city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Shivaratri | ശിവരാത്രി ആഘോഷം അടുത്തെത്തി; ഐതീഹ്യവും പ്രാധാന്യവും അറിയാം

തിരുവന്തപുരം: (KasargodVartha) ശിവരാത്രി ആഘോഷം അടുത്തെത്തിയിരിക്കയാണ്. ഹൈന്ദവരുടെ ഒരു പ്രധാന ആഘോഷമാണ് മഹാശിവരാത്രി. പരമശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ലോകമെമ്പാടുമുള്ള ഹൈന്ദവര്‍ ഇത് വിശേഷമായി ആഘോഷിച്ചു വരുന്നു.

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ശിവരാത്രി ശിവഭക്തരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഉത്സവമാണ്.

Shivaratri | ശിവരാത്രി ആഘോഷം അടുത്തെത്തി; ഐതീഹ്യവും പ്രാധാന്യവും അറിയാം

ശിവരാത്രി നാളില്‍ ചെയ്യേണ്ടത്


എല്ലാ ശിവ ക്ഷേത്രങ്ങളിലും ശിവരാത്രി ദിവസം വിശേഷ ദിവസമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെ രാത്രിയാണ് ശിവരാത്രി അഥവാ ശിവമായ രാത്രി. മംഗളകരമായ രാത്രി എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി 'ഓം നമശിവായ' ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തിയശേഷം വിധിവിദാനത്തിലുള്ള പൂജകള്‍ ക്ഷേത്രത്തില്‍ നടത്തുക. 

കുളി കഴിഞ്ഞ് ഗായത്രി മന്ത്രം ജപിക്കുന്നതിനൊപ്പം ശിവഗായത്രി ജപിക്കുന്നതും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും നല്ലതാണ്. കൂടാതെ ശിവപഞ്ചാക്ഷര സ്തോത്രം, ശിവാഷ്ടകം, ബില്വാഷ്ടകം, ശിവസഹസ്രനാമം, ഉമാമഹേഷ്വര സ്തോത്രം, ശിവപുരാണപാരായണം, പഞ്ചാക്ഷരി മന്ത്രം എന്നിവ ഭക്തിപൂര്‍വം ചൊല്ലണം.

ശിവരാത്രി ദിനത്തില്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കുന്നത് നല്ലതാണ്. പൂര്‍ണ ഉപവാസമാണ് ശിവരാത്രി ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്. ഒരുദിവസം മുഴുവനും ഉപവാസം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യമോ കരിക്കിന്‍ വെള്ളമോ പഴമോ കഴിച്ച് വിശപ്പ് ശമിപ്പിക്കാം. മഹാദേവന് ഇഷ്ടപ്പെട്ട വഴിപാട് നല്‍കുന്നതും നല്ലതാണ്.

കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമെല്ലാം ഈ ദിവസത്തിന്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്‍ഡ്യയിലും നേപാളിലും വിശ്വാസികള്‍ ഈ ദിനത്തില്‍ ഭാങ്ക് ചേര്‍ത്ത് നിര്‍മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.

വിശ്വാസം


ശിവരാത്രി വ്രതം എടുത്തു ശിവാരാധന നടത്തുന്നത് ഐശ്വര്യകരവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. ശിവരാത്രി ദിവസം മരിച്ചവര്‍ക്ക് വേണ്ടി പിതൃബലി അര്‍പ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്നും വിശ്വാസമുണ്ട്. കേരളത്തില്‍ ശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങള്‍ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് അന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷവും പുലര്‍ചെ പിതൃക്കള്‍ക്ക് ബലി തര്‍പ്പണവും നടക്കാറുണ്ട്.

ലക്ഷക്കണക്കിന് ഭക്തരാണ് ശിവരാത്രി ദിവസം അവിടെ എത്തിച്ചേരുന്നത്. വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം, ഓച്ചിറ, പടനിലം പരബ്രഹ്‌മക്ഷേത്രങ്ങള്‍, തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം, മമ്മിയൂര്‍ മഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.

ഐതീഹ്യങ്ങള്‍

ശിവരാത്രി ദിനത്തെ സംബന്ധിച്ച് ഒരുപാട് ഐതീഹ്യങ്ങളാണ് നിലനില്‍ക്കുന്നത്. പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.

അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ നോക്കാന്‍ പാര്‍വതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത്.

രണ്ടാമത്തേത് ശിവ മാഹാത്മ്യവുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്‌മാവും വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ആ കഥ. മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും ഉടലെടുത്ത താമരയില്‍ ബ്രഹ്‌മാവ് ജന്മമെടുത്തു. അപ്പോള്‍ ബ്രഹ്‌മാവിന് മഹാവിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ സൃഷ്ടാവും പ്രപഞ്ച പരിപാലകനുമായ നാരായണനാണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്‌മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു. ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു.

അതിന്റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കുവാനും ജ്യോതിര്‍ലിംഗത്തിന്റെ അഗ്രം കണ്ടുപിടിക്കുന്നവനാണ് ശ്രേഷ്ഠന്‍ എന്നും അശരീരി മുഴങ്ങി. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്‌മാവ് അതിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ പരിശ്രമിച്ചിട്ടും പരാജയപെട്ടു രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു.

അപ്പോള്‍ ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട് തന്റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. പരമശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. എല്ലാ വര്‍ഷവും ഈ പുണ്യരാത്രി വിശേഷമായി അനുഷ്ടിക്കണമെന്നും മംഗളകരമായ അത് ശിവരാത്രി എന്നറിയപ്പെടുമെന്നും മഹാദേവന്‍ അരുളിചെയ്തു.

Keywords: Know the legend and significance of Shivaratri, Thiruvananthapuram, News, Shivaratri, Festival, Religion, Devotees, Legend, Temple, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia