Politics | യുവജന വിരുദ്ധ ബജറ്റിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം 27, 28 തീയതികളിൽ
കേന്ദ്ര ബജറ്റ് യുവജന വിരുദ്ധവും കേരളത്തെ അവഗണിക്കുന്നതുമാണെന്ന് ആരോപണം.
തൊഴിലില്ലായ്മ, എയിംസ് (AIMS) പദ്ധതി നിഷേധം, റെയിൽവേ വികസനം എന്നിവയാണ് പ്രധാന വിഷയങ്ങൾ.
തിരുവനന്തപുരം:(KasargodVartha) കേന്ദ്ര ബജറ്റ് യുവജനങ്ങളെയും കേരളത്തെയും അവഗണിച്ചുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു.എൻഡിഎ സർക്കാർ ബജറ്റിൽ യുവാക്കളുടെ തൊഴിൽ സാധ്യതകൾ പരിഗണിച്ചിട്ടില്ലെന്നും, കേരളത്തിന് അനുവദിച്ച പദ്ധതികൾ കുറച്ചിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ, സർക്കാർ ഇന്റേൺഷിപ്പും, ടൈപ്പ് ട്രെയ്നിങ്ങും നൽകി സ്ഥിരം തൊഴിൽ നൽകുന്നില്ലെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. കൂടാതെ, കേരളത്തിന് അനുവദിച്ച എയിംസ് (AIMS) പദ്ധതി പോലുള്ള ക്ഷേമ പദ്ധതികൾ നിഷേധിച്ചതും റെയിൽവേ വികസനം പരിഗണിക്കാത്തതും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തുന്നു. ഈ വിഷയങ്ങൾ മുൻനിർത്തി, ഡിവൈഎഫ്ഐ ജില്ലയിലെ 1644 യൂണിറ്റുകളിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജൂലൈ 27, 28 തീയതികളിൽ നടക്കുന്ന ഈ പ്രതിഷേധത്തിലൂടെ സർക്കാരിനെ ഉണർത്തുകയാണ് ലക്ഷ്യമെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.