Action Committee | വൈശാഖിന്റെ ദുരൂഹമരണം: കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമിറ്റി രൂപവത്കരിച്ചു; സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്
അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം
കാലിക്കടവ്: (KasaragodVartha) ചന്തേരയിലെ കെ വി വൈശാഖിന്റെ (28) ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമിറ്റി രൂപവത്കരിച്ചു. ചന്തേരയിലെ കൃഷ്ണൻ വെളിച്ചപ്പാടന്റെ മകൻ വൈശാഖിനെ ഇക്കഴിഞ്ഞ ഏപ്രിൽ 14ന് വിഷു ദിവസം രാവിലെ ബീരിച്ചേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വൈശാഖിന്റെ പിതാവ് കൃഷ്ണൻ വെളിച്ചപ്പാടും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആക്ഷൻ കമിറ്റി രൂപവത്കണ യോഗത്തിൽ സംബന്ധിച്ചു. വൈശാഖ് മരണത്തിനു തൊട്ടുമുമ്പ് റെയിൽ പാളത്തിൽ നിന്നും തന്നോട് ഫോണിൽ വിളിച്ചു പറഞ്ഞത് ചങ്കായിരുന്ന സുഹൃത്തിന്റെ ചതിയെ കുറിച്ചാണെന്നും ഇതിന്റെ തെളിവുകളും, സുഹൃത്ത് ഭാര്യയുടെ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസിന് കൈമാറിയിരുന്നതായി കൃഷ്ണൻ വെളിച്ചപ്പാട് പറഞ്ഞു.
മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ പൊലീസ് വീണ്ടും പിതാവിന്റെ മൊഴിയെടുത്തിട്ടുണ്ട്. മകൻ മരിച്ചിട്ട് ഒരു മാസമാകാറായിട്ടും അന്വേഷണം എങ്ങുമെത്താത്തതിനാലാണ് വൈശാഖിന്റെ പിതാവ് നാട്ടുകാരുടെ സഹായം തേടിയത്. യുവാവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കമിറ്റി ഭാരവാഹികൾ അറിയിച്ചു.
ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ആക്ഷൻ കമിറ്റി യോഗത്തിൽ വാർഡ്
മെമ്പർ പി രേഷ്ണ അധ്യക്ഷത വഹിച്ചു. എം വി കോമൻ നമ്പ്യാർ, ബ്ലോക് പഞ്ചായത് മെമ്പർ സുജാത, സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ചന്ദ്രമതി, പഞ്ചായത് മെമ്പർ രവീന്ദ്രൻ മാണിയാട്ട്, എൻസിപി ജില്ലാ പ്രസിഡണ്ട് കരീം ചന്തേര, കെ മോഹനൻ, കെ കുഞ്ഞികൃഷ്ണൻ, ഉദിനൂർ സുകുമാരൻ, വത്സൻ എന്നിവർ സംസാരിച്ചു. കെ വി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം വി കോമൻ നമ്പ്യാർ, പി പി പ്രസന്ന കുമാരി (രക്ഷധികാരികൾ), രവീന്ദ്രൻ മണിയാട്ട് ( ചെയർമാൻ), പി രേഷ്ണ (ജെനറൽ കൺവീനർ).