Waterlog | മഴ കനത്താൽ കാസർകോട്ട് ദേശീയപാതയിൽ പലയിടങ്ങളും വെള്ളത്തിൽ മുങ്ങും; കുമ്പള ടൗണിലും വെള്ളക്കെട്ട്; ജനത്തിന് ദുരിതയാത്ര
കുമ്പള: (KasaragodVartha) മഴക്കാലം മുന്നിൽ കണ്ട് കൊണ്ടുള്ള പ്രവൃത്തികളിൽ ദേശീയപാത നിർമാണ കംപനി അതികൃതർ വീഴ്ച വരുത്തിയെന്ന് ഏറെ വിമർശനം ഉയരുമ്പോഴും വിവിധ ഭാഗങ്ങളിലുണ്ടായിട്ടുള്ള വെള്ളക്കെട്ടിൽ വലഞ്ഞ് യാത്രക്കാർ. മഴ കൂടുതൽ ശക്തമായാൽ വലിയ ദുരിതമാണ് നേരിടേണ്ടി വരികയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും യഥാസമയം ആശുപത്രികളിൽ എത്താൻ പറ്റാത്ത അവസ്ഥയാണ് സർവീസ് റോഡുകളിൽ ഉണ്ടായിട്ടുള്ള വെള്ളക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ജില്ലാ കലക്ടറും, ജനപ്രതിനിധികളും, ദുരന്തനിവാരണ അതോറിറ്റിയും ഇടപെട്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് നാട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടയിൽ മഴ കനക്കുന്നത് ദേശീയപാതയിൽ യാത്രാ ദുരിതം വർധിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ ജില്ലയിലെ ദേശീയപാതയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനഗതാഗതത്തിന് തടസം നേരിടുകയും ചെയ്തു. കുമ്പള ടൗൺ സർവീസ് റോഡിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും ദുരിതമായി. വെള്ളക്കെട്ട് ഒഴിവാക്കാൻ രാത്രി കാലങ്ങളിലും ദേശീയപാതയിൽ ജോലിക്കാരെ നിയമിക്കണമെന്നും, ഇതിന് ദുരന്തനിവാരണ അതോറിറ്റി നേതൃത്വം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.