Election | രാജ്മോഹൻ ഉണ്ണിത്താൻ 50,000 വോടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഡിസിസി വിലയിരുത്തൽ
കാസർകോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ അരലക്ഷത്തിലധികം വോടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് കാസർകോട് ഡിസിസി നേതൃയോഗം വിലയിരുത്തി. കേന്ദ്രസർകാരിന്റെ വർഗീയ ചേരിതിരിവുണ്ടാക്കുന്ന ജനവിരുദ്ധ നടപടികളും അഴിമതിയും, സംസ്ഥാന സർകാരിന്റെ ധൂർത്തും, അക്രമവും, അഴിമതിയും, എംപി എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടിയ ജനകീയ പിന്തുണ, എന്നീ ഘടകങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താന്റെ വോടുകൾ വർധിക്കാൻ കാരണമായതായും യോഗം അഭിപ്രായപ്പെട്ടു.
ഡിസിസി ഓഫീസിൽ നടന്ന യോഗത്തിൽ കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, ബ്ലോക് - മണ്ഡലം പ്രസിഡന്റുമാർ, പഞ്ചായതുകളുടെ ചുമതല വഹിക്കുന്ന നേതാക്കൾ എന്നിവർ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജെനറൽ സെക്രടറി അഡ്വ. സോണി സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു
'ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണം'
പ്ലസ് ടുവിന് ആവശ്യമുള്ള പുതിയ ഡിവിഷനുകൾ അനുവദിച്ച് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ ഇരുപതിനായിത്തിലധികം വിദ്യാർഥികൾ എസ്എസ്എൽസി പാസായിട്ടുണ്ട്. പക്ഷേ 14000 വിദ്യാർത്ഥികൾക്ക് മാത്രമേ ഉപരിപഠനത്തുള്ള സീറ്റുകൾ പ്ലസ് ടുവിനുള്ളൂ.
15 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് സർക്കാർ നിലപാട് വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ്. ഡിവിഷനുകൾ വർധിപ്പിക്കാതെ നിലവിൽ തന്നെ പരിമിതമായ ഭൗതിക സാഹചര്യത്തിൽ പ്രവർത്തിക്കുന്ന പ്ലസ്ടുവിന് വിദ്യാർത്ഥികളുടെ സീറ്റുകൾ വർധിപ്പിച്ചാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ദുരിതം അനുഭവിക്കേണ്ടി വരുമെന്നും യോഗം വ്യക്തമാക്കി.
മുൻ ഡിസിസി പ്രസിഡണ്ട്മാരായ കെ പി കുഞ്ഞി കണ്ണൻ, ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ, നേതാക്കളായ മീനാക്ഷി ബാലകൃഷ്ണൻ, എം സി പ്രഭാകരൻ, അഡ്വ. കെ കെ രാജേന്ദ്രൻ, പി ജി ദേവ്, കരുൺ താപ്പ, എം കുഞ്ഞമ്പു നമ്പ്യാർ, സി വി ജയിംസ്, ബിപി പ്രദീപ് കുമാർ, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, വി ആർ വിദ്യാസാഗർ, ഹരീഷ് പി നായർ, ടോമി പ്ലാച്ചേരി, കെ പി പ്രകാശൻ, മാമുനി വിജയന്‍, ധന്യാസുരേഷ്, സാജിദ് മവ്വൽ, ആർ ഗംഗാധരൻ, സി വി ഭാവനൻ, കെ വി വിജയൻ, മടിയൻ ഉണ്ണികൃഷ്ണൻ, ഉമേശൻ ബേളൂർ, മധുസൂദനൻ ബാലൂർ, കെ വി ഭക്തവത്സലൻ, ടി ഗോപിനാഥൻ നായർ, വി ഗോപകുമാർ, ലോകനാഥ്, പി കുഞ്ഞിക്കണ്ണൻ, കെ ഖാലിദ്, പി രാമചന്ദ്രൻ, എ വാസുദേവൻ, മിനി ചന്ദ്രൻ കാർത്തികേയൻ പെരിയ, പിസി സുരേന്ദ്രൻ നായർ, ദിവാകരൻ കരിച്ചേരി എന്നിവർ സംസാരിച്ചു.