Resignation | പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഷെയ്ഖ് ഹസീന സഹോദരിക്കൊപ്പം ഇന്ത്യയിലെത്തി; ബംഗ്ലാദേശില്‍ ഇനി പട്ടാളഭരണം
ഷെയ്ഖ് ഹസീന രാജിവെച്ച് സഹോദരിക്കൊപ്പം രാജ്യംവിട്ടു. ബംഗ്ലാദേശിൽ സൈന്യം നിയന്ത്രണം ഏറ്റെടുത്തു.
ധാക്ക: (KasargodVartha) പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ, ഷെയ്ഖ് ഹസീന (Sheikh Hasina) സഹോദരിക്കൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ സൈനിക ഹെലികോപ്റ്ററിൽ (Military Helicopter) രാജ്യംവിട്ടു (fled). ബംഗ്ലാദേശിലെ (Bangladesh) ഔദ്യോഗിക വസതിയിൽ (Official Residence) നിന്നും ഹസീനയും സഹോദരി ഷെയ്ഖ് റെഹാനും (Sheikh Rehana) സുരക്ഷിത കേന്ദ്രത്തിലേക്ക് (safe location) മാറി. ഇന്ത്യയിലേക്കാണ് (India) പലായനം ചെയ്തതെന്നാണ് (fled) വിവരം. പശ്ചിമബംഗാളിലെത്തിയ (West Bengal) എന്നാണ് ദേശീയമാധ്യമങ്ങൾ (national media) നല്‍കുന്ന സൂചന.
ധാക്ക വിടുന്നതിനു മുന്‍പ് പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് കെട്ടടങ്ങിയതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തിയത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികംപേര്‍ കൊല്ലപ്പെട്ടു.
ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്തെ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് വേക്കര്‍ ഉസ് സമാന്‍ പ്രഖ്യാപിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയാകും സര്‍ക്കാരെന്നും പാര്‍ട്ടികളുമായി നടത്തിയ അടിയന്തര ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് കത്തുനല്‍കാന്‍ ധാക്ക സര്‍വകലാശാല പ്രഫസര്‍ ആസിഫ് നസ്‌റുളിലിനോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 13 ജില്ലകളില്‍ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പതിനായിരക്കണക്കിന് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും സ്റ്റണ്‍ ഗ്രനേഡുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.
പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധത്തില്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. രാജ്യത്തെ ക്രമസമാധാന നില കൈവിട്ടു പോകുന്നുവെന്ന തിരിച്ചറിവിലായിരുന്നു അത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്. തിങ്കളാഴ്ച മുതല്‍ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം തടയാന്‍ മൊബൈല്‍ കമ്പനികളോടും ആവശ്യപ്പെട്ടു.
1971ല്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാനില്‍നിന്ന് സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.