Rabi Ul Awwal | മാസപ്പിറവി കണ്ടു; കേരളത്തിൽ റബീഉൽ അവ്വൽ ഒന്ന് വ്യാഴാഴ്ച; നബിദിനം സെപ്റ്റംബർ 16ന്
പ്രവാചകന്റെ മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസികൾ പുണ്യ മാസത്തെ അനുഗ്രഹീതമാക്കും
കാസർകോട്: (KasargodVartha) മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തിൽ റബീഉൽ അവ്വൽ ഒന്ന് വ്യാഴാഴ്ചയും നബിദിനം സെപ്റ്റംബർ 16ന് തിങ്കളാഴ്ചയും ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ അറിയിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസത്തിലെ 12-ാം തീയതിയാണ് ലോകമെമ്പാടും നബിദിനം ആഘോഷിക്കുന്നത്.
പ്രവാചകന്റെ മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസികൾ പുണ്യ മാസത്തെ അനുഗ്രഹീതമാക്കും. മസ്ജിദുകളും മത സ്ഥാപനങ്ങളും വീടുകളും ഈ സമയം മൗലിദ് സദസുകളാൽ സജീവമാകും. വിവിധ മുസ്ലിം സംഘടനകളും പള്ളി-മദ്‌റസാ കമിറ്റികളും നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കലാപരിപാടികളും ഘോഷയാത്രകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
നബിദിനാഘോഷത്തിലൂടെ മുഹമ്മദ് നബി മനുഷ്യകുലത്തിന് നൽകിയ സന്ദേശങ്ങളും പഠിപ്പിക്കലുകളും ഓർമിപ്പിക്കുകയും ചെയ്യുന്നു. റബീഉൽ അവ്വൽ വിശ്വാസികൾക്ക് ആത്മീയമായ അനുഭവങ്ങൾ നൽകുന്ന മികച്ചൊരു അവസരമാണ്. പ്രാർഥനകളും പുണ്യപ്രവൃത്തികളും പ്രവാചക പ്രകീർത്തനങ്ങളുമായി വിശ്വാസികൾ ഈ ദിനങ്ങളെ കൊണ്ടാടും. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ റബീഉൽ അവ്വൽ ഒന്ന് ബുധനാഴ്ചയും നബിദിനം സെപ്റ്റംബർ 15നുമാണ്.