Arvind Kejriwal | അരവിന്ദ് കേജ്രിവാൾ കൂടുതൽ കരുത്തനായോ? ജയിൽ മോചനം തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചേക്കാം; പ്രതിപക്ഷം വലിയ പ്രതീക്ഷയിൽ
* ഡൽഹിക്കകത്തും പുറത്തും ജനപ്രീതിയും സ്വാധീനവുമുള്ള നേതാവ്
ന്യൂഡെൽഹി: (KasaragodVartha) മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ പ്രതിപക്ഷം പ്രതീക്ഷയിൽ. ജയിലിൽ നിന്നിറങ്ങി ഡല്‍ഹി മുഖ്യമന്ത്രി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നത് പ്രതിപക്ഷത്തിന് കരുത്തുപകരുമെന്നാണ് 'ഇൻഡ്യ' സഖ്യം കണക്കുക്കൂട്ടുന്നത്. ലോക്‌സഭാ പ്രചാരണത്തിൽ നിന്ന് കേജ്‌രിവാളിനെ ഒഴിവാക്കാനുള്ള ശ്രമമാണ് അറസ്റ്റെന്ന് പ്രതിപക്ഷം വാദിച്ചിരുന്നു.
ഡൽഹിയിൽ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, അരവിന്ദ് കേജ്‌രിവാളിന് ജൂൺ ഒന്ന് വരെ ഇടക്കാല ജാമ്യം അനുവദിച്ചത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സുപ്രധാനമാണ്. കേജ്‌രിവാളിൻ്റെ ജയിൽ മോചനം പഞ്ചാബ്, ഹരിയാന, പ്രത്യേകിച്ച് ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്
ഡൽഹിയിൽ ആം ആദ്മി പാർട്ടി കോൺഗ്രസുമായി സഖ്യത്തിലാണ്. ദേശീയ തലസ്ഥാനത്തെ ഏഴ് സീറ്റുകളിൽ സൗത്ത് ഡൽഹി, ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി എന്നീ നാല് മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി മത്സരിക്കുമ്പോൾ, നോർത്ത് - വെസ്റ്റ് ഡൽഹി, നോർത്ത് - ഈസ്റ്റ് ഡൽഹി, ചാന്ദ്‌നി ചൗക്ക്. എന്നിങ്ങനെ മൂന്നെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുന്നു.
പ്രചാരണത്തിൽ കേജ്‌രിവാളിൻ്റെ സജീവ പങ്കാളിത്തം എഎപിയുടെയും കോൺഗ്രസിൻ്റെയും സാധ്യതകളെ വർധിപ്പിക്കുക മാത്രമല്ല, ഡൽഹി രാഷ്ട്രീയത്തിൽ മത്സരം ശക്തമാക്കുകയും ചെയ്യും. ഡൽഹിക്കകത്തും പുറത്തും ജനപ്രീതിയും സ്വാധീനവുമുള്ള നേതാവെന്ന നിലയിൽ, തിഹാർ ജയിലിൽ നിന്നുള്ള കേജ്‌രിവാളിൻ്റെ മോചനം വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലത്തെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ ഒന്ന് വരെയാണ് കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് ഹാജരായി തിരികെ ജയിലിൽ പോകേണ്ടി വരും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാർച്ച് 21 ന് അറസ്റ്റിലായ അന്നുമുതൽ അരവിന്ദ് കേജ്രിവാൾ തിഹാർ ജയിലിൽ കസ്റ്റഡിയിലായിരുന്നു.
ഉപാധികളോടെയാണ് അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട സാക്ഷികളോട് സംസാരിക്കാൻ പാടില്ല, ജാമ്യത്തുകയായ 50,000 രൂപ കെട്ടിവെക്കണം. അതേ തുകയുടെ ആൾ ജാമ്യവും വേണം, ആരോപണവിധേയമായ മദ്യനയ അഴിമതി കേസിനെക്കുറിച്ച് പ്രതികരിക്കരുത്, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ ഡൽഹി സെക്രട്ടേറിയറ്റിലേക്കോ പോകാൻ പാടില്ല, ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പിടരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.
ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയുടെ പരാതിയിൽ 2022ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കേജ്രിവാളിനെതിരെ ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ഉണ്ടായത്. ചില മദ്യവില്‍പനക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയെന്നും ഇതിന് പകരമായി പണം കൈപ്പറ്റിയെന്നുമാണ് കേസ്.