city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Civil Service | സിവിൽ സർവീസ് പരീക്ഷയിൽ കാസർകോടിന് ഇരട്ട നേട്ടം; രാഹുൽ രാഘവനും കാജൽ രാജുവും റാങ്ക് പട്ടികയിൽ

Civil Service
* രാഹുൽ രാഘവന് 714-ാം റാങ്ക് 
* കാജൽ രാജുവിന് 956-ാം റാങ്ക് 

കാസര്‍കോട്: (KasargodVartha) സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ കാസർകോടിന് ഇരട്ട നേട്ടം. ഉദുമ സ്വദേശി രാഹുൽ രാഘവനും നീലേശ്വരം പള്ളിക്കര സ്വദേശിനി കാജൽ രാജുവുമാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. രാഹുൽ രാഘവന് 714-ാം റാങ്കും കാജൽ രാജുവിന് 956-ാം റാങ്കുമാണ് ലഭിച്ചത്. 

ഉദുമ എൽപി സ്‌കൂളിന് സമീപത്തെ റേഷൻ കടയുടമ എം രംഘവൻ - ഉദുമ പി എച് സിയിലെ സ്റ്റാഫ് നഴ്‌സ് ടി ചിന്താമണി ദമ്പതികളുടെ മകനാണ് രാഹുൽ രാഘവൻ. നാട്ടിൻപുറത്തെ സാധാരണ എൽപി സ്‌കൂളിൽ പഠിച്ച് ഉയരങ്ങൾ കീഴടക്കിയ രാഹുൽ രാഘവൻ ഇപ്പോൾ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. വീടിന് സമീപത്തെ എൽപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

യുപി, ഹൈസ്‌കൂൾ, ഹയർ സെകൻഡറി വിദ്യാഭ്യാസം ഉദുമ ഗവ. ഹയർ സെകൻഡറി സ്‌കൂളിലായിരുന്നു. പ്ലസ് ടുവിന് സയൻസ് ഗ്രൂപിലായിരുന്നു പഠനം. ഇതിന് ശേഷം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങിൽ ചേർന്ന് എൻജിനീയറിങ് വിദ്യാഭ്യാസം നടത്തിവരുന്നതിനിടയിലാണ് തിരുവനന്തപുരത്തെ സ്വകാര്യ ഐ എ എസ് കോചിങ് സെന്ററായ ഐ ലേൺ ഇൻസ്റ്റിറ്റ്യൂടിൽ  ചേർന്ന്  സിവിൽ സർവീസിനുള്ള പരിശീലനം നടത്തി വന്നത്. അഞ്ചാം തവണത്തെ ശ്രമത്തിലാണ് വിജയം കൈവരിച്ചത്.

ഐഎഎസ്, ഐഎഫ്എസ് തുടങ്ങിയ സർവീസിൽ കയറാൻ കഴിയില്ലെങ്കിലും കിട്ടുന്ന ഏത് സിവിൽ സർവീസ് വിഭാഗത്തിലും ചേരാനാണ് തീരുമാനമെന്ന് രാഹുൽ രാഘവൻ കാസർകോട് വാർത്തയോട് പറഞ്ഞു. ജോലിയുടെ ട്രെയിനിങിലാണെങ്കിലും വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതി ആദ്യത്തെ 10 റാങ്കിനുള്ളിൽ ഉൾപെടുകയാണ് ലക്ഷ്യമെന്നും തളരാതെ മുന്നോട്ട് പോകുമെന്നും രാഹുൽ പ്രതികരിച്ചു. സ്‌കൂൾ തലത്തിലും കോളജ് തലത്തിലും പഠിക്കുമ്പോൾ വനം വന്യജീവി വകുപ്പ് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. രാഹുലിന്റെ സഹോദരി രചന രാഘവൻ കാസർകോട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ റിസോർസ് പേഴ്‌സൺ ആയി ജോലി ചെയ്ത് വരികയാണ്. 

നീലേശ്വരം പള്ളിക്കരയിലെ രാജു - ഷീബ ദമ്പതികളുടെ മകളാണ് കാജല്‍ രാജു. ആദ്യ ശ്രമത്തില്‍ 910-ാം റാങ്ക് നേടിയ കാജൽ രാജു ഇപ്പോൾ ലക്‌നൗവിൽ ഇൻഡ്യൻ റെയിൽവേയിലെ ഓഫീസർ തസ്തികയിൽ പരിശീലനത്തിലാണുള്ളത്. ഇത്തവണത്തെ പരീക്ഷയിൽ 910ൽ നിന്നും 956-ാം റാങ്കിലേക്ക് പോയെങ്കിലും പ്രതീക്ഷ കൈവിടാതെ വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ തന്നെയാണ് തീരുമാനമെന്ന് കാജൽ രാജു കാസർകോട് വാർത്തയോട് പറഞ്ഞു. 

കാജലിന്റെ എസ് എസ് എല്‍ സി പഠനം നീലേശ്വരം ഡിവൈന്‍ പ്രൊവിഡന്‍സ് സ്‌കൂളിലും പ്ലസ് ടു വിദ്യാഭ്യാസം ഹൊസ്ദുര്‍ഗ് ജി എച് എസ് എസിലുമായിരുന്നു. ശേഷം മദ്രാസ് ഐഐടിയില്‍ നിന്ന് ഇന്റഗ്രേറ്റഡ് എംഎ പൂര്‍ത്തീകരിച്ചു. അതിന് ശേഷം സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നു. തിരുവനന്തപുരം ഐ എ എസ് അകാഡമിയിലായിരുന്നു പഠനം. തിരുവനന്തപുരത്തെ ഐ ലേൺ ഇൻസ്റ്റിറ്റ്യൂടിലാണ് ഇത്തവണ കാജൽ രാജു സിവിൽ സർവീസ് പരിശീലനം നേടിയത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia