Bank election | 'ഇൻഡ്യ മുന്നണി' തന്ത്രം ഏശിയില്ല; കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി മൂന്നാം തവണയും ബിജെപിക്ക് തന്നെ
കഴിഞ്ഞപ്രാവശ്യം യുഡിഎഫിൽ ഭിന്നത ഉണ്ടാക്കി ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്തത്
കുമ്പള: (KasargodVartha) കുമ്പള സർവീസ് സഹകരണ ബാങ്ക് (Kumbla Service Co-operative Bank) ഭരണസമിതി മൂന്നാം തവണയും നിലനിർത്തി ബിജെപി (BJP) ശക്തി തെളിയിച്ചു. 'സേവ സഹകാരി കൂട്ടായ്മ' എന്ന പേരിൽ യുഡിഎഫ് (UDF) - എൽഡിഎഫ് (LDF) കക്ഷികളുടെ തന്ത്രം വിജയിച്ചില്ല. ബിജെപിയെ നേരിടാൻ 'മുസ്ലിം' സ്ഥാനാർഥികളെ നിർത്താത്തതും ചർച്ചയായിരുന്നു. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2700ഓളം വോടിൽ ബിജെപി 1800ലേറെ വോടുകൾ സ്വന്തമാക്കി വ്യക്തമായ മേൽക്കോയ്മ നേടിയെന്നത് ശ്രദ്ധേയമാണ്.
ഒരു പൊതുതിരഞ്ഞെടുപ്പിന്റെ പ്രതീതിയിലായിരുന്നു തിരഞ്ഞെടുപ്പ്. ബാങ്കിൽ മെമ്പറായവരെ ഇരുമുന്നണികളും വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിക്കാൻ ഏറെ പാടുപെട്ടു. വോട്ടർമാരുടെ താൽപര്യക്കുറവ് വോടിംഗ് ശതമാനത്തെയും ബാധിച്ചു. 5000ത്തിലേറെ അംഗങ്ങൾ വോട്ട് ചെയ്യാൻ എത്തുമെന്ന് മുന്നണികൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പകുതി വോട്ടർമാരെ വോട്ട് ചെയ്യാൻ എത്തിയുള്ളൂ. ഇത് 'ഇൻഡ്യ മുന്നണിയുടെ' കനത്ത തോൽവിക്ക് കാരണമായി. 7000 ത്തിലേറെ അംഗങ്ങളാണ് വോട്ടർമാരായിട്ടുള്ളത്. രാവിലെ തന്നെ നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞപ്രാവശ്യം യുഡിഎഫിൽ ഭിന്നത ഉണ്ടാക്കി ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്തത്. എന്നാൽ ഭരണം തിരിച്ചു പിടിക്കാനുള്ള യുഡിഎഫ്- എൽഡിഎഫിന്റെ ശ്രമം പാളി. ഇരുവിഭാഗവും വലിയ വിജയപ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു. 11 അംഗ നോമിനികളാണ് ഇരു മുന്നണിയിലേതായി മത്സരരംഗത്തുണ്ടായിരുന്നത്. 1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് നിലവിൽ വന്നത്.