Court Verdict | കേരളത്തെ ഞെട്ടിച്ച വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച വിധിക്കും; നിർണായക തെളിവായി 13 സെകൻഡ് വീഡിയോ
തലശേരി: (KasaragodVartha) കേരളത്തെ ഞെട്ടിച്ച പാനൂർ വല്ല്യായിൽ വിഷ്ണുപ്രിയ (22) വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷാ ഈ മാസം 13 ന് വിധിക്കും. തലശേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജ് എ വി മൃദുലയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2022 ഒക്ടോബർ 22 നാണ് വിഷ്ണുപ്രിയ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്.
പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വീട്ടിലെത്തി കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു സംഭവം.
ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വരുന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ആ 13 സെകൻഡ് വീഡിയോ കേസിൽ നിർണായക തെളിവായി. കേസിൽ ഫോറൻസിക് തെളിവുകളും നിർണായക പങ്കുവഹിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. കേസിന്റെ വിചാരണ 2023 സെപ്റ്റംബർ 21നാണ് ആരംഭിച്ചത്. 73 സാക്ഷികളെ കോടതി വിസ്തരിച്ചു.