city-gold-ad-for-blogger
Aster MIMS 10/10/2023

ലോക എയ്ഡ്സ് ദിനാചരണം: കാസര്‍കോട് ജില്ലയില്‍ വിപുലമായ പരിപാടികള്‍

കാസര്‍കോട്: (www.kasargodvartha.com 29.11.2018) ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് എയ്ഡ്സ് പ്രതിരോധ ബോധവല്‍കരണത്തിനായി ലോക എയ്ഡ്സ് ദിനാചരണം നടത്തുന്നത്. ജില്ലയില്‍ നവംബര്‍ 30നും ഡിസംബര്‍ ഒന്നിനുമാണ് പരിപാടികള്‍. ഫ്ളാഷ് മോബ്, സാംസ്‌കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ റാലികള്‍, നാടന്‍ കലാ പരിപാടികള്‍, സെമിനാര്‍, ക്വിസ് മത്സരങ്ങള്‍, പൊതു സമ്മേളനങ്ങള്‍, പട്ടം പറത്തല്‍, ദീപം തെളിയിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ കാസര്‍കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി നടത്തും.

ജില്ലയില്‍ അടുത്ത കാലത്തായി എയ്ഡ്സ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ബോധവല്‍ക്കരണം കാര്യക്ഷമമായി നടത്തും. ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും തദ്ദേശ വാസികള്‍ക്കിടയിലും എച്ച്.ഐ വിവാഹകരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലെടുക്കുന്നതിലൂടെ രോഗവ്യാപനം തടയാം. ലൈംഗിക ബന്ധത്തിലുടെയല്ലാതെ ലഹരി കുത്തിവെക്കുന്നതിലൂടെയും വ്യാപകമായി എയ്ഡ്സ് പകരുന്നുണ്ട്.

'നിങ്ങളുടെ സ്റ്റാറ്റസ് അറിയുക' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന ആപ്തവാക്യം. ലോക എയ്ഡ്സ് ദിനത്തിന്റെ 30 ാം വാര്‍ഷികത്തില്‍ എച്ച്.ഐ.വി നിയന്ത്രണത്തില്‍ ഏറെ പുരോഗതി കൈവരിച്ചെങ്കിലും എച്ച്.ഐ.വി വാഹകരായിട്ടും ആ സ്ഥിതി അറിയാതെ ജീവിക്കുന്നവരെക്കൂടി എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാക്കി ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരെക്കൂടെ പങ്കാളികളാക്കും. ആഗോളതലത്തില്‍ 2030 ഓടുകൂടി അണുബാധഭൂമുഖത്തുനിന്നും തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം.  ഇതിന്റെ മുന്നോടിയായി 2020 ആവുമ്പോഴേക്കും 90-90-90 എന്ന ലക്ഷ്യം പ്രാപ്തമാക്കുവാനാണ് ആഹ്വാനം. എച്ച്.ഐ.വി അണുബാധിതരായുള്ള 90% ജനങ്ങളും അവര്‍ എച്ച്.ഐ.വി അണുബാധിതരാണ് എന്ന് തിരിച്ചറിയുക, എച്ച്.ഐ.വി അണുബാധിതരാണ് എന്ന് കണ്ടെത്തിയ 90% ആളുകള്‍ക്കും ആന്റി റിട്രോ വൈറല്‍ ചികിത്സ ഉറപ്പാക്കുക; ആന്റി റിട്രോ വൈറല്‍ ചികിത്സ ലഭ്യമാക്കിയിട്ടുള്ള 90% അണുബാധിതരിലും എച്ച്.ഐ.വി രോഗാണുവിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രണ വിധേയമാക്കുക.

നവംബര്‍ 30ന് രാവിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്പോട്ട് ക്വിസ് മത്സരം നടത്തും. വൈകിട്ട് അഞ്ചിന് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് റാലി ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. റാലിയില്‍ നവോദയ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ ബാന്റ് മേളം അവതരിപ്പിക്കും. ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ബീച്ചില്‍ പടന്നക്കാട് കാര്‍ഷിക കോളേജിന്റെ കീഴില്‍ പട്ടം പറത്തല്‍, സ്‌കിറ്റ് അവതരണം, ഫ്ളാഷ് മോബ് എന്നിവ നടത്തും

2017-ലെ കണക്ക് പ്രകാരം 3.69 കോടി ജനങ്ങളാണ് ആഗോളതലത്തില്‍ എച്ച്.ഐ.വി അണുബാധിതരായിട്ടുള്ളത്. അതില്‍ 75% ജനങ്ങള്‍ക്ക് മാത്രമേ തങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയുകയുള്ളൂ. എച്ച്.ഐ.വി അണുബാധിതരായിട്ടുള്ളവരില്‍ 79% പേര്‍ മാത്രമേ ആന്റി റട്രോ വൈറല്‍ ചികിത്സ എടുക്കുന്നുള്ളൂ. ഇവരില്‍ 81% പേര്‍ക്കുമാത്രമേ അണുവിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ സാഹചര്യം മാറ്റി 90-90-90 എന്ന ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തേണ്ടത്. 2030-ഓടുകൂടി എച്ച്.ഐ.വി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ 'നിങ്ങളുടെ സ്റ്റാറ്റസ് അറിയുക' എന്ന മുദ്രാവാക്യത്തിന് ഏറെ പ്രധാന്യമുണ്ട്. ആദ്യത്തെ 90 എന്ന ലക്ഷ്യം നിറവേറ്റാന്‍ എച്ച്.ഐ.വി പരിശോധന പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന നിന്ദയും വിവേചനവുമാണ് എച്ച്.ഐ.വി പരിശോധനയ്ക്ക് മുന്നിലേക്ക് വരാന്‍ ആളുകള്‍ മടിക്കുന്നത്. ഈ സ്ഥിതി മാറി ഗോപ്യമായുള്ള എച്ച്.ഐ.വി പരിശോധന ഉറപ്പാക്കണം. ഇതിനായി നയപരമായ ഇച്ഛാശക്തിയും പ്രവര്‍ത്തനവും ന്യൂതനമായ പരിശോധന സംവിധാനങ്ങളുമാണ് ആവശ്യം. സ്വയം പരിശോധന, സാമൂഹികാധിഷ്ഠിത പരിശോധന, വിവിധവ്യാധി പരിശോധന തുടങ്ങിയവയാണ് പ്രധാന പരിശോധനാമാര്‍ഗ്ഗങ്ങള്‍.
ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2017-ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 21.40 ലക്ഷം എച്ച്.ഐ.വി അണുബാധിതരുണ്ട്. രാജ്യത്തെ എച്ച്.ഐ.വി അണുബാധിതരില്‍ 9.08 ലക്ഷംപേര്‍ സ്ത്രീകളാണ്. ശതമാനം സ്ത്രീകളാണ്.  മാര്‍ച്ച് 2018-ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 11.81 ലക്ഷം പേര്‍ സര്‍ക്കാരിന്റെ എയ്ഡ്സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്.

ഇന്ത്യയില്‍ 2017-ല്‍ ഉണ്ടായിട്ടുള്ള പുതിയ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം 87,580 ആണ്. ഇതില്‍ 40% സ്ത്രീകളാണ്.
കേരളത്തില്‍ എച്ച്.ഐ.വി അണുബാധിതരായി 30,305 പേരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ 0.12 ശതമാനമാണ്. ഇത് ദേശീയതലത്തില്‍ 0.26 ശതമാനമാണ്. സംസ്ഥാനത്ത് 530 ജ്യോതിസ് കേന്ദ്രങ്ങള്‍ (ICTC) പ്രവര്‍ത്തിക്കുന്നു. അതില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 148 എണ്ണം കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും 280 എണ്ണം സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടുകൂടിയും 100.എണ്ണം സ്വാകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ രണ്ട് മൊബൈല്‍ ഐ.സി.ടി.സികളും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ ഉണ്ട്. ഇവിടെ എച്ച്.ഐ.വി പരിശോധനയും കൗണ്‍സലിംഗും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എച്ച്.ഐ.വി അണുബാധയുണ്ടെന്നു കണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി ഏ.ആര്‍.ടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പാലക്കാട് കണ്ണൂര്‍, കൊല്ലം ജില്ലാ ആശുപത്രികളിലും, കാസര്‍കോട്, എറണാകുളം ജനറല്‍ ആശുപത്രികളിലും, ഉഷസ് കേന്ദ്രങ്ങള്‍ (ART Centres) പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പത്തനംതിട്ട, മലപ്പുറത്തെ തിരൂര്‍, മഞ്ചേരി, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയിലെ പൈനാവ്, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ ആശുപത്രികളിലും നെയ്യാറ്റിന്‍കര, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികളിലും, ലിങ്ക് എ.ആര്‍.ടി. സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 2018-ലെ കണക്കനുസരിച്ച് 23,027 എച്ച്.ഐ.വി അണുബാധിതരാണ് ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ എ.ആര്‍.ടി ചികിത്സയിലുള്ളത് 13,735 പേരാണ്.
പുലരി കേന്ദ്രങ്ങളിലൂടെ (STI Clinics) ജനനേന്ദ്രീയ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും, പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളിലും 23 പുലരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എച്ച്.ഐ.വി അണുബാധാസാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 59 സുരക്ഷ പദ്ധതികള്‍ (Targeted Interv--ention Projestc), അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സ്ത്രീ ലൈംഗികതൊഴിലാളികള്‍, പുരുഷ സ്വവര്‍ഗാനുരാഗികള്‍, മയക്കുമരുന്നു കുത്തിവയ്ക്കുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവര്‍ക്കിടയിലൊക്കെ എച്ച്.ഐ.വി അണുബാധാഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ പരിശീലനവും സുരക്ഷപദ്ധതിയിലൂടെ നടപ്പിലാക്കിവരുന്നു. ലക്ഷ്യ ഗ്രൂപ്പുകളില്‍പെടുന്നവര്‍ അംഗങ്ങളായുള്ള സാമൂഹ്യാധിഷ്ഠിതസംഘടനകള്‍ തന്നെയാണ് പല സുരക്ഷപദ്ധതികളും നടപ്പിലാക്കുന്നത്.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നു.
ലോക എയ്ഡ്സ് ദിനാചരണം: കാസര്‍കോട് ജില്ലയില്‍ വിപുലമായ പരിപാടികള്‍

സംസ്ഥാനത്ത് 177 അംഗീകൃത രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 37 എണ്ണം സര്‍ക്കാര്‍ മേഖലയിലും ബാക്കിയുള്ളവ സഹകരണ മേഖലയിലും സ്വകാര്യമേഖലയിലുമായി പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം ശരാശരി 4.20 ലക്ഷം യൂണിറ്റ് രക്തം നമ്മുടെ സംസ്ഥാനത്ത് ആവശ്യമായി വരുന്നു. ഇത് 100% സന്നദ്ധ രക്തദാനത്തിലൂടെ സാധ്യമാക്കുവാന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

എച്ച്.ഐ.വി പോലെയുള്ള അണുബാധകള്‍ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. രക്തപരിശോധനയിലൂടെ മാത്രമേ എച്ച്.ഐ.വി അണുബാധ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എച്ച്.ഐ.വി-യ്ക്കെതിരായ പ്രതിവസ്തു (antibody) രക്തത്തില്‍ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്.  സാധാരണഗതിയില്‍ ഈ പ്രതിവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുവാന്‍ മൂന്നുമാസംവരെ സമയമെടുക്കും. ഈ കാലയളവിനെ ജാലകവേള (window period) എന്നു പറയുന്നു. ആദ്യപരിശോധനയില്‍ എച്ച്.ഐ.വി അണുബാധ ഉണ്ട് എന്ന് കണ്ടെത്തുകയാണെങ്കില്‍ രണ്ടുടെസ്റ്റുകളും കൂടി ചെയ്തുനോക്കുകയും ഈ മൂന്നു പരിശോധനകളുടെയും ഫലം പോസിറ്റീവ് ആണെങ്കില്‍ ആ വ്യക്തി എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്തെ രക്തബാങ്കുകളില്‍ റാപ്പിഡ് ടെസ്റ്റിനുപകരം കൂടുതല്‍ സൂക്ഷ്മ സംവേദനക്ഷമതയുള്ള എലിസ പരിശോധനയാണ് നടത്തുന്നത്.  ഇതില്‍ രോഗാണുവിന്റെ സാന്നിദ്ധ്യം നേരിട്ട് പരിശോധിച്ച് ഉറപ്പാക്കുവാന്‍ സാധിക്കും. ഈ പരിശോധനയിലും എച്ച്.ഐ.വി ബാധിച്ച് മൂന്ന് ആഴ്ചയ്ക്ക് ശേഷമേ അണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ. സെന്‍ട്രല്‍ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് പ്രകാരം എല്ലാ രക്തബാങ്കുകളിലും എലിസ പരിശോധന നിര്‍ബന്ധമായും നടത്തിയിരിക്കണം. ഇത് നടത്തുന്നുവെന്ന് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഉറപ്പുവരുത്തുന്നുണ്ട്. ന്യൂക്ലിക് ആസിഡ് ടെസ്റ്റ് എന്ന എച്ച്.ഐ.വി പരിശോധനയിലെ ജാലകവേള അഞ്ച് ദിവസം മുതല്‍ രണ്ട് ആഴ്ച വരെയാണ്.  നിലവില്‍ ഈ പരിശോധന സൗകര്യം എറണാകുളം ഐ.എം.എ ബ്ലഡ് ബാങ്കില്‍ ഉണ്ട്. എല്ലാ സര്‍ക്കാര്‍ രക്തബാങ്കുകളിലും ഇത് നടപ്പിലാക്കുന്നതിനുളള ശ്രമങ്ങള്‍ ഉണ്ട്.

കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ലബ്ബുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സന്നദ്ധ രക്തദാനത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്. കൂടാതെ ജീവിതനൈപുണ്യം കൈവരിക്കുന്നതിനും എച്ച്.ഐ.വി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും കോളേജ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റെഡ് റിബണ്‍ ക്ലബ്ബുകള്‍ നടത്തിവരുന്നത്.

പഞ്ചായത്തുകളുടെ സഹായത്തോടെ പോഷകാഹാര വിതരണ പദ്ധതി, സര്‍ക്കാര്‍ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി, സൗജന്യ ചികിത്സയും പരിശോധനകളും, സൗജന്യ പാപ്സ്മിയര്‍ (ഗര്‍ഭാശയ ക്യാന്‍സര്‍) പരിശോധന, 'സ്നേഹപൂര്‍വ്വം' വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. കേരള സാമൂഹ്യസുരക്ഷാ മിഷന്റെ സഹായത്തോടെ ആശുപത്രികളില്‍ പരിചരണം ആവശ്യമായ നിരാലംബരായ എച്ച്.ഐ.വി അണുബാധിതര്‍ക്ക് കൂട്ടിരിക്കുന്നതിനായി സഹായിയെ നല്‍കുന്നതിനുള്ള ട്രീറ്റ്മെന്റ് കെയര്‍ ടീം രൂപീകരിച്ചിട്ടുണ്ട്.  ഇതുകൂടാതെ എല്ലാ എച്ച്.ഐ.വി അണുബാധിതരെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. എങ്കിലും നിലവില്‍ ഒരു മാസം ശരാശരി 100 പുതിയ എച്ച്.ഐ.വി. ബാധിതര്‍ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നുണ്ട്. ഡി.എം ഒ. ഡോ. എ.പി ദിനേശ് കുമാര്‍, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ആമിന മുണ്ടോള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

2005 മുതല്‍ 2018 സെപ്റ്റംബര്‍ വരെയുളള സ്ഥിതിവിവര കണക്കുകള്‍

വര്‍ഷം, എച്ച്.ഐ.വി. പരിശോധനയ്ക്ക് വിധേയമായവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍, പുരുഷന്‍- സ്ത്രീ, ആകെ, പുരുഷന്‍-സ്ത്രീ, ആകെ
2005-8094-22502-30596-1476-1151-2627
2006-17425-71312-88737-1858-1490-3348
2007-39609-113286-152895-2247-1725-3972
2008-44009-137303-181312-1652-1096-2748
2009-72127-167886-240013-1540-1052-2592
2010-105213-202961-308174-1402-940-2342
2011-138787-253983-392770-1314-846-2160
2012-166361-270196-436557-1135-774-1909
2013-175442-284102-459544-1136-604-1740
2014-200821-311180-512001-1066-684-1750
2015-205533-269881-475414-951-543-1494
2016-253113-410884-663997-922-516-1438
2017- 268525-419020-687545-813-486-1299
2018- സെപ്റ്റംബര്‍ വരെ-212919-456703-669622-566-320-886

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, AIDS, കേരള വാര്‍ത്ത, Top-Headlines, World AIDS Day; Programs in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL