Train | 'ഡ്യൂടി സമയം കഴിഞ്ഞു'! കാഞ്ഞങ്ങാട്ട് ട്രെയിന്‍ ട്രാക് മാറി നിര്‍ത്തി ലോകോ പൈലറ്റ് ഇറങ്ങിപ്പോയി; യാത്രക്കാർക്ക് പണികിട്ടി
മംഗ്ളുറു ഭാഗത്ത് നിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഗുഡ്‌സ് ട്രെയിന്‍.
കാഞ്ഞങ്ങാട്: (KasaragodVartha) ഡ്യൂടി സമയം കഴിഞ്ഞതോടെ ലോകോ പൈലറ്റ് ട്രാക് മാറി ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തി ഇറങ്ങിപ്പോയി. ഇതോടെ ഇതുവഴി പോകേണ്ട ട്രെയിനുകൾക്ക് മറ്റൊരു ട്രാകിലൂടെ കടന്നുപോകേണ്ട സ്ഥിതിയുണ്ടായി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മംഗ്ളുറു ഭാഗത്ത് നിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഗുഡ്‌സ് ട്രെയിന്‍.
ഗുഡ്‌സ് ട്രെയിൻ നിർത്തിയിടേണ്ടി ട്രാകിൽ മറ്റൊരു ട്രെയിൻ ഉണ്ടായിരുന്നതിനാൽ ഒന്നാം പ്ലാറ്റ് ഫോമിലേക്ക് പോകാൻ സിഗ്‌നൽ നൽകിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഡ്യൂടി സമയം കഴിഞ്ഞതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകേണ്ട പാസൻജർ ട്രെയിനുകള്‍ വരുന്ന ഒന്നാം പ്ലാറ്റ് ഫോമിൽ ചരക്ക് വണ്ടി നിർത്തി ലോകോ പൈലറ്റ് ഇറങ്ങിപ്പോയതായാണ് പറയുന്നത്.
ലോകോ പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ അലംഭാവമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. പാസൻജർ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നതോടെ മൂന്നാം പ്ലാറ്റ്ഫോമിലാണ് എത്തിയത്. യാത്രക്കാരെ ഇത് ആശയക്കുഴപ്പത്തിലും ദുരിതത്തിലുമാക്കി.