Politics | അവരെന്താണ് ചെയ്യുന്നതെന്ന് അവരറിയുന്നില്ല; കേരളസ്റ്റോറിക്ക് പിന്തുണ പ്രഖ്യാപിച്ച ബിഷപുമാരെക്കുറിച്ച് ബിനോയ് വിശ്വം
*സാഹോദര്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും കഥയാണ് കേരളത്തിന്റേത്.
*സി എ എ നിയമത്തിലൂടെ വര്‍ഗീയവാദികള്‍ അവരുടെ സുപ്രധാന അജണ്ടയാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.
*ഗോള്‍വല്‍ക്കര്‍ ആശയത്തിന്റെ ആദ്യപടിയുടെ പൂര്‍ത്തീകരണമാണ് ഈ നിയമം വഴി നടപ്പിലാക്കപ്പെടുക.
കാസര്‍കോട്: (KasargodVartha) 'ദി കേരള സ്റ്റോറി'ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമ പ്രദര്‍ശം ചെയ്ത ബിഷപുമാരെക്കുറിച്ച്, 'അവരെന്താണ് ചെയ്യുന്നതെന്ന് അവരറിയുന്നില്ല ദൈവമേ അവരോട് പൊറുക്കേണമേ' എന്ന് മാത്രമേ പറയാനുള്ളൂവെന്ന് സി പി ഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം. 18-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച 'ജനസഭ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരള സ്റ്റോറി ഒരിക്കലും കേരളത്തിന്റെ ശരിയായ കഥയല്ല, സാഹോദര്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും കഥയാണ് കേരളത്തിന്റേത്. ആര്‍ എസ് എസിന്റെയും ഗോള്‍വല്‍ക്കറുടെയും വര്‍ഗീയപരമായ ആശയങ്ങള്‍ പിന്തുടരുന്ന ചിലരാണ് ഇത്തരത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന സിനിമകള്‍ നിര്‍മിക്കുന്നത്. ആര്‍ എസ് എസിന്റെ വര്‍ഗീയവാദത്തെ വെള്ളപൂശിക്കൊണ്ട് ചിത്രീകരിച്ചിട്ടുള്ള ഒരു സിനിമയ്ക്ക് കേരളത്തിലെ ബിഷപുമാര്‍ പിന്തുണ നല്‍കുന്നത് ദയനീയമാണ്.
കേരള സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍ ഇന്‍ഡ്യയുടെ ഗതികേടിനെക്കുറിച്ച് ബില്‍കീസ് ബാനുവിലൂടെ സംസാരിക്കുന്ന 'ഗുജറാത് സ്റ്റോറി' പുറത്തിറക്കാന്‍ ധൈര്യപ്പെടുമോ? അക്രമികളായ ആള്‍കൂട്ടത്തിന്റെ കല്ലേറും പരിഹാസവും ഏറ്റുവാങ്ങിക്കൊണ്ട്, നഗ്‌നരാക്കപ്പെട്ട് പൊതുനിരത്തിലൂടെ നടക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ ജീവിതം പറഞ്ഞുകൊണ്ട് 'മണിപ്പൂര്‍ സ്റ്റോറി' സംവിധാനം ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് ധൈര്യം കാണുമോ? ഒരിക്കലും ഉണ്ടാകില്ല. കാരണം ഇന്‍ഡ്യയുടെ മതനിരപേക്ഷതയ്ക്ക് തെല്ലും മാനം കല്പിക്കാത്തതും, ഭൂരിപക്ഷ ഹിന്ദുക്കളെ അംഗീകരിക്കാന്‍ സാധിക്കാത്തതുമായ ആര്‍ എസ് എസ് ആശയങ്ങള്‍ പിന്തുടരുന്ന ബി ജെ പിയ്ക്ക് മതരാഷ്ട്രം കെട്ടിപ്പടുക്കാനേ കഴിയൂ.
സി എ എ നിയമത്തിലൂടെ വര്‍ഗീയവാദികള്‍ അവരുടെ സുപ്രധാന അജണ്ടയാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്ററ് ഇവരാണ് ഇന്‍ഡ്യയുടെ ആഭ്യന്തര ശത്രുക്കളെന്ന് മൂന്നായി തരംതിരിക്കുന്ന ഗോള്‍വല്‍ക്കര്‍ ആശയത്തിന്റെ ആദ്യപടിയുടെ പൂര്‍ത്തീകരണമാണ് ഈ നിയമം വഴി നടപ്പിലാക്കപ്പെടുന്നത്.
ബി ജെ പിയുടെ വ്യവസ്ഥയ്ക്കടിസ്ഥാനമായി 'ഒരു രാഷ്ട്രമതം' എന്ന സങ്കല്‍പം വരികയാണെങ്കില്‍ ഇന്‍ഡ്യ ചിന്നിച്ചിതറും. മതപരമായ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണ്. അതിനാല്‍ വര്‍ഗീയവാദികളെ ചെറുത്ത് തോല്‍പിക്കാന്‍ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ബി ജെ പിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്‍ഡ്യാ മുന്നണിക്കൊപ്പം ശക്തമായ സാന്നിധ്യമായി തന്നെ നിലകൊള്ളുമെന്നത് സി പി ഐ ജനങ്ങള്‍ക്ക് തരുന്ന ഉറപ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്ക് ഇങ്ങനെയൊരു ഉറപ്പ് നല്‍കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നെഹ്‌റുവിന്റെ ആശയങ്ങളൊക്കെ എന്നേ കൈമോശം വരികയും തിരിഞ്ഞെടുപ്പിന് തൊട്ട് മുമ്പുവരെ കോണ്‍ഗ്രസിലിരുന്ന്, തിരഞ്ഞെടുപ്പ് സമയത്ത് രായ്ക്കുരാമാനം ബി ജെ പിയിലേക്ക് കൂറുമാറുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട് പോയിരിക്കുന്നു. വര്‍ഗീയതക്കെതിരെയും കേരളത്തിനുവേണ്ടിയും ലോക്‌സഭയില്‍ സംസാരിക്കാന്‍ 20-ല്‍ 20 മണ്ഠലങ്ങളിലും ജനങ്ങള്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍, സി പി ഐ ജില്ലാ സെക്രടറി ടി പി ബാബു എന്നിവരും ബിനോയ് വിശ്വത്തിനൊപ്പം ഉണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു. സെക്രടറി പത്‌മേഷ് സ്വാഗതം പറഞ്ഞു.