Controversy | ജാവദേകറെ കണ്ടത് കുരുക്കായി; ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ
പകരം ടി പി രാമകൃഷ്ണനെ നിയമിച്ചേക്കും
തിരുവനന്തപുരം: (KasargodVartha) ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ. സിപിഎം സംസ്ഥാന സെക്രടേറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് നടപടി. ഈ വിഷയം സംബന്ധിച്ച് ചർച്ച ചെയ്യാനിരിക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങി.
സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്ന് പാർടിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തലേന്ന്, ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നത് വൻ വിവാദമായിരുന്നു. ഈ കൂടിക്കാഴ്ച രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു ഇ പിയുടെ വിശദീകരണം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ഇ പിയെ വിമർശിച്ചിരുന്നു.
പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ഞായറാഴ്ച ആരംഭിക്കുന്നതിന് മുമ്പ് അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇ പി ജയരാജന് പകരം ടി പി രാമകൃഷ്ണനെ എൽഡിഎഫ് കൺവീനറാക്കുമെന്നാണ് സൂചന. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ തൊഴിൽ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. നിലവിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ഇ പി ജയരാജൻ മട്ടന്നൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ നയിച്ച ആദ്യ സർക്കാരിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. എന്നാൽ, ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയിരുന്നു. 'ദേശാഭിമാനി' ദിനപത്രത്തിന്റെ ജനറൽ മാനേജരായും കേരള കർഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കിയതിനാൽ ഇദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. തുടർന്നാണ് എൽഡിഎഫ് കൺവീനർ പദവിയിലെത്തിയത്. ഒടുവിൽ വിവാദങ്ങളിൽ കുടുങ്ങി പാർട്ടി നടപടി നേരിട്ട് പുറത്തുപോകുന്നത് ജയരാജന്റെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാക്കും.
#CPMKerala #KeralaPolitics #IndianPolitics #LeftFront #EPJayarajan #BJP #PoliticalControversy