Accident | കണ്ണൂരിൽ ലോറിയും ബൈകും കൂട്ടിയിടിച്ച് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു
* കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം കെ എസ് ടി പി റോഡിലാണ് അപകടം
* യാത്രക്കാർ പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു
കാസർകോട്: (KasargodVartha) കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം കെ എസ് ടി പി റോഡിൽ ലോറിയും ബൈകും കൂട്ടിയിടിച്ച് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. മധൂർ അറന്തോട് സ്വദേശിയും ഇപ്പോൾ കട്ടത്തടുക്ക മുഹിമ്മാത് നഗറിൽ താമസക്കാരനുമായ അബൂബകർ സിദ്ദീഖ് (20) ആണ് മരിച്ചത്. പരുക്കേറ്റ മലപ്പുറം കോട്ടയ്ക്കൽ പൊൻമല ചപ്പനങ്ങാടി പാലാ ഹൗസിൽ പി മുഹമ്മദ് അൻസാറിനെ (20) പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അബൂബകർ സിദ്ദീഖും സുഹൃത്തും സഞ്ചരിച്ച കെ എൽ 53 എഫ് 1412 ഹീറോ സ്കൂടറും കെ എ 01 സി 0634 ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്‌കൂടർ യാത്രക്കാർ പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു. കമ്പി കയറ്റി കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ ബൈകിലുണ്ടായിരുന്നവർ 10 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. സ്‌കൂടറിൻ്റെ ഒരു ടയർ ഏഴുമീറ്റർ ദൂരത്ത് തെറിച്ചുവീണ നിലയിലായിരുന്നു. ബൈക് പൂർണമായും തകർന്നു.
സംഭവ സ്ഥലത്ത് തന്നെ അബൂബകർ സിദ്ദീഖ് മരണപ്പെട്ടു. ഇയാളുടെ ഇടതുകാൽ അറ്റുവീണ നിലയിലായിരുന്നു. ഇരു കൈകളും ചതഞ്ഞുപോയിട്ടുണ്ട്. പള്ളിച്ചാൽ പള്ളിയുടെ ആംബുലൻസെത്തിയാണ് അബൂബകർ സിദ്ദീഖിനെയും അൻസാറിനെയും ചെറുകുന്ന് മിഷൻ ആശുപത്രിയിലെത്തിച്ചത്. പിന്നീട് അൻസാറിനെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റി. അബൂബകർ സിദ്ദീഖിൻ്റെ മൃതദേഹം പരിയാരത്തെ മോർചറിയിലേക്ക് മാറ്റി.