കുകയും ചെയ്താൽ ഒരു വർഷം മുഴുവനും വ്രതമനുഷ്ഠിച്ച പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
  
Ramadan | ആത്മസമർപ്പണത്തിന്റെ സംതൃപ്തി നുകരാൻ റമദാൻ വരവായി!

Keywords: Ramadan, Article, Editor’s-Choice, Ramadan: Most sacred month in Islam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia