Murder | 'യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ഭീഷണിയുണ്ടെന്ന പരാതി പൊലീസ് അവഗണിച്ചു'
മംഗ്ളുറു: (KasaragodVartha) ഹുബ്ബള്ളി നഗരത്തിൽ ബെൻഡിഗേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടിക്കൊന്നു. വീരപുര ഓനിയിൽ അഞ്ജലി അംബിഗെരയാണ് (22) കൊല്ലപ്പെട്ടത്. അക്രമി കെ വിശ്വ എന്ന ഗിരീഷ് (27) കൃത്യം ചെയ്തശേഷം രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ചരയോടെയാണ് ഹുബ്ബള്ളിക്ക് മറ്റൊരു ആഘാതമായി കൊലപാതകം നടന്നത്. എംസിഎ വിദ്യാർഥിനി നേഹ ഹേമന്ത് (23) കാംപസിൽ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പുതിയ സംഭവം.
യുവതിയുടെ വല്ല്യമ്മ ഗംഗമ്മയും സഹോദരിമാരും മാത്രമുള്ള സമയത്താണ് അക്രമി വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വലിച്ചിഴച്ച് അടുക്കള ഭാഗത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് തുരുതുരാ കുത്തി കൊല്ലുകയായിരുന്നു. രക്ഷിതാക്കൾ അറിയാതെ ഒരുമിച്ച് മൈസൂരുവിൽ പോവാൻ അഞ്ജലിയെ വിശ്വ നിർബന്ധിച്ചിരുന്നതായി മുത്തശ്ശി പറഞ്ഞു.
യുവാവിന്റെ മോശം പശ്ചാത്തലം അറിയുന്നതിനാൽ ഇതുസംബന്ധിച്ച് താൻ പൊലീസിൽ പരാതി നൽകിയിരുന്നു. വഴങ്ങിയില്ലെങ്കിൽ നേഹയുടെ അനുഭവം ഓർമ്മ വേണം എന്ന് അഞ്ജലിയെ ഭീഷണിപ്പെടുത്തിയ കാര്യം ഉണർത്തിയായിരുന്നു പരാതിയെന്നും അവർ വ്യക്തമാക്കി. വിശ്വ ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.