Wild Boar | നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ കാട്ടുപന്നി വീണു; പുറത്തെടുക്കാൻ വനം വകുപ്പ് അധികൃതർ
പന്നി കുറുകെ ചാടിയതിനെ തുടർന്ന് കഴിഞ്ഞ മാസം ബൈക് യാത്രക്കാരന് സാരമായി പരുക്കേറ്റിരുന്നു
കുമ്പള: (KasaragodVartha) നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ കാട്ടുപന്നി വീണു. കുമ്പള കൊടിയമ്മയിലെ ഇബ്രാഹിമിൻ്റെ നിർമാണം നടക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്ക് കുഴിയിലാണ് കാട്ടുപന്നി വീണത്. രാവിലെ മുരൾച്ച കേട്ട് ഇബ്രാഹിമിൻ്റെ ഭാര്യ ചെന്ന് നോക്കിയപ്പോഴാണ് കാട്ടുപന്നി വീണ് കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും വനം വകുപ്പ് അധികൃതരെ അറിയിക്കാൻ നിർദേശിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ കലക്ടറെ വിവരമറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം വനം വകുപ്പ് അധികൃതർ വീട്ടുകാരെ ബന്ധപ്പെട്ട് രാവിലെ എത്താമെന്ന് അറിയിച്ചതായി ഗൃഹനാഥൻ പറഞ്ഞു.
കുഴിയിൽ വെള്ളം ഉള്ളത് കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പന്നി അവശനായി കഴിഞ്ഞിട്ടുണ്ടെന്ന് വീട്ടുകാർ വ്യക്തമാക്കി. കൊടിയമ്മ ഭാഗത്ത് കാട്ടുപന്നി ശല്യം ജനജീവിതത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. പന്നി കുറുകെ ചാടിയതിനെ തുടർന്ന് കഴിഞ്ഞ മാസം ബൈക് യാത്രക്കാരന് സാരമായി പരുക്കേറ്റിരുന്നു.