Election | ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചു
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയായ സെപ്തംബർ 30ന് മുമ്പ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടായിരുന്നു.
ന്യൂഡൽഹി: (KasargodVartha) ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18 നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബർ 25 നും മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിനും നടക്കും. ഒക്‌ടോബർ ഒന്നിന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ഒക്ടോബർ നാലിന് ഫലം പ്രഖ്യാപിക്കും.
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയായ സെപ്തംബർ 30ന് മുമ്പ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടായിരുന്നു. 2018ൽ സർക്കാർ പിരിച്ചുവിട്ട ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ബിജെപി-പിഡിപി സഖ്യം അധികാരമേറ്റിരുന്നു.
എന്നാൽ പിന്നീട് ബിജെപി ഈ സഖ്യത്തിൽ നിന്ന് അകന്നു. 2018ൽ സഖ്യ സർക്കാർ വീണു. 2019-ൽ നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.
2022 മെയ് മാസത്തിൽ ജമ്മു കശ്മീരിലെ അതിർത്തി നിർണയത്തിന് ശേഷം നിയമസഭാ സീറ്റുകളുടെ എണ്ണം 90 ആയി ഉയർന്നു. ജമ്മുവിൽ 43 നിയമസഭാ സീറ്റുകളും കശ്മീർ താഴ്വരയിൽ 47 സീറ്റുകളുമുണ്ട്. നേരത്തെ 2014ൽ 87 നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഹരിയാന ആര് പിടിക്കും
ഹരിയാനയിൽ 90 നിയമസഭാ സീറ്റുകളാണുള്ളത്. 2019ൽ ബിജെപിക്ക് 40, കോൺഗ്രസിന് 31, ജനനായക് ജനതാ പാർട്ടിക്ക് 10 സീറ്റുകളാണ് ലഭിച്ചത്. ജനനായക് ജനതാ പാർട്ടിയുമായി (ജെജെപി) സഖ്യമുണ്ടാക്കിയാണ് ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രിയായി. ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം തകർന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയും മാറി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ജെജെപിയും വെവ്വേറെ മത്സരിക്കാനൊരുങ്ങുകയാണ്.
ഹരിയാനയിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞ തവണ കിംഗ് മേക്കറായി ഉയർന്നുവന്ന ജനനായക് ജനതാ പാർട്ടിയാണ് മൂന്നാം കക്ഷി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ ബിജെപിയും കോൺഗ്രസും അഞ്ച് സീറ്റുകൾ വീതം നേടിയിരുന്നു. 46 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് ലീഡ് നേടിയതും ശ്രദ്ധേയമായി.