Excise Departments | ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കെതിരായ കേസുകളില്‍ ഇളവുമായി എക്‌സൈസ്
തിരുവനന്തപുരം: (www.kasargodvartha.com) ലഹരി വിമുക്തി ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കെതിരായ കേസുകളില്‍ ഇളവുമായി എക്‌സൈസ് വകുപ്പ്. ലഹരി മരുന്ന് കേസുകളില്‍ തുടര്‍ നടപടി അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പെടുന്ന ചെറുപ്പക്കാര്‍ക്കാണ് ഇളവ്. പ്രായത്തിന്റെ ആനുകൂല്യം വച്ച് ഒരവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചാണ് എക്‌സൈസ് കമീഷനറുടെ നടപടി.
ലഹരി മരുന്ന് കേസില്‍ പെട്ടാല്‍ പിന്നെ ചെറിയ അളവെന്നോ വന്‍ ലഹരി ഇടപാടെന്നോ വ്യത്യാസമില്ല. ലഹരി വസ്തുവുമായി ഒരു യുവാവിനെ പിടികൂടിയാല്‍ വൈദ്യപരിശോധിക്ക് വിധേയനാക്കും. ഇയാള്‍ ലഹരിക്കടിമയാണെന്ന് വ്യക്തമായാല്‍ ലഹരിവസ്തു കൈവശം വച്ചതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും ഈ രണ്ടു വകുപ്പുകള്‍ പ്രകാരം കേസെടുക്കും. തുടര്‍ന്ന് കുറ്റപത്രം നല്‍കി കോടതി നടപടികളിലേക്ക് നീങ്ങുകയാണ് നിലവിലെ രീതി.
ഇതിലാണ് ഇപ്പോള്‍ നേരിയ ഭേദഗതി. എന്‍ ടി പി എസ് നിയമത്തിലെ 64 പ്രകാരം ചെറുപ്പക്കാര്‍ ലഹരി വിമുക്തി നേടാന്‍ തയ്യാറാണെങ്കില്‍ ബോന്‍ഡ് വച്ച് അവരെ നല്ല നടപ്പിന് വിടാനുള്ള വ്യവസ്ഥയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കുന്നില്ല. 25 വയസില്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരെങ്കില്‍ കേസില്‍ കുരുക്കി ജീവിതം തീര്‍ത്ത് കളയാതിരിക്കാനാണ് കമീഷനറുടെ നടപടി. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യത്തില്‍ പെടുന്ന ചെറുപ്പക്കാര്‍ക്ക് ഒരു അവസരം കൂടി നല്‍കും.
എന്നാല്‍ കേസ് അവസാനിപ്പിക്കാന്‍ യുവാക്കള്‍ കടുത്ത നിബന്ധന പാലിക്കണം. സ്വമേധയാ ലഹരി ചികിത്സക്ക് വിധേയനാകണം. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചികിത്സക്ക് മുന്‍ കയ്യെടുക്കും. പൂര്‍ണമായും ലഹരിവിമുക്തനായെന്ന് വിമുക്തി ജില്ലാ മാനേജറുടെ റിപോര്‍ട് കിട്ടിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ അവാസാനിപ്പിക്കണം.
ചികിത്സ പൂര്‍ത്തിയാകാതെ കേസില്‍ പ്രതിയാകുന്ന ചെറുപ്പക്കാര്‍ ആശുപത്രി വിട്ടു പോവുകയോ, ലഹരി വിമുക്തനായശേഷം കേസില്‍പ്പെടുകയോ ചെയ്തതാല്‍ ഇയാള്‍ക്കെതിരായ നടപടി തുടരാനും എക്‌സൈസ് കമീഷനറുടെ ഉത്തരവില്‍ പറയുന്നു.
Keywords: news,Kerala,State,Top-Headlines,Trending,Drugs,case,Treat,Excise, Case, Excise with relaxation in cases against youth seeking drug addiction